ഉദയിനിധിയുടെ 'മൂഡ്' പരാമർശം; വിജയ്‌ക്കെതിരായ അധിക്ഷേപത്തിൽ അമർഷം, അശ്ലീലച്ചുവയുള്ള പ്രസംഗമെന്ന് വിമർശനം
text_fieldsതമിഴ്നാട് പ്രതിപക്ഷ നേതാവ് ഉദയിനിധി സ്റ്റാലിൻ
ചെന്നൈ: തമിഴ്നാട്ടിൽ രണ്ട് മണ്ഡലങ്ങളിൽ ഉപതെരഞ്ഞെടുപ്പ് പ്രചാരണം തുടരുന്നതിനിടെ വീണ്ടും പ്രതിപക്ഷ നേതാവ് ഉദയിനിധി സ്റ്റാലിന്റെ വിവാദ പ്രസംഗം. ധരാപുരത്ത് തെരഞ്ഞെടുപ്പ് പ്രചാരണയോഗത്തിൽ പ്രസംഗിക്കുന്നതിനിടെയാണ് മുഖ്യമന്ത്രി വിജയ്ക്ക് എതിരെ ഉദയിനിധി നടത്തിയ 'മൂഡ്' പരാമർശമാണ് വിവാദത്തിലായത്. പ്രസംഗം ചർച്ചയായതോടെ പ്രതിപക്ഷ നേതാവ് ഉദയനിധിയല്ല, അശ്ലീലനിധിയാണെന്നും വിമർശിച്ച് ടി.വി.കെയും രംഗത്തുവന്നു.
നിയമസഭ ഉപതെരഞ്ഞെടുപ്പ് പ്രചാരണത്തിൽ മുഖ്യമന്ത്രി വിജയും പ്രതിപക്ഷ നേതാവ് ഉദയനിധി സ്റ്റാലിനും തമ്മിലുള്ള പോരാട്ടമാണ്. ഡി.എം.കെയുടെ തെരഞ്ഞെടുപ്പ് പ്രചാരണങ്ങളിലെല്ലാം മുഖ്യമന്ത്രി വിജയുടെ വ്യക്തിജീവിതവും ചർച്ചയാകുന്നുണ്ട്. ഇതിനിടെയാണ് ഉദയനിധി സ്റ്റാലിന്റെ മൂഡ് പരാമർശം വിവാദത്തിലായത്. 'മുഖ്യമന്ത്രിക്ക് കടൽക്കരയിൽ പുതിയ നിയമസഭാ മന്ദിരം വേണം. സഭയിൽ ഇരുന്നാൽ അദ്ദേഹത്തിന് ബീച്ച് കാണണം. ബീച്ച് കണ്ടാലേ അദ്ദേഹത്തിന് മൂഡ് വരൂ. ശ്ശേ... ആ മൂഡല്ല, ഇത് ജോലി ചെയ്യാനുള്ള മൂഡ്' എന്നായിരുന്നു ഉദയനിധി വാക്കുകൾ.
'നിങ്ങൾ ഓരോന്ന് പറഞ്ഞിട്ട് പോകും, അയാൾക്ക് കോപം വന്നാൽ തനിക്കെതിരേ കേസെടുക്കും' എന്നായിരുന്നു ഉദയനിധിയുടെ തുടർന്നുള്ള വാക്കുകൾ. ഉദയനിധി പ്രസംഗത്തിനിടെ മൂഡ് പരാമർശം നടത്തിയപ്പോൾ പ്രചാരണവാഹനത്തിൽ കൂടെയുണ്ടായിരുന്ന വനിതാ സ്ഥാനാർഥിയുടെ മുഖഭാവങ്ങളും സാമൂഹികമാധ്യമങ്ങളിൽ ചർച്ചയായിട്ടുണ്ട്. ഉദയനിധിയുടെ പരാമർശം നടത്തുമ്പോൾ വനിതാ സ്ഥാനാർഥി നാണത്തോടെ തലതാഴ്ത്തുന്നതും ചിരിക്കുന്നതുമാണ് ടി.വി.കെ പ്രവർത്തകർ ചൂണ്ടിക്കാണിക്കുന്നത്.
അണ്ണാ ഡി.എം.കെയുടെ പ്രചാരണയോഗങ്ങളിലും മുഖ്യമന്ത്രിയുടെ വ്യക്തിജീവിതവും ലണ്ടൻ യാത്രയും പ്രചാരണവിഷയങ്ങളാണ്. മുഖ്യമന്ത്രിയും സുഹൃത്തായ നടിയും ലണ്ടനിൽ ഒരുമിച്ച് യാത്രപോയതാണ് അണ്ണാ ഡി.എം.കെ നേതാവായ എടപ്പാടി പളനിസ്വാമി തെരഞ്ഞെടുപ്പ് പ്രചാരണയോഗത്തിൽ ചൂണ്ടിക്കാട്ടിയത്. അതേസമയം, മുഖ്യമന്ത്രിക്കെതിരായ വ്യക്തിപരമായ ആക്ഷേപങ്ങൾക്കും അശ്ലീലച്ചുവയുള്ള പരാമർശങ്ങൾക്കും എതിരേ ടി.വി.കെയും രംഗത്തുവന്നിട്ടുണ്ട്. അശ്ലീലച്ചുവയുള്ള പരാമർശം നടത്തിയതിന് ഒരിക്കൽ അറസ്റ്റിലായിട്ടും ഉദയനിധി നാവിന് വിലങ്ങുന്നിടില്ലെന്നും ടി.വി.കെ നേതാക്കൾ പറഞ്ഞു.
അതിനിടെ, മധുരാന്തകത്ത് ഡി.എം.കെ വിജയിച്ചാൽ മന്ത്രി പദവി രാജിവെയ്ക്കുമെന്ന പരസ്യവെല്ലുവിളിയുമായി ടി.വി.കെ നേതാവ് ആധവ് അർജുനയും രംഗത്തുവന്നിട്ടുണ്ട്. തമിഴ്നാട്ടിലെ മധുരാന്തകം, ധാരാപുരം നിയോജകമണ്ഡലങ്ങളിൽ ഒക്ടോബർ ആറിനാണ് ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്. അണ്ണാ ഡി.എം.കെ ടിക്കറ്റിൽ മത്സരിച്ച് വിജയിച്ച എം.എൽ.എമാർ പിന്നീട് പാർട്ടിവിട്ട് ടി.വി.കെയിൽ ചേർന്നതോടെയാണ് ഇവിടെ ഉപതെരഞ്ഞെടുപ്പിന് കളമൊരുങ്ങിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

