ആന്ധ്ര ജയിലിൽനിന്ന് രണ്ട് വിചാരണ തടവുകാർ വാർഡനെ ആക്രമിച്ച് രക്ഷപ്പെട്ടു
text_fieldsതലക്കടിയേറ്റ ഹെഡ് വാർഡൻ വാസ വീരരാജു
ആന്ധ്രപ്രദേശ്: ആന്ധ്രാപ്രദേശിലെ ചോടാവരം സബ് ജയിലിൽനിന്ന് വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് രണ്ട് വിചാരണ തടവുകാർ ഹെഡ് വാർഡനെ ചുറ്റിക കൊണ്ട് ആക്രമിച്ച ശേഷം സാഹസികമായി രക്ഷപ്പെട്ടതായി പൊലീസ് പറഞ്ഞു. പെൻഷൻ ഫണ്ട് ദുരുപയോഗം ചെയ്ത കേസിൽ ആരോപണവിധേയനായി ജയിലിലടക്കപ്പെട്ട മുൻ പഞ്ചായത്ത് സെക്രട്ടറി നക്ക രവികുമാർ, വൈകുന്നേരം നാലോടെ ജയിൽ അടുക്കളയിൽ വെച്ച് ഹെഡ് വാർഡൻ വാസ വീരരാജുവിനെ അകാരണമായി ആക്രമിക്കുകയായിരുന്നു.
വാർഡറെ ചുറ്റിക കൊണ്ട് അടിച്ച് താക്കോൽ തട്ടിയെടുത്ത ശേഷം രവികുമാർ ഓടി രക്ഷപ്പെടുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. സംഭവത്തിന്റെ മറവിൽ ജയിൽ അടുക്കളയിൽ സഹായിയായിരുന്ന മോഷണക്കുറ്റത്തിന് വിചാരണ നേരിടുന്ന മറ്റൊരു പ്രതിയായ ബേസവാഡ രാമുവും രവികുമാറിനൊപ്പം രക്ഷപ്പെട്ടു. ജയിൽ അധികൃതർ ഉടൻ അലാറം മുഴക്കുകയും പരിസര പ്രദേശങ്ങളിൽ വിപുലമായ തിരച്ചിൽ ആരംഭിക്കുകയും ചെയ്തു.
ജയിലിനു ചുറ്റും സുരക്ഷ ശക്തമാക്കുകയും അയൽ സ്റ്റേഷനുകളിൽ മുന്നറിയിപ്പ് നൽകുകയും ചെയ്തിട്ടുണ്ട്. പരിക്കേറ്റ ഹെഡ് വാർഡൻ വാസ വീരരാജു ചികിൽസയിലാണ്. പഞ്ചായത്ത് സെക്രട്ടറിയായിരിക്കെ പെൻഷൻ ഫണ്ടിലെത്തിയ തുക തിരിമറി നടത്തിയെന്ന കുറ്റത്തിന് കേസെടുത്താണ് നക്ക രവികുമാറിനെ വിചാരണ തടവുകാരനായി സബ് ജയിലിലടച്ചിരുന്നത്, അതേസമയം രാമു മോഷണക്കേസുമായി ബന്ധപ്പെട്ട് വിചാരണത്തടവുകാരനായിരുന്നു.എത്രയും വേഗം ജയിൽചാടിയ പ്രതികളെ പിടികൂടാനുള്ള ശ്രമങ്ങൾ ആരംഭിച്ചതായി പൊലീസ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

