ടാക്സി ഡ്രൈവറുടെ ഉപദ്രവം; യുവതികൾ ഒാടിക്കൊണ്ടിരുന്ന വാഹനത്തിൽനിന്ന് ചാടി രക്ഷപ്പെട്ടു
text_fieldsഅമൃത്സർ: പഞ്ചാബിലെ അമൃത്സറിൽ ഡ്രൈവർ ഉപദ്രവിച്ചതിനെ തുടർന്ന് ഒാടിക്കൊണ്ടിരുന്ന ഒാൺലൈൻ ടാക്സിയിൽ നിന്ന് രണ്ടു യുവതികൾ ചാടി രക്ഷപ്പെട്ടു. ടാക്സിയിലുണ്ടായിരുന്ന മറ്റൊരു യുവതിയെ പ്രദേശവാസികൾ വാഹനം പിന്തുടർന്നെത്തി രക്ഷപ്പെടുത്തി.
ഡ്രൈവറെ പൊലീസ് അറസ്റ്റ് ചെയ്തതായി പി.ടി.ഐ റിപ്പോർട്ട് ചെയ്തു. കഴിഞ്ഞദിവസം വൈകുന്നേരം മൂന്നു യുവതികൾ ചേർന്ന് റസ്റ്ററൻറിൽ പോകുന്നതിനായി ഒാൺലൈൻ ടാക്സി വിളിക്കുകയായിരുന്നു. ടാക്സിയിൽ യാത്ര ചെയ്യാൻ ആരംഭിച്ചതോടെ കൂട്ടത്തിൽ ഒരാളെ ഉപദ്രവിക്കാൻ തുടങ്ങി. യുവതി അതിക്രമം തടഞ്ഞതോടെ വാഹനത്തിെൻറ സ്പീഡ് കൂട്ടി. തുടർന്ന് അവരും മറ്റൊരു യുവതിയും ചേർന്ന് വാഹനത്തിൽ നിന്ന് ചാടി രക്ഷപ്പെട്ടു.
വാഹനത്തിൽ നിന്ന് ചാടുന്നത് റോഡിന് സമീപത്തുനിന്ന് പ്രദേശവാസികൾ കാണുകയും വാഹനത്തെ പിന്തുടരുകയുമായിരുന്നു. പിന്നീട് ടാക്സി വാഹനത്തെ മറികടന്ന് യുവതിയെ രക്ഷപ്പെടുത്തി -എസ്.എച്ച്.ഒ റോബിൻ ഹാൻസ് പറഞ്ഞു. പിന്നീട് സംഭവ സ്ഥലത്തുനിന്ന് മുങ്ങിയ ടാക്സി ഡ്രൈവറെ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.

