എങ്ങനെ ഭരണം നടത്തണമെന്ന് ഉദ്ധവ് താക്കറെ ഫഡ്‌നാവിസിൽ നിന്ന് പഠിക്കണം -നവനീത് റാണ
text_fieldsനവനീത് റാണ
മുംബൈ: മുൻ മുഖ്യമന്ത്രിയും ബി.ജെ.പി സംസ്ഥാന അധ്യക്ഷനുമായ ദേവേന്ദ്ര ഫഡ്നാവിസിൽ നിന്ന് മുഖ്യമന്ത്രി ഉദ്ധവ് താക്കറെ എങ്ങനെ മികച്ച രീതിയിൽ ഭരണം നടത്താമെന്ന് പഠിക്കണമെന്ന് അമരാവതി എം.പി നവനീത് റാണ. പിതാവ് ബാൽ താക്കറെ കാരണമാണ് ഉദ്ധവ് താക്കറെക്ക് ഭരണം ലഭിച്ചതെന്നും അവർ കൂട്ടിച്ചേർത്തു.
മുഖ്യമന്ത്രിയുടെ വസതിക്ക് മുന്നിൽ ഹനുമാൻ ചാലിസ ചൊല്ലുമെന്ന് വെല്ലുവിളിച്ചതിനെ തുടർന്ന് നവനീത് റാണയും ഭർത്താവും എം.എൽ.എയുമായ രവി റാണയും അറസ്റ്റിലായിരുന്നു. പുറത്തിറങ്ങിയ ഇരുവരും ജയിലിൽ ഉദ്യോഗസ്ഥർ തങ്ങളോട് മോശമായി പെരുമാറിയെന്ന് ആരോപിച്ചിരുന്നു. ഇക്കാര്യം പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും ആഭ്യന്തരമന്ത്രി അമിത് ഷായുടെയും ശ്രദ്ധയിൽ പെടുത്തുമെന്നും നവനീത് റാണ പറഞ്ഞു.
ഡൽഹിയിലേക്ക് പോകുകയാണ്. അറസ്റ്റ് ചെയ്തതത് മുതൽ ജയിൽ വരെ നേരിട്ട എല്ലാ പ്രശ്നങ്ങളും നേതാക്കളോട് വിവരിക്കും. വരാനിരിക്കുന്ന തദ്ദേശ തെരഞ്ഞെടുപ്പിൽ തന്‍റെ പാർട്ടി ശിവസേനയെ പാഠം പഠിപ്പിക്കുമെന്നും അവർ മുന്നറിയിപ്പ് നൽകി.
മുഖ്യമന്ത്രിയുടെ വസതിക്ക് പുറത്ത് ഹനുമാൻ ചാലിസ ചൊല്ലുമെന്ന് വെല്ലുവിളിച്ചതിനെ തുടർന്ന് എം.പി- എം.എൽ.എ ദമ്പതികളെ ഏപ്രിൽ 23നാണ് മുംബൈ പൊലീസ് അറസ്റ്റ് ചെയ്തത്. കേസിൽ ജാമ്യം ലഭിച്ച ഇരുവരും വ്യാഴാഴ്ചയാണ് ജയിൽ മോചിതരായത്.