Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

80 ശതമാനം മഹാരാഷ്ട്രക്കാർക്കും സത്യമറിയാം; അജിത് പവാറിന്റെ മരണത്തിൽ ദുരൂഹതയുണ്ടെന്ന് പ്രതിപക്ഷ നേതാക്കൾ

text_fields
bookmark_border
ajit pawar
cancel

മുംബൈ: മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയും എൻ.സി.പി നേതാവുമായ അജിത് പവാറി​ന്റെ മരണത്തിൽ സംശയം പ്രകടിപ്പിച്ച് കോൺഗ്രസും ശിവസേന ഉദ്ധവ് താക്കറെ വിഭാഗവും. എൻ.സി.പി പോലും സംഭവത്തിൽ സംശയിക്കുന്നുണ്ട്. അജിത് പവാറിന്റെ മരണത്തിലേക്ക് നയിച്ച വിമാനാപകടത്തെ കുറിച്ച് സമഗ്ര അന്വേഷണം വേണമെന്നും ആവശ്യമുയർന്നിട്ടുണ്ട്.

ജനുവരി 28ന് രാവിലെ പുണെയിലെ ബാരാമതി വിമാനത്താവളത്തിൽ ഇറങ്ങാൻ ശ്രമിക്കുന്നതിനിടെയാണ് അജിത് പവാർ സഞ്ചരിച്ചിരുന്ന വിമാനം തകർന്നത്. അപകടത്തിൽ അജിത് പവാറിനൊപ്പം അദ്ദേഹത്തിന്റെ സ്വകാര്യ സുരക്ഷാ ഉദ്യോഗസ്ഥൻ, ഫ്ലൈറ്റ് അറ്റന്റന്റ്, രണ്ട് പൈലറ്റുമാർ എന്നിവരും ഉൾപ്പെടുന്നു.

ബി.ജെ.പിയുടെ അഴിമതിയെ കുറിച്ചുള്ള ഒരു ഫയൽ തന്റെ കൈയിലുണ്ടെന്ന് വെളിപ്പെടുത്തിയതിന് തൊട്ടുപിന്നാലെയാണ് അജിത് പവാർ വിമാനാപകടത്തിൽ കൊല്ലപ്പെട്ടതെന്ന് ശിവസേന(യു.ബി.ടി)നേതാവ് സഞ്ജയ് റാവുത്ത് പറഞ്ഞു. മരണത്തിൽ നിഗൂഢതയുണ്ടെന്നും അദ്ദേഹം വാദിച്ചു. ബി.ജെ.പിയുമായുള്ള ബന്ധം വിച്ഛേദിച്ച് അമ്മാവനും എൻ.സി.പി സ്ഥാപക നേതാവുമായ ശരദ് പവാറിനൊപ്പം വീണ്ടുമൊന്നിക്കാൻ അജിത് പവാർ തീരുമാനിച്ചിരുന്നതായും സഞ്ജയ് റാവുത്ത് അവകാശപ്പെട്ടു. ''ബി.ജെ.പിയുടെ അഴിമതിയുടെ ഫയൽ തന്റെ പക്കലുണ്ടെന്നും അത് വെളി​പ്പെടുത്തുമെന്നും അജിത് പവാർ നിരന്തരം പറഞ്ഞിരുന്നു. ജനുവരി 15നും ഇക്കാര്യം അദ്ദേഹം ആവർത്തിച്ചു. 10 ദിവസത്തിനുള്ളിൽ ഒരു അപകടത്തിൽ മരിക്കുകയും ചെയ്തു. ആ അപകടത്തിൽ ദുരൂഹതയുണ്ട്''-റാവുത്ത് മാധ്യമപ്രവർത്തകരോട് പറഞ്ഞു.

തദ്ദേശ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയാണ് 1995നും 199നും ഇടയിൽ ബി.ജെ.പി അധികാരത്തിലിരുന്നപ്പോൾ നടത്തിയ അഴിമതിയുടെ ഫയൽ തന്റെ പക്കലുണ്ടെന്ന് അജിത് പവാർ അവകാശപ്പെട്ടത്. അജയ് പവാർ ബി.ജെ.പിയുമായി പിരിയാൻ തീരുമാനിച്ചുവെന്നാണ് ഇത് സൂചിപ്പിക്കുന്നതെന്നും റാവുത്ത് ചൂണ്ടിക്കാട്ടി.

