ഉദ്ധവ് ശിവസേന പിളർത്താനുള്ള നീക്കം പാളുന്നു
text_fieldsമുംബൈ: മഹാരാഷ്ട്രയിൽ ഉദ്ധവ് പക്ഷ ശിവസേനയിലെ എം.പിമാരെ അടർത്തിമാറ്റാനുള്ള ഏക്നാഥ് ഷിൻഡെ പക്ഷ ശിവസേനയുടെ ‘ഓപറേഷൻ ടൈഗറി’ന് കല്ലുകടിയായി പവൻരാജെ നിമ്പാൽക്കർ വധക്കേസിലെ വിധി. കോൺഗ്രസ് നേതാവായിരുന്ന പവൻരാജെയുടെ മകനാണ് ഉദ്ധവ് പക്ഷത്തെ ആറ് വിമത എം.പിമാരിൽ ഒരാളായ ഓംരാജെ നിമ്പാൽക്കർ. കൂറുമാറ്റം അച്ഛന്റെ കേസിൽ വിധിവന്നതിനുശേഷം തീരുമാനിക്കുമെന്ന് അദ്ദേഹം പറഞ്ഞിരുന്നു. ഓംരാജെ നിമ്പാൽക്കർക്ക് അനുകൂല വിധിയുണ്ടാകുമെന്ന് ഷിൻഡെ വാഗ്ദാനം ചെയ്തതായി ഉദ്ധവ് പക്ഷ ശിവസേന വക്താവ് സഞ്ജയ് റാവുത്ത് ആരോപിക്കുകയും ചെയ്തിരുന്നു.
വിധിയിൽ നിരാശനാണ് ഓംരാജെ നിമ്പാൽക്കറും കുടുംബവും. രാഷ്ട്രീയ തുരുമാനത്തിന് കേസുമായി ബന്ധമില്ലെന്ന് പറഞ്ഞെങ്കിലും മണ്ഡലത്തിലെ ജനങ്ങളുമായി ആലോചിച്ച് തീരുമാനിക്കുമെന്ന നിലപാടാണ് ഓംരാജെ ശനിയാഴ്ച കൈക്കൊണ്ടത്. വിധിക്ക് പിന്നാലെ ഓംരാജെയുടെ വിശ്വസ്തനും ഉദ്ധവ് പക്ഷ എം.എൽ.എയുമായ കൈലാസ് പാട്ടീൽ താക്കറെ ഭവനമായ ‘മാതോശ്രീ’ സന്ദർശിച്ചതും അഭ്യൂഹങ്ങൾക്ക് ഇടനൽകി. ഓംരാജെയുടെ നിലപാടിനെ ചൊല്ലിയാണ് ഉദ്ധവ പക്ഷ വിമത എം.പിമാരുടെ കൂറുമാറ്റം നീളുന്നത്. ഉദ്ധവ് പക്ഷം വിളിച്ച പാർലമെന്ററി കാര്യ യോഗത്തിൽ നിന്ന് ഓംരാജെ അടക്കം ആറുപേർ വിട്ടുനിൽക്കുകയും കൂറുമാറ്റത്തിന് ലോക്സഭ സ്പീക്കർക്ക് കത്തുകൊടുക്കുകയും ചെയ്തെങ്കിലും കൂറുമാറ്റവും ലയനവും നീളുകയാണ്. ഉദ്ധവ് പക്ഷത്തെ ഒമ്പത് എം.പിമാരിൽ മൂന്നിൽ രണ്ടായ ആറുപേരുടെ പിന്തുണ കൂറുമാറ്റത്തിന് ആവശ്യമാണ്. ഓംരാജെയുടെ തീരുമാനത്തെ ആശ്രയിച്ചായിരിക്കും കൂറുമാറ്റം. അതേസമയം, വിധി വന്നയുടൻ ഏക്നാഥ് ഷിൻഡെ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുമായി ചർച്ച നടത്തുകയും വിധിക്കെതിരെ സി.ബി.ഐ അപ്പീൽ നൽകുമെന്ന് അറിയിക്കുകയും ചെയ്തു. പാർട്ടി വിപ്പ് ലംഘിച്ച എം.പിമാർക്കെതിരെ നടപടിക്കുള്ള നിയമോപദേശം തേടിയതായി ഉദ്ധവ് പക്ഷം അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

