‘അമിത് ഷാ അനക്കോണ്ട, ബി.ജെ.പി മുംബൈയെ വിഴുങ്ങാൻ ശ്രമിക്കുന്നു’; കടന്നാക്രമിച്ച് ഉദ്ധവ് താക്കറെ
text_fieldsമുംബൈ: ബി.ജെ.പിക്കും നേതാക്കൾക്കുമെതിരെ അതിരൂക്ഷ വിമർശനവുമായി ശിവസേന (യു.ബി.ടി) തലവൻ ഉദ്ധവ് താക്കറെ. വർലിയിൽ നടന്ന പാർട്ടി പരിപാടിയിൽ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായെ ‘അനക്കോണ്ട’യോടാണ് താക്കറെ ഉപമിച്ചത്.
രാഷ്ട്രീയ കൃത്രിമത്വത്തിലൂടെയും ഭൂമി കൈയേറ്റത്തിലൂടെയും ബി.ജെ.പി മുംബൈയെ ‘വിഴുങ്ങാൻ’ ശ്രമിക്കുന്നുവെന്നും അത്തരത്തിലുള്ള ഏതു നീക്കത്തെയും ചെറുക്കുമെന്നും അദ്ദേഹം അണികൾക്കു മുമ്പാകെ പറഞ്ഞു.
മിന്നൽ വേഗത്തിൽ ഭൂമി കൈയേറിക്കൊണ്ട് നിർമിക്കാൻ ഒരുങ്ങുന്നുവെന്ന് ആരോപിക്കപ്പെടുന്ന പുതിയ ബി.ജെ.പി ഓഫിസിനെക്കുറിച്ചുള്ള ശിവസേന (യു.ബി.ടി) മുഖപത്രമായ സാംനയിലെ ഒരു റിപ്പോർട്ട് എടുത്തുദ്ധരിച്ചുകൊണ്ടായിരുന്നു ആക്രമണം.
‘ജിജാമാതാ’ ഉദ്യാനിൽ അടുത്തിടെ അവതരിപ്പിച്ച അനക്കോണ്ടയെയും അമിത് ഷായെയും താക്കറെ വ്യക്തമായി താരതമ്യം ചെയ്തു. ‘ഒരു അനക്കോണ്ട പാമ്പിനെപ്പോലെ, ഷാ മുംബൈയെ പിടിച്ച് അവിടെ ഇരുന്നു വിഴുങ്ങുകയാണ് എന്ന് അദ്ദേഹം പറഞ്ഞു. മുംബൈ പിടിച്ചെടുക്കാൻ യഥാർത്ഥ ‘അബ്ദാലികൾ’ വന്നിരിക്കുന്നുവെന്നും ബി.ജെ.പി നേതാക്കളെ അഫ്ഗാൻ അധിനിവേശക്കാരനായ അഹമ്മദ് ഷാ അബ്ദാലിയോട് ഉപമിച്ചുകൊണ്ട് താക്കറെ പരിഹസിച്ചു.
‘യഥാർത്ഥ അബ്ദാലികൾ വീണ്ടും വന്നിരിക്കുന്നു. ഇത്തവണ ഡൽഹിയിൽ നിന്നും ഗുജറാത്തിൽ നിന്നുമാണ്. പക്ഷേ, അവർ നമ്മുടെ നഗരം പിടിച്ചെടുക്കാൻ ശ്രമിച്ചാൽ അവരുടെ ശവകുടീരം നമ്മുടെ മണ്ണിൽ പണിയുമെന്നും’ അദ്ദേഹം മുന്നറിയിപ്പ് നൽകി.
മഹാരാഷ്ട്രയിലെ രാഷ്ട്രീയ-സാമ്പത്തിക കൊള്ളയെ ചരിത്ര വ്യക്തികളുമായി ബന്ധപ്പെടുത്തിയ താക്കറെ മറ്റൊരു ഗുജറാത്തി നേതാവായ മൊറാർജി ദേശായി തന്റെ ഭരണകാലത്ത് മഹാരാഷ്ട്രയിലെ പ്രതിഷേധക്കാരെ വെടിവെക്കാൻ ഉത്തരവിട്ടിരുന്നുവെന്നും ആരോപിച്ചു.
വർലിയിലെ വോട്ടർ പട്ടികയിലെ ക്രമക്കേടുകൾ ഉയർത്തിക്കൊണ്ട്, മഹാരാഷ്ട്രയിൽ വോട്ടർ പട്ടിക വൃത്തിയാക്കുന്നതുവരെ തെരഞ്ഞെടുപ്പ് നടത്താൻ അനുവദിക്കില്ലെന്ന് താക്കറെ കമീഷന് മുന്നറിയിപ്പും നൽകി. ഞങ്ങൾ അധികാരത്തിൽ വന്നാൽ വോട്ടർ പട്ടിക ക്രമക്കേടിൽ കമീഷന് പങ്കുണ്ടെന്ന് കണ്ടെത്തിയാൽ അഴിമതി നടത്തിയതിന് ഞങ്ങളവരെ ശിക്ഷിക്കും. ജനാധിപത്യത്തിൽ എല്ലാവരും തുല്യരാണ്. ആരും നിയമത്തിന് അതീതരല്ലെന്നും അദ്ദേഹം പറഞ്ഞു.
തന്റെ രാഷ്ട്രീയ എതിരാളികളെ വെല്ലുവിളിച്ചുകൊണ്ട് ‘വോട്ട് ചോരി’യിലൂടെ അല്ലാതെ ന്യായമായ പോരാട്ടത്തിലൂടെ പ്രതിപക്ഷത്തെ നേരിടാൻ ബി.ജെ.പിയെ താക്കറെ വെല്ലുവിളിച്ചു. മുംബൈയിൽ രാഷ്ട്രീയമായോ സാംസ്കാരികമായോ ആധിപത്യം സ്ഥാപിക്കാൻ ശ്രമിക്കുന്ന പുറത്തുള്ളവരുടെ പിടിയിൽ വീഴില്ലെന്നും അദ്ദേഹം ആവർത്തിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

