‘വോട്ടർപട്ടികയിൽനിന്ന് നീക്കിയ 13 കോടി ജനങ്ങൾ ബംഗ്ലാദേശികളോ?’; മോദിയെയും അമിത് ഷായെയും രൂക്ഷമായി വിമർശിച്ച് ഉദ്ധവ് താക്കറെ
text_fieldsമുംബൈ: ശിവസേന സ്ഥാപകൻ ബാലാ സാഹെബ് താക്കറെയുടെ ജന്മശതാബ്ദിയും പാർട്ടിയുടെ 60-ാം സ്ഥാപക വർഷവും ഒത്തുവന്ന ദസറ ദിനത്തിൽ, പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ആഭ്യന്തര മന്ത്രി അമിത് ഷായ്ക്കുമെതിരെ ആഞ്ഞടിച്ച് ഉദ്ധവ് താക്കറെ.
‘എസ്.ഐ.ആർ നടപടികളിലൂടെ 13 കോടി ജനങ്ങളെയാണ് വോട്ടർപട്ടികയിൽ നിന്ന് നീക്കം ചെയ്തിരിക്കുന്നത്. ഇത്രയും പേർ ബംഗ്ലാദേശികളാണോ?… ലജ്ജാകരം. അതെ, ഞങ്ങൾ ഭരണമാറ്റത്തിനാണ് നിലകൊള്ളുന്നത്’ -മുംബൈയിലെ ശിവാജി പാർക്കിൽ നടന്ന റാലിയിൽ ശിവസേന (യു.ബി.ടി) അധ്യക്ഷനും മഹാരാഷ്ട്ര മുൻ മുഖ്യമന്ത്രിയുമായ ഉദ്ധവ് പറഞ്ഞു.
ഞങ്ങളുടെ വോട്ടവകാശമാണ് നിങ്ങൾ കവർന്നെടുക്കുന്നതെങ്കിൽ, പിന്നെ ഭരണമാറ്റം ആവശ്യപ്പെടുകയല്ലാതെ ഞങ്ങൾ എന്തുചെയ്യാനാണ്? ഭരണമാറ്റം കൊണ്ടുവരാൻ ഞങ്ങൾ മുന്നോട്ടുവന്നിരിക്കുന്നു.
പ്രതിഷേധിക്കുന്ന യുവാക്കളെ അർബൻ നക്സലുകൾ എന്നും ദിമാംഗി നക്സലുകൾ എന്നും മുദ്രകുത്തി വേട്ടയാടുന്ന ബി.ജെ.പി നടപടിയെയും അദ്ദേഹം വിമർശിച്ചു. യുവാക്കളെ ‘അർബൻ നക്സലുകൾ’ എന്ന് ആക്ഷേപിച്ചു തള്ളിക്കളയുകയല്ല, മറിച്ച് അവരുടെ ശബ്ദം കേൾക്കാൻ തയാറാകണമെന്നും ആവശ്യപ്പെട്ടു.
60 വർഷങ്ങൾക്ക് മുമ്പ് ഇതേ ശിവാജി പാർക്കിലാണ് ആദ്യത്തെ ദസറ റാലി നടന്നതെന്ന് പറഞ്ഞ അദ്ദേഹം, മഹാരാഷ്ട്രയിലെ നിയമസഭയിൽ മാത്രമല്ല, ഡൽഹിയിലെ ചെങ്കോട്ടയിലും നമ്മൾ ശിവസേനയുടെ കാവിപ്പതാക ഉയർത്തണമെന്ന് ആഹ്വാനം ചെയ്തു.
രാജ്യം പ്രതിസന്ധിയിലാകാൻ കാരണം നരേന്ദ്ര മോദിയെയും അമിത് ഷായുമാണെന്ന് ഉദ്ധവ് താക്കറെ കുറ്റപ്പെടുത്തി. കഴിഞ്ഞ 12 വർഷമായി മോദി രാജ്യത്തെ വഞ്ചിക്കുകയാണ്. അതിനുള്ള വില അദ്ദേഹം നൽകേണ്ടിവരും.
കൈകളിൽ തൊഴിലില്ല, പകരം ജയ് ശ്രീറാം പറയുക എന്ന രീതിയാണ് ബി.ജെ.പിയുടേത്. വോട്ടുകളും ജനാധിപത്യവും മോഷ്ടിച്ചാണ് ബി.ജെ.പി അധികാരത്തിൽ തുടരുന്നത്. വർഗീയതയും ജാതീയതയും വളർത്താനാണ് ബി.ജെ.പി ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
രാജ്യത്ത് ചാതുർവർണ്യ വ്യവസ്ഥ തിരികെ കൊണ്ടുവരാനാണ് ബി.ജെ.പിയുടെ ശ്രമം. അവർ കാവി നിറത്തെക്കുറിച്ച് സംസാരിക്കുന്നു. എന്നാൽ, ബുദ്ധമതക്കാർക്ക് അത് നീലയാണ്, മുസ്‍ലിംകൾക്ക് അത് പച്ചയാണ്, മറ്റുള്ളവർക്ക് അത് വെള്ളയായിരിക്കാം.
രാഷ്ട്രീയ എതിരാളികളെ പണം നൽകി വിലയ്ക്കെടുക്കുന്ന ബി.ജെ.പിയുടെ കുതിരക്കച്ചവടത്തെയും ചോദ്യംചെയ്തു. കർഷകർ കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുമ്പോൾ എം.എൽ.എമാരെ ചാക്കിട്ടുപിടിക്കാൻ കോടികളാണ് ഒഴുക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
ഡോ. ബി.ആർ. അംബേദ്കറുടെ ‘ജാതിവ്യവസ്ഥയുടെ ഉന്മൂലനം’ മഹാത്മാ ഫുലെയുടെ ‘ഗുലാമഗിരി’ തുടങ്ങിയ കൃതികളെയും ഉദ്ധവ് തന്റെ പ്രസംഗത്തിൽ പരാമർശിച്ചു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

