തെരുവ് നായ് കാലിലെ മുറിവിൽ നക്കി; പേവിഷബാധയേറ്റ് രണ്ട് വയസുകാരൻ മരിച്ചു
text_fieldsപ്രതീകാത്മക ചിത്രം
ലഖ്നോ: തെരുവ് നായ് കാലിലെ മുറിവിൽ നക്കിയതിനെ തുടർന്ന് രണ്ടുവയസുകാരന് ദാരുണാന്ത്യം. പേവിഷബാധയേറ്റാണ് മരണം. ഉത്തർപ്രദേശിലെ ബദൗൺ ജില്ലയിലാണ് സംഭവം.
കുട്ടി പുറത്തു കളിക്കുമ്പോൾ കാലിന് പരിക്കേറ്റു. മുറിവിൽനിന്ന് ഒലിക്കുന്ന രക്തത്തിൽ തെരുവ് നായ് നക്കുകയായിരുന്നു. എന്നാൽ ഇത് ഇത്ര അപകടകരമാകുമെന്ന് പ്രതീക്ഷിച്ചില്ലെന്നും മാതാപിതാക്കൾ പറഞ്ഞു. സംഭവം നടന്ന് അടുത്ത ദിവസം കുട്ടി വെള്ളത്തോട് ഭയം കാണിക്കുകയും നാവ് പുറത്തേക്ക് നീട്ടി ശ്വാസം എടുക്കാൻ ബുദ്ധിമുട്ട് അനുഭവിക്കുകയും ചെയ്തപ്പോഴാണ് വീട്ടുകാർക്ക് ലക്ഷണങ്ങൾ ശ്രദ്ധയിൽപ്പെട്ടത്. ആശുപത്രിയിൽ എത്തിച്ചെങ്കിലും രണ്ട് ദിവസം കഴിഞ്ഞ് കുട്ടി മരിക്കുകയായിരുന്നു.
സംഭവത്തെ തുടർന്ന് പ്രദേശവാസികൾ ഭീതിയിലാണ്. കുട്ടിയുടെ മരണത്തെത്തുടർന്ന് ഏകദേശം 30 പേർക്ക് റാബിസ് കുത്തിവെപ്പ് നൽകി. കുടുംബത്തിന് അപകടസാധ്യതകൾ അറിയാമായിരുന്നെങ്കിൽ കുട്ടിക്ക് കൃത്യസമയത്ത് വാക്സിനേഷൻ നൽകുകയും അവന്റെ ജീവൻ രക്ഷിക്കാൻ കഴിയുമായിരുന്നുവെന്ന് ഗ്രാമവാസികൾ പറയുന്നു.
പട്ടിയുടെ കടിയോ നക്കലോ പേവിഷബാധക്ക് കാരണമാകുമെന്നതിനാൽ അവയെ നിസാരമായി കാണരുതെന്ന് ബദൗൺ ജില്ലാ ആശുപത്രിയിലെ മെഡിക്കൽ സൂപ്രണ്ട് ഡോ. പ്രശാന്ത് ത്യാഗി അഭിപ്രായപ്പെട്ടു. നായ, പൂച്ച, കുരങ്ങ് എന്നിവ കടിക്കുകയോ നക്കുകയോ ചെയ്താൽ ഉടൻ തന്നെ റാബിസ് വാക്സിൻ എടുക്കണം. അത് അവഗണിച്ചാൽ അപകടസാധ്യത കൂടുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

