Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightയു എ ഇയുടെ കൈത്താങ്;...

യു എ ഇയുടെ കൈത്താങ്; ഇന്ത്യൻ ഗ്രാമങ്ങളിൽ സൗരോർജ ആരോഗ്യ കേന്ദ്രങ്ങൾക്ക് തുടക്കം

text_fields
bookmark_border
യു എ ഇയുടെ കൈത്താങ്; ഇന്ത്യൻ ഗ്രാമങ്ങളിൽ സൗരോർജ ആരോഗ്യ കേന്ദ്രങ്ങൾക്ക് തുടക്കം
cancel

അബൂദബി: ഇന്ത്യയിൽ കർണാടകയിലെ വിദൂര ഗ്രാമങ്ങളിലുള്ള രണ്ടു ലക്ഷത്തിലധികം ആളുകൾക്ക് മെച്ചപ്പെട്ട ചികിത്സാ സൗകര്യമൊരുക്കാൻ യു.എ.ഇയുടെ ജീവകാരുണ്യ പദ്ധതി. യു.എ.ഇ ആതിഥേയത്വം വഹിക്കുന്ന ‘സായിദ് സുസ്ഥിരതാ പുരസ്‌കാര’ത്തിന് കീഴിലുള്ള ‘ബിയോണ്ട് 2020’ സംരംഭത്തിന്റെ ഭാഗമായി കർണാടകയിലെ ആറ് ഗ്രാമങ്ങളിലാണ് അത്യാധുനിക സൗരോർജ പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങൾ പ്രവർത്തനം ആരംഭിച്ചത്.

വൈദ്യുതി ലഭ്യത കുറവുള്ള ഗ്രാമീണ മേഖലകളിൽ സ്ഥാപിച്ച ഈ കേന്ദ്രങ്ങൾ വഴി വിദൂര നഗരങ്ങളിലേക്ക് യാത്ര ചെയ്യാതെ തന്നെ സാധാരണക്കാർക്ക് അത്യാവശ്യ ചികിത്സാ സേവനങ്ങൾ ലഭ്യമാകും. 2018ലെ സായിദ് സുസ്ഥിരതാ പുരസ്‌കാര ജേതാക്കളായ ഇന്ത്യയിലെ ‘സെൽകോ’ ഫൗണ്ടേഷനുമായി സഹകരിച്ചാണ് പദ്ധതി പൂർത്തിയാക്കിയത്.

മാതൃ-ശിശു സംരക്ഷണത്തിന് പ്രത്യേക പ്രാധാന്യം നൽകുന്ന ഈ കേന്ദ്രങ്ങളിൽ പോർട്ടബിൾ ബേബി വാമറുകൾ, ഫോട്ടോതെറാപ്പി യൂനിറ്റുകൾ, ഫീറ്റൽ മോണിറ്ററുകൾ, അസിസ്റ്റഡ് വെന്റിലേഷൻ തുടങ്ങി നവജാതശിശുക്കൾക്കും ഗർഭിണികൾക്കും ആവശ്യമായ അത്യാധുനിക ഉപകരണങ്ങൾ സജ്ജീകരിച്ചിട്ടുണ്ട്.

ലോകമെമ്പാടുമുള്ള പാർശ്വവൽക്കരിക്കപ്പെട്ട സമൂഹങ്ങളുടെ ജീവിതനിലവാരം ഉയർത്താനും ആവശ്യമായ മേഖലകളിൽ സഹായമെത്തിക്കാനുമുള്ള യു.എ.ഇയുടെ പ്രഖ്യാപിത ലക്ഷ്യത്തിന്റെ ഭാഗമായാണ് പദ്ധതി നടപ്പാക്കിയതെന്ന് യു.എ.ഇ ആരോഗ്യ-പ്രതിരോധ മന്ത്രി അഹമ്മദ് അൽ സായിഗ് പറഞ്ഞു. രാഷ്ട്രപിതാവ് ശൈഖ് സായിദ് ബിൻ സുൽത്താൻ ആൽ നഹ്‌യാന്റെ ജീവകാരുണ്യ പാരമ്പര്യം ഉയർത്തിപ്പിടിച്ചാണ് യു.എ.ഇ ഇത്തരം അന്താരാഷ്ട്ര പദ്ധതികൾ മുന്നോട്ടുകൊണ്ടുപോകുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പുനരുപയോഗ ഊർജത്തിലൂടെ ആരോഗ്യ മേഖലയിൽ വലിയ മാറ്റങ്ങൾ കൊണ്ടുവരാൻ സാധിക്കുമെന്നും കർണാടകയിൽ വിജയകരമായി നടപ്പാക്കിയ ഈ മാതൃക രാജ്യവ്യാപകമായി വ്യാപിപ്പിക്കാനാണ് ലക്ഷ്യമിടുന്നതെന്നും സെൽകോ ഫൗണ്ടേഷൻ സി.ഇ.ഒ ഹരീഷ് ഹന്ദേ വ്യക്തമാക്കി.

യു.എ.ഇ രാഷ്ട്രപിതാവ് ശൈഖ് സായിദിന്റെ സ്മരണാർഥം 2008ലാണ് സായിദ് സുസ്ഥിരതാ പുരസ്‌കാരത്തിന്​ തുടക്കമിട്ടത്. ഇതിന്റെ തുടർച്ചയായി ആവിഷ്‌കരിച്ച ‘ബിയോണ്ട് 2020’ പദ്ധതിയിലൂടെ വിയറ്റ്‌നാം, ഇത്യോപ്യ, നേപ്പാൾ, സുഡാൻ, ഉഗാണ്ട, ജോർഡൻ, ഈജിപ്ത്, കംബോഡിയ, മഡഗാസ്കർ, ഫിലിപ്പീൻസ് തുടങ്ങി വിവിധ രാജ്യങ്ങളിലെ സാധാരണക്കാർക്ക് സുരക്ഷിതമായ കുടിവെള്ളം, ഭക്ഷണം, ആരോഗ്യം, ഊർജം തുടങ്ങിയ അത്യാവശ്യ സൗകര്യങ്ങൾ എത്തിച്ചിട്ടുണ്ട്. ഈ വർഷത്തെ സായിദ് സുസ്ഥിരതാ പുരസ്‌കാരത്തിനായി 177 രാജ്യങ്ങളിൽ നിന്നായി 10233 എൻട്രികളാണ് ലഭിച്ചത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Indian villagehealth centergulfUAEsolar poweredUAE.
News Summary - UAE to install solar-powered health centers in Indian villages
Next Story