റിട്ട. പഞ്ചായത്ത് സെക്രട്ടറിയുടെ ഭാര്യയോട് കൈക്കൂലി വാങ്ങുന്നതിനിടെ രണ്ട് ട്രഷറി ഉദ്യോഗസ്ഥർ ബണ്ട്വാളിൽ അറസ്റ്റിൽ
text_fieldsഅറസ്റ്റിലായ പ്രതികൾ
മംഗളൂരു: അന്തരിച്ച പഞ്ചായത്ത് സെക്രട്ടറിയുടെ ഭാര്യയിൽ നിന്ന് കൈക്കൂലി വാങ്ങുന്നതിനിടെ ബണ്ട്വാൾ താലൂക്ക് ട്രഷറി ഓഫിസിലെ രണ്ട് ഉദ്യോഗസ്ഥരെ കർണാടക ലോകായുക്ത മംഗളൂരു ഡിവിഷൻ സംഘം അറസ്റ്റ് ചെയ്തു. താലൂക്ക് ട്രഷറി ചീഫ് അക്കൗണ്ടന്റ് ഭാസ്‌കർ, ബണ്ട്വാൾ ട്രഷറിയിലെ ഫസ്റ്റ് ഡിവിഷൻ അസിസ്റ്റന്റ് ബി. ബസവേ ഗൗഡ എന്നിവരാണ് അറസ്റ്റിലായത്.
ബണ്ട്വാൾ താലൂക്കിലെ ഒരു ഗ്രാമപഞ്ചായത്തിൽ സെക്രട്ടറിയായി ജോലി ചെയ്തിരുന്ന പരാതിക്കാരിയുടെ ഭർത്താവ് 2023 ഒക്ടോബറിൽ വിരമിച്ചിരുന്നു. 2024 ജൂണിൽ അദ്ദേഹം മരിച്ചു. ഇതേത്തുടർന്ന് അദ്ദേഹത്തിന്റെ ഗ്രാറ്റുവിറ്റി തുക അനുവദിക്കുന്ന നടപടി അനന്തമായി നീണ്ടു. അന്വേഷിക്കാൻ ഭാര്യ താലൂക്ക് ട്രഷറി ചീഫ് അക്കൗണ്ടന്റ് ഭാസ്‌കറിനെ രണ്ടുതവണ സന്ദർശിച്ചെങ്കിലും നടപടിയുണ്ടായില്ല.
ഒടുവിൽ ഗ്രാറ്റുവിറ്റി പരാതിക്കാരിയുടെ അക്കൗണ്ടിലേക്ക് ക്രെഡിറ്റ് ചെയ്താൽ 5000 രൂപ വീതം നൽകണമെന്ന് ഭാസ്കറും ഗൗഡയും ആവശ്യപ്പെട്ടു. ഇതേതുടർന്ന് ഇവർ മംഗളൂരു ലോകായുക്ത പൊലീസ് സ്റ്റേഷനിൽ പരാതിപ്പെട്ടു. ബുധനാഴ്ച പരാതിക്കാരിയിൽ നിന്ന് 5000 രൂപ വീതം കൈക്കൂലി വാങ്ങുന്നതിനിടെ ഭാസ്‌കറും ബസവേ ഗൗഡയും ലോകായുക്ത പൊലീസിന്റെ പിടിയിലാവുകയായിരുന്നു. കർണാടക ലോകായുക്ത മംഗളൂരു ഡിവിഷനിലെ പൊലീസ് സൂപ്രണ്ട് (ഇൻ-ചാർജ്) കുമാരചന്ദ്രയുടെ നേതൃത്വത്തിലാണ് പ്രതികളെ പിടികൂടിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

