'പാമ്പാകാൻ' ചുട്ടപാമ്പിനെ 'ടച്ചിങ്സ്' ആക്കി; രണ്ട് യുവാക്കള്‍ ആശുപത്രിയില്‍
text_fieldsറായ്പുര്‍: മദ്യപാനത്തിന് 'ടച്ചിങ്സ്' ആയി ചുട്ടപാമ്പിനെ കഴിച്ച രണ്ട് യുവാക്കളെ ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഛത്തീസ്ഗഢിലെ കോര്‍ബ ജില്ലയിൽ ഞായറാഴ്ച രാത്രിയായിരുന്നു സംഭവം. ഗുഡ്ഡു ആനന്ദ്, രാജു ജാങ്ക്ഡെ എന്നിവരാണ് വെള്ളിക്കെട്ടന്‍ (Indian Krait) വിഭാഗത്തില്‍പ്പെടുന്ന പാമ്പിന്‍റെ തലഭാഗവും വാലും കഴിച്ചത്. ആരോഗ്യസ്ഥിതി മോശമായതിനെ തുടര്‍ന്ന് ഇരുവരെയും ബന്ധുക്കൾ അടുത്തുള്ള സർക്കാർ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.
ഇന്ദിര നഗര്‍ പ്രദേശത്തെ ദേവാംഗന്‍ പരയിലെ ഒരു വീട്ടിൽ കണ്ട വിഷപ്പാമ്പിനെ വീട്ടുകാർ പിടികൂടുകയും തീയിൽ എറിയുകയും ചെയ്തിരുന്നു. തുടര്‍ന്ന് പാതി കത്തിയ പാമ്പിനെ വീട്ടുകാർ റോഡിലേക്ക് എറിഞ്ഞു. അല്‍പസമയത്തിന് ശേഷം ഇതുവഴി വന്ന മദ്യലഹരിയിലായിരുന്ന ഗുഡ്ഡുവും രാജുവും പാതി വെന്ത പാമ്പിനെ എടുത്തുകൊണ്ടുപോകുകയും മദ്യത്തിനൊപ്പം കഴിക്കുകയുമായിരുന്നു.
രാജു പാമ്പിന്‍റെ തലഭാഗവും ഗുഡ്ഡു വാല്‍ഭാഗവുമാണ് കഴിച്ചതെന്ന് വീട്ടുകാർ പറയുന്നു. ഇതിനുശേഷം ഇരുവര്‍ക്കും ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടു. ഇതില്‍ രാജുവിന്‍റെ ആരോഗ്യനില ഗുരുതരമായി തുടരുകയാണെന്നാണ് വിവരം. സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസ് പാതിവെന്ത പാമ്പിന്‍റെ അവശിഷ്ടങ്ങള്‍ കണ്ടെടുത്തു.
മാസങ്ങൾക്കുമുമ്പ് ഛത്തീസ്ഗഢിലെ റായ്ഗഢ് ജില്ലയിൽ പാമ്പിനെ പാകം ചെയ്യാതെ കഴിച്ച യുവാവ് ആശുപത്രിയിലായിരുന്നു. കുടുംബാംഗങ്ങൾ വീട്ടിൽ നിന്ന് കണ്ടെത്തി തല്ലി ബോധം കെടുത്തിയ പാമ്പിനെ യുവാവ് പിടിക്കുകയും അത് അയാളെ തിരികെ കടിക്കുകയും ചെയ്തു. ഇതിൽ കുപിതനായ യുവാവ് പാമ്പിന്‍റെ തല മുറിച്ചെടുത്ത് കഴിച്ചു. തുടർന്ന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയും ആശുപത്രിയിൽ പ്രവേശിപ്പിക്കുകയുമായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