അതേസമയം, അജിത് പവാറിന്റെ മരണം അപകടമരണമാണെന്നും അതിൽ രാഷ്ട്രീയം വേണ്ടെന്നുമായിരുന്നു ശരദ് പവാറിന്റെ നിലപാട്. എന്നാൽ അദ്ദേഹം കരുതുന്നതുപോലെ അത്ര ലളിതമല്ല കാര്യങ്ങളെന്ന് സഞ്ജയ് റാവുത്ത് പറഞ്ഞു. അജിത് പവാറിനെ പോലെ ഒരാൾ വിമാനത്തിൽ ഇരിക്കുന്നു. ആ വിമാനത്തിൽ മറ്റൊരു പ്രധാന വ്യക്തിയുമില്ല. വിമാനത്തിന് മെയിന്റനൻസ് സർട്ടിഫിക്കറ്റും ഇല്ലായിരുന്നു. ഇതെല്ലാം ദുരൂഹതയിലേക്കാണ് വിരൽ ചൂണ്ടുന്നത്. അജിത് പവാർ എൻ.സി.പിയിലേക്ക് തന്നെ മടങ്ങിയാൽ ബി.ജെ.പിയുടെ പതനം ഉറപ്പാകുമായിരുന്നുവെന്നും റാവുത്ത് കൂട്ടിച്ചേർത്തു.

അജിത് പവാറിന്റെ മരണത്തിന് പിന്നിൽ ഗൂഢാലോചനയുണ്ടെന്ന് കോൺഗ്രസ് നേതാവ് വിജയ് വഡെറ്റിവാറും ആരോപിച്ചു. വിഷയത്തിൽ അന്വേഷണം നടത്തണമെന്ന് എൻ.സി.പി ആവശ്യപ്പെടണം. അജിത് പവാറിന്റെ മരണത്തിന് ദിവസങ്ങൾക്കകം തന്നെ ഭാര്യ സുനേത്ര പവാർ ഉപമുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തതിലും അദ്ദേഹം സംശയം പ്രകടിപ്പിച്ചു. എല്ലാവർക്കും അധികാരം പിടിച്ചെടുക്കാനായിരുന്നു തിടുക്കം. മഹാരാഷ്ട്രയിലെ 80 ശതമാനം ആളുകളും വിശ്വസിക്കുന്നത് സംഭവത്തിൽ നിഗൂഢതയുണ്ടെന്ന് തന്നെയാണ്. ഒരു സി.ഐ.ഡി അന്വേഷണം കൊണ്ട് മാത്രം ഒന്നും പരിഹരിക്കാൻ കഴിയില്ല. അവസാന നിമിഷം പൈലറ്റിനെ മാറ്റിയത് എന്തുകൊണ്ടാണ്​? ഇത്രയും വലിയ നേതാവിന്റെ കാര്യത്തിൽ എങ്ങനെയാണ് അശ്രദ്ധ സംഭവിക്കുകയെന്നും കോൺഗ്രസ് നേതാവ് ചോദിച്ചു.

അജിത് പവാറിന്റെ മരണശേഷം ശവസംസ്കാര ചടങ്ങുകൾ പോലും പൂർത്തിയാക്കാൻ സാധിച്ചില്ല. എല്ലാവരും അധികാരം പിടിച്ചെടുക്കാനാണ് തിടുക്കം കൂട്ടിയതെന്നും അദ്ദേഹം ആരോപിച്ചു. സഞ്ജയ് റാവുത്തിന്റെ ആരോപണങ്ങളോട് ബി.ജെ.പി രൂക്ഷമായാണ് പ്രതികരിച്ചത്. ശിവസേന നേതാവ് ഒരാളുടെ മരണത്തെ പോലും സ്വന്തം താൽപര്യങ്ങൾക്കായി ഉപയോഗിക്കുകയാണെന്നാണ് പാർട്ടിയുടെ മഹാരാഷ്ട്ര എം.എൽ.സി ചിത്ര വാഗ് പറഞ്ഞത്.

അതിനിടെ, അജിത് പവാറിന്റെ വിമാനാപകട മരണത്തെ കുറിച്ച് ചില സംശയങ്ങളുണ്ടെന്നും ഉന്നത അന്വേഷണം നടത്തണമെന്നും എൻ.സി.പി നേതാവ് അമോൽ മിത്കാരി ആവശ്യപ്പെട്ടു. വിമാനം പറന്നുയരുന്നതിന് മുമ്പ് അജിത് പവാർ ധരിച്ചിരുന്ന വാച്ച് കണ്ടെടുത്തിട്ടില്ല. പൊതുതാൽപര്യാർഥം ചോദ്യങ്ങൾ ചോദിക്കുന്നത് കിംവദന്തികൾ പ്രചരിപ്പിക്കുന്നതായി കണക്കാക്കരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - UBT Sena, Congress raise doubt over Ajit Pawar's death
Next Story