ആദിവാസി സ്ത്രീയുടെ തലയില്ലാത്ത മൃതദേഹം നദിയിൽ; രണ്ടു ഗ്രാമങ്ങൾക്കിടയിൽ അക്രമവും തീവെപ്പും, ഇന്‍റർനെറ്റ് തടഞ്ഞു, നിരോധനാജ്ഞ
text_fieldsഭുവനേശ്വർ: ഒരു ആദിവാസി സ്ത്രീയുടെ കൊലപാതകം ഒഡീഷയിലെ മൽക്കാൻഗിരി ജില്ലയിലെ രണ്ട് ഗ്രാമങ്ങൾക്കിടയിൽ അക്രമാസക്തമായ സംഘർഷങ്ങൾക്കിടയാക്കിയിരിക്കുകയാണ്. ഗ്രാമങ്ങളിൽ 24 മണിക്കൂർ ഇന്‍റർനെറ്റ് തടഞ്ഞ അധികൃതർ നിരോധനാജ്ഞയും പ്രഖ്യാപിച്ചിട്ടുണ്ട്.
ഡിസംബർ മൂന്നിന്, കാണാതായെന്ന് പരാതി ഉയർന്നതിന്‍റെ പിറ്റേന്ന് രാഖേൽഗുഡ ഗ്രാമത്തിലെ 55കാരിയായ ആദിവാസി സ്ത്രീയുടെ തലയില്ലാത്ത മൃതദേഹം നദിയിൽ കണ്ടെത്തുകയായിരുന്നു. സംഭവത്തിൽ എം.വി-26 ഗ്രാമത്തിലുള്ള നിന്നുള്ള യുവാവിനെ ചോദ്യം ചെയ്യുന്നതിനായി പൊലീസ് കസ്റ്റഡിയിലെടുത്തു. ഇതാണ് ഇരു ഗ്രാമങ്ങൾക്കിടയിൽ സംഘർഷത്തിലേക്ക് നയിച്ചത്.
ഞായറാഴ്ച വൈകുന്നേരം രാഖേൽഗുഡ ഗ്രാമത്തിലെ ആയിരക്കണക്കിന് ആദിവാസി പുരുഷന്മാരും സ്ത്രീകളും ചേർന്ന് ബംഗാളി കുടിയേറ്റക്കാർ താമസിക്കുന്ന മാൽക്കാൻഗിരിയിലെ എംവി-26 ഗ്രാമത്തിലെത്തി. ഇവിടെ 50ലേറെ വീടുകൾ നശിപ്പിക്കുകയും തീവെക്കുകയും ചെയ്തതു. ഇതോടെയാണ് ജില്ല ഭരണകൂടം രണ്ട് ഗ്രാമങ്ങളിലും നിരോധനാജ്ഞ പ്രഖ്യാപിച്ചത്. തിങ്കളാഴ്ച പൊലീസ് ഉണ്ടായിട്ടും സ്ഥിതി കൂടുതൽ വഷളാവുകയും അക്രമങ്ങളും തീവെപ്പും തുടർന്നു. ആയുധങ്ങളുമായി 5,000 ത്തിലധികം ആദിവാസികൾ ഗ്രാമത്തിലേക്ക് മാർച്ച് ചെയ്ത് നാശനഷ്ടങ്ങൾ വരുത്തി. അക്രമവും തീവെപ്പിലും നടത്തിയവർക്കെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് സമീപ ഗ്രാമങ്ങളിലെ ബംഗാളി നിവാസികൾ കലക്ടറുടെ ഓഫീസ് ഉപരോധിച്ചു.
മാൽക്കാൻഗിരിയിലെ ക്രമസമാധാനനില ഗുരുതരമായി മാറിയെന്നും സാമൂഹിക വിരുദ്ധർ സമൂഹമാധ്യമങ്ങളിലൂടെ തെറ്റായതും പ്രകോപനപരവും പ്രകോപനപരവുമായ സന്ദേശങ്ങൾ പ്രചരിപ്പിക്കുകയാണെന്നും ഒഡീഷ ആഭ്യന്തര സെക്രട്ടറി പുറപ്പെടുവിച്ച ഉത്തരവിൽ പറയുന്നു.
സ്ത്രീയുടെ ശിരസ്സ് ഇതുവരെ കണ്ടെത്താനാകാത്തത് രാഖേൽഗുഡ ഗ്രാമത്തിൽ കൂടുതൽ പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്. പോസ്റ്റ്‌മോർട്ടം നടത്തുന്നത് 55കാരിയുടെ കുടുംബവും ഗ്രാമവാസികളും തടയുകയാണെന്ന് പൊലീസ് പറയുന്നു. ഭൂമി തർക്കമാണ് കൊലപാതകത്തിന് പിന്നിലെന്നാണ് സംശയിക്കുന്നത്.
ഒഡീഷ പൊലീസ് ഡയറക്ടർ ജനറൽ വൈ.ബി. ഖുരാനിയ മുതിർന്ന ഉദ്യോഗസ്ഥരോടൊപ്പം മാൽക്കാൻഗിരി സന്ദർശിക്കുകയും സമാധാനം പുനഃസ്ഥാപിക്കുന്നതിനായി യോഗം ചേരുകയും ചെയ്തു. ക്രമസമാധാനം നിലനിർത്തുന്നതിനും കൂടുതൽ സംഘർഷം തടയുന്നതിനും ബി.എസ്.എഫ് ഉദ്യോഗസ്ഥരെയും കൂടുതൽ പൊലീസിനെയും പ്രദേശത്ത് വിന്യസിച്ചിട്ടുണ്ട്. സ്ഥിതിഗതികൾ ഇപ്പോൾ നിയന്ത്രണവിധേയമാണെന്നാണ് മാൽക്കാൻഗിരി പൊലീസ് സൂപ്രണ്ട് വിനോദ് പാട്ടീൽ പറഞ്ഞത്. കേസിലെ പ്രതിയെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും ഉടൻ തന്നെ അറസ്റ്റ് ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

