നാവികസേന കപ്പലിന്റെ വിവരങ്ങൾ പാകിസ്താന് ചോർത്തി നൽകിയതിന് രണ്ട് ഉത്തർപ്രദേശ് സ്വദേശികൾ അറസ്റ്റിൽ
text_fieldsഉഡുപ്പി: ദേശസുരക്ഷക്ക് ഭീഷണിയാകുന്ന തരത്തിൽ ഇന്ത്യൻ നാവികസേനയുടെ കപ്പലുകളുമായി ബന്ധപ്പെട്ട രഹസ്യ വിവരങ്ങൾ പാകിസ്താന് നിയമവിരുദ്ധമായി ചോർത്തിനൽകിയതിന് ഉത്തർപ്രദേശിൽ നിന്നുള്ള രണ്ടുപേരെ മാൽപെ പൊലീസ് അറസ്റ്റ് ചെയ്തു.
കേന്ദ്ര തുറമുഖ, ഷിപ്പിങ്, ജലഗതാഗത മന്ത്രാലയത്തിന് കീഴിലുള്ള സ്ഥാപനമായ മാൽപെയിലെ ഉഡുപ്പി കൊച്ചിൻ ഷിപ്പ്‌യാർഡിന്റെ സി.ഇ.ഒ സമർപ്പിച്ച പരാതി പ്രകാരം, സബ് കോൺട്രാക്ടർ സുഷ്മ മറൈൻ പ്രൈവറ്റ് ലിമിറ്റഡ് വഴി ജോലി ചെയ്യുന്ന ഇൻസുലേറ്ററായ രോഹിത്താണ് (29) പ്രധാനപ്രതി . മുമ്പ് നാവിക കപ്പലുകൾ നിർമിക്കുന്ന കൊച്ചിയിലെ കൊച്ചിൻ ഷിപ്പ്‌യാർഡ് ലിമിറ്റഡിൽ ജോലി ചെയ്തിരുന്നയാളാണ്.
കേരളത്തിൽ ജോലി ചെയ്തിരുന്ന കാലത്ത് നാവികസേനയുമായി ബന്ധപ്പെട്ട കപ്പലുകളുടെ തിരിച്ചറിയൽ നമ്പറുകളുടെയും മറ്റ് രഹസ്യ വിവരങ്ങളുടെയും രഹസ്യപട്ടിക രോഹിത് വാട്ട്‌സ്ആപ് വഴി നിയമവിരുദ്ധമായി പങ്കുവെച്ചതായും നിയമവിരുദ്ധ ആനുകൂല്യങ്ങൾ നേടിയെടുത്തതായും ഉഡുപ്പി എസ്.പി ഹരിറാം ശങ്കർ പറഞ്ഞു.
മാൽപെ കപ്പൽശാല യൂണിറ്റിൽ ചേർന്നതിനുശേഷം, കൊച്ചിയിലെ ഒരു സുഹൃത്തിൽ നിന്ന് തന്ത്രപ്രധാനമായ വിവരങ്ങൾ അയാൾ തുടർന്നും ശേഖരിക്കുകയും അത് അനധികൃതമായി വ്യക്തിക്ക് കൈമാറുകയും ചെയ്തു. ഇത് സുരക്ഷ പ്രോട്ടോക്കോളുകൾ ലംഘിക്കുകയും ഇന്ത്യയുടെ പരമാധികാരം, ഐക്യം, അഖണ്ഡത എന്നിവയെ അപകടത്തിലാക്കുകയും ചെയ്യുന്ന സംഭവമാണ്.
കർക്കള സബ്ഡിവിഷൻ അസി.പൊലീസ് സൂപ്രണ്ട് ഹർഷ പ്രിയംവദ, പി.എസ്.ഐ അനിൽ കുമാർ ഡി, എ.എസ്.ഐ ഹരീഷ്, പിസി രവി ജാദവ് എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അന്വേഷണം നടത്തി രണ്ടു പേരെ അറസ്റ്റ് ചെയ്തു. ഉത്തർപ്രദേശിലെ സുൽത്താൻപുർ ജില്ലയിൽ താമസിക്കുന്ന രോഹിത് (29), സാന്ദ്രി (37) എന്നിവരാണ് അറസ്റ്റിലായത്.അറസ്റ്റിലായവരെ കോടതിയിൽ ഹാജരാക്കി, കോടതി ഡിസംബർ മൂന്നു വരെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. കൂടുതൽ അന്വേഷണം പുരോഗമിക്കുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

