'ഗ്യാനേഷ് കുമാർ ബി.ജെ.പിയുടെ ആയുധം'; മുംബൈയിൽ താക്കറെ സഹോദരന്മാരുടെ സംയുക്ത പ്രക്ഷോഭം; എസ്.ഐ.ആർ റദ്ദാക്കണമെന്ന് ആവശ്യം
text_fieldsഉദ്ധവ് താക്കറെ, രാജ് താക്കറെ
മുംബൈ: കേന്ദ്ര മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ ഭരണകക്ഷിയായ ബി.ജെ.പിയുടെ വെറുമൊരു 'ആയുധം' മാത്രമാണെന്ന് ശിവസേന (ഉദ്ധവ് വിഭാഗം) അധ്യക്ഷനും മുൻ മഹാരാഷ്ട്ര മുഖ്യമന്ത്രിയുമായ ഉദ്ധവ് താക്കറെ. വോട്ടർപട്ടിക പുതുക്കലുമായി ബന്ധപ്പെട്ട് നടക്കുന്ന വിവാദമായ പ്രത്യേക തീവ്ര പുനരവലോകന പ്രക്രിയ മഹാരാഷ്ട്രയിൽ ഉടനടി റദ്ദാക്കണമെന്നും ഭാവിയിലെ തെരഞ്ഞെടുപ്പുകൾ ബാലറ്റ് പേപ്പർ വഴി നടത്തണമെന്നും മഹാരാഷ്ട്ര നവനിർമ്മാൺ സേന അധ്യക്ഷൻ രാജ് താക്കറെയും ആവശ്യപ്പെട്ടു.
തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഏകപക്ഷീയമായ നടപടികൾക്കും വോട്ടർപട്ടികയിലെ ക്രമക്കേടുകൾക്കുമെതിരെ താക്കറെ സഹോദരന്മാർ സംയുക്തമായി അണിനിരന്ന 'വിരാട് ഗർജ്ജന മോർച്ച'യിൽ പങ്കെടുത്തുകൊണ്ട് സംസാരിക്കുകയായിരുന്നു ഇരുവരും. മെട്രോ സിനിമ പരിസരത്ത് നിന്ന് ആരംഭിച്ച പടുകൂറ്റൻ പ്രതിഷേധ മാർച്ച് സൗത്ത് മുംബൈയിലെ ബൃഹൻമുംബൈ മുൻസിപ്പൽ കോർപ്പറേഷൻ ആസ്ഥാനത്തിന് സമീപം പൊതുറാലിയോടെയാണ് സമാപിച്ചത്.
"വോട്ടർപട്ടികയിൽ നിന്ന് ബംഗ്ലാദേശി നുഴഞ്ഞുകയറ്റക്കാരെ ഒഴിവാക്കാനാണ് എസ്.ഐ.ആർ നടത്തിയതെന്നാണ് അവകാശപ്പെടുന്നതെങ്കിൽ, അനധികൃതമായി രാജ്യത്ത് താമസിക്കുന്ന എത്ര ബംഗ്ലാദേശികളെയാണ് സർക്കാർ ഇതുവരെ കണ്ടെത്തിയത്? ആ കണക്ക് പുറത്തുവിടാൻ സർക്കാരിന് ധൈര്യമുണ്ടോ? ഭരണഘടനയെയും ജനാധിപത്യത്തെയും തകർക്കാൻ ബി.ജെ.പിയുടെ ആയുധമായി ചീഫ് ഇലക്ഷൻ കമ്മീഷണർ മാറിയിരിക്കുകയാണ്."
— ഉദ്ധവ് താക്കറെ തുറന്നടിച്ചു.
തുടർന്ന് സംസാരിച്ച എം.എൻ.എസ് തലവൻ രാജ് താക്കറെ, രണ്ട് കോടിയോളം വോട്ടർമാരുടെ പേരുകൾ ഒഴിവാക്കുന്നതിലെ അപകടം ചൂണ്ടിക്കാട്ടി. ജനാധിപത്യത്തിൽ വോട്ടർമാരെ പുറത്താക്കാൻ ആർക്കും അവകാശമില്ലെന്നും വോട്ടെടുപ്പ് ബാലറ്റ് പേപ്പറിലേക്ക് മാറ്റണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
പ്രതിപക്ഷ ഐക്യനിര; ത്രിവർണ പതാകയേന്തി പതിനായിരങ്ങൾ
കോൺഗ്രസ് നേതാക്കളായ ബാലാസാഹെബ് തോറാട്ട്, വിജയ് വഡേത്തിവാർ, എൻ.സി.പി (ശരദ് പവാർ വിഭാഗം) നേതാക്കളായ ജയന്ത് പാട്ടീൽ, ശശികാന്ത് ഷിൻഡെ, ജിതേന്ദ്ര ആവാദ്, അനിൽ ദേശ്മുഖ് തുടങ്ങിയ പ്രമുഖ നേതാക്കളും മാർച്ചിൽ താക്കറെ സഹോദരന്മാർക്കൊപ്പം അണിനിരന്നു.
കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി നേരത്തെ തന്നെ ഉന്നയിച്ച 'വോട്ട് ചോരി' ആരോപണങ്ങളെ ബാലാസാഹെബ് തോറാട്ട് റാലിയിൽ അനുസ്മരിച്ചു. അധികാരം നിലനിർത്താൻ ബി.ജെ.പി ഏതറ്റം വരെയും പോകുമെന്നും, തെരഞ്ഞെടുപ്പ് കമ്മീഷൻ അംഗങ്ങളെ നിയമിക്കുന്ന രീതിയിൽ വരുത്തിയ മാറ്റങ്ങളാണ് ഈ ക്രമക്കേടുകൾക്ക് വഴിവെച്ചതെന്നും അദ്ദേഹം ആരോപിച്ചു. അഴിമതി നിറഞ്ഞ ഈ ഭരണകൂടത്തിന്റെ പ്രതീകമാണ് ഗ്യാനേഷ് കുമാറെന്നും, 2014-ൽ നരേന്ദ്ര മോദി സർക്കാർ അധികാരത്തിൽ വന്നതിന് ശേഷമുള്ള കാലം രാജ്യത്തിന്റെ ചരിത്രത്തിലെ 'ഇരുണ്ട യുഗ'മാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
രാഷ്ട്രീയ പാർട്ടികളുടെ കൊടികൾ പൂർണമായി ഒഴിവാക്കി ദേശീയ പതാകയായ ത്രിവർണ പതാക മാത്രം കൈകളിലേന്തിയാണ് പതിനായിരക്കണക്കിന് പ്രവർത്തകർ മാർച്ചിൽ അണിനിരന്നത്. കഴിഞ്ഞ ദിവസം ഇതേ വിഷയത്തിൽ കോക്രോച്ച് ജനതാ പാർട്ടി (സിജെപി) ശിവാജി പാർക്കിൽ നടത്തിയ ജയിൽ നിറയ്ക്കൽ സമരത്തിന് പിന്നാലെയാണ് മഹാരാഷ്ട്രയെ ഇളക്കിമറിച്ച് പ്രതിപക്ഷത്തിന്റെ സംയുക്ത പ്രക്ഷോഭം അരങ്ങേറിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

