ലശ്കർ കമാൻഡർ ഉൾപ്പെടെ രണ്ടു ഭീകരരെ വധിച്ചു
text_fieldsജമ്മു കശ്മീരിലെ അനന്ത്നാഗിൽ സുരക്ഷാസേന പരിശോധന നടത്തുന്നു
ശ്രീനഗർ: ജമ്മു-കശ്മീരിലെ അനന്ത്നാഗ് ജില്ലയിൽ ഏറ്റുമുട്ടലിൽ സുരക്ഷസേന രണ്ടു ഭീകരരെ വധിച്ചു. ഭീകരസംഘടനയായ ലശ്കറെ തയ്യിബ കമാൻഡർ ഉസൈർ ഖാനെയും മറ്റൊരു ഭീകരനെയുമാണ് വധിച്ചത്. ഇതോടെ അനന്ത്നാഗ് ജില്ലയിലെ ഗഡോൾ വനമേഖലയിൽ ഏഴുദിവസമായി ഭീകരരുമായി തുടരുന്ന ഏറ്റുമുട്ടൽ അവസാനിപ്പിച്ചതായി കശ്മീർ എ.ഡി.ജി.പി വിജയ്കുമാർ പറഞ്ഞു. ഏറ്റുമുട്ടലിനിടെ മൂന്നു സൈനിക ഉദ്യോഗസ്ഥരും സൈനികനും വീരമൃത്യുവരിച്ചിരുന്നു. രണ്ടു മൃതദേഹങ്ങളാണ് വനമേഖലയിൽനിന്ന് കണ്ടെടുത്തത്. ഇതിലൊരാൾ കഴിഞ്ഞ ബുധനാഴ്ച ഭീകരർ കൊലപ്പെടുത്തിയ സൈനികൻ പ്രദീപ്കുമാറിന്റെതായിരുന്നു. ഏറ്റുമുട്ടൽ തുടങ്ങിയ ദിവസം പ്രദീപനെ കാണാതായിരുന്നു. ഛിന്നഭിന്നമായ നിലയിൽ കണ്ടെത്തിയ രണ്ടാമത്തെ മൃതദേഹം തിരിച്ചറിഞ്ഞിട്ടില്ല.
കഴിഞ്ഞ ബുധനാഴ്ച കേണൽ മൻപ്രീത് സിങ്, മേജർ ആശിഷ് ധോൻചക്, പൊലീസ് ഡെപ്യൂട്ടി സൂപ്രണ്ട് ഹുമയൂൺ ഭട്ട് എന്നിവരെ ഭീകരർ കൊലപ്പെടുത്തിയതിന് പിന്നാലെയാണ് ഏറ്റുമുട്ടൽ തുടങ്ങിയത്. ഇവരെ കൊലപ്പെടുത്തിയതിന് പിന്നാലെ വനത്തിലൊളിച്ച ഭീകരരെ കണ്ടെത്താനാണ് സൈന്യം നീക്കം തുടങ്ങിയത്. ഡ്രോണുകളും ഹെലികോപ്ടറുകളും ഉപയോഗിച്ചാണ് വനമേഖലയിൽ സുരക്ഷസേന തിരച്ചിൽ നടത്തിയത്.
വനത്തിൽ പരിശോധന തുടരുമെന്ന് എ.ഡി.ജി.പി വിജയ്കുമാർ കൂട്ടിച്ചേർത്തു. ഇവിടെ വളരെയേറെ ഷെല്ലുകളുണ്ടാവും. ഇത് കണ്ടെത്തി നശിപ്പിക്കും. അതിനാൽ മേഖലയിലേക്ക് ജനങ്ങൾ പോകരുത്. വനത്തിൽ മൂന്നു ഭീകരരുണ്ടായിരുന്നെന്നാണ് സുരക്ഷസേന വ്യക്തമാക്കിയത്.
മൂന്നാമത്തെ ഭീകരന്റെ മൃതദേഹം എവിടെയെങ്കിലുമുണ്ടാകാമെന്നും എന്നാൽ, പരിശോധന പൂർത്തിയായാലേ ഇക്കാര്യം വ്യക്തമാവുകയുള്ളൂവെന്നും എ.ഡി.ജി.പി കൂട്ടിച്ചേർത്തു.