'കാവിക്കൊടി കൈകളിൽ മാത്രമല്ല, ഹൃദയത്തിലും വേണം'; ബി.ജെ.പിയെ പരിഹസിച്ച് ഉദ്ധവ് താക്കറെ
text_fieldsമുംബൈ: ബി.ജെ.പിയെയും മഹാരാഷ്ട്ര മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെ വിഭാഗത്തെയും പരിഹസിച്ച് ശിവസേന തലവൻ ഉദ്ധവ് താക്കറെ.
കാവിക്കൊടി ഒരാളുടെ കൈകളിൽ മാത്രമല്ല, ഹൃദയത്തിലും വേണമെന്ന് ഉദ്ധവ് പറഞ്ഞു. മുംബൈയിലെ വസതിയിൽ പാർട്ടി പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. 'രാജ്യത്ത് ജനാധിപത്യവും ഹിന്ദുത്വവും സംരക്ഷിക്കാൻ ദൈവം നമുക്ക് നൽകിയ അവസരമാണിത്. കാവിക്കൊടി ഒരാളുടെ കൈകളിൽ മാത്രമാകരുത്, അത് ഒരാളുടെ ഹൃദയത്തിലും വേണം. അതന്റെ ഹൃദയത്തിലാണ്' -ഉദ്ധവ് പറഞ്ഞു.
അധികാരത്തിനുവേണ്ടി കോൺഗ്രസുമായും എൻ.സി.പിയുമായും കൈകോർത്ത് ഉദ്ധവ് താക്കറെ ഹിന്ദുത്വ ആശയങ്ങളിൽ വിട്ടുവീഴ്ച ചെയ്തെന്നാണ് ബി.ജെ.പിയുടെയും ഏകനാഥ് ഷിൻഡെ വിഭാഗത്തിന്‍റെയും ആരോപണം. ദസറയുടെ ഭാഗമായി ഒക്ടോബർ അഞ്ചിന് ശിവാജി പാർക്കിൽ നടക്കുന്ന പരിപാടിയിലേക്ക് സമാധാനപരമായി എത്തണമെന്ന് ഉദ്ധവ് പ്രവർത്തകരോട് അഭ്യർഥിച്ചു.
ആരാണ് യഥാർഥ ശിവസേന എന്ന നിയമപോരാട്ടത്തിൽ നമ്മൾ കോടതിയിലും തെരഞ്ഞെടുപ്പ് കമീഷന് മുന്നിലും ജയിക്കണമെന്നും അദ്ദേഹം പറഞ്ഞു. യഥാർഥ ശിവസേനയായി തങ്ങളെ പ്രഖ്യാപിക്കണമെന്നുള്ള ഷിൻഡെ വിഭാഗത്തിന്‍റെ ആവശ്യത്തിൽ തീരുമാനമെടുക്കുന്നതിൽനിന്ന് തെരഞ്ഞെടുപ്പ് കമീഷനെ തടയണമെന്ന ഉദ്ധവ് പക്ഷത്തിന്‍റെ ആവശ്യം കഴിഞ്ഞദിവസം സുപ്രീംകോടതി തള്ളിയിരുന്നു.
ഇക്കാര്യത്തിൽ ഇടപെടാനില്ലെന്ന് സുപ്രീംകോടതി ഭരണഘടനാ ബെഞ്ച് വ്യക്തമാക്കുകയായിരുന്നു. ഇതോടെ ആരാണ് ശിവസേനയെന്ന് തെരഞ്ഞെടുപ്പ് കമീഷന് തീരുമാനിക്കാനാകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

