രാജസ്ഥാനിൽ 'ബ്രേക്കിങ് ബാഡ്' മാതൃകയിൽ മയക്കുമരുന്ന് നിർമാണം; രണ്ട് അധ്യാപകർ അറസ്റ്റിൽ
text_fieldsജയ്പൂർ: രാജസ്ഥാനിൽ മയക്കുമരുന്ന് നിർമിച്ചതിനെ തുടർന്ന് രണ്ട് അധ്യാപകർ പിടിയിൽ. 15 കോടിയുടെ മെഫിഡ്രോണ്‍ എന്ന മയക്കുമരുന്നാണ് നിർമിച്ചത്. സിന്തറ്റിക് മയക്കുമരുന്ന് വിഭാഗത്തിലുള്ള ഇവയുടെ ഉപയോഗം ഗുരുതരമായ മാനസിക ശാരീരിക പ്രശ്നങ്ങളുണ്ടാക്കും.
ജൂലൈ 8 ന് പുലർച്ചെ എൻ.സി.ബി സംഘം നടത്തിയ പരിശോധനയിലാണ് ഇവരെ പിടികൂടിയത്. അമേരിക്കൻ ടെലിവിഷൻ സിരീസായ ബ്രേക്കിങ് ബാഡുമായി ഈ കേസിന് വളരെ സാമ്യമുണ്ട്.
ഗംഗാനഗറിലെ ഡ്രീം ഹോംസ് അപാര്‍ട്ട്മെന്‍റിലാണ് ഇരുവരും മയക്കുമരുന്ന് നിര്‍മിച്ചിരുന്നത്. രണ്ടര മാസത്തോളമായി ഇരുവരും ഇവിടെ മയക്കുമരുന്ന് ഉണ്ടാക്കുന്നതായി അന്വേഷണത്തിൽ കണ്ടെത്തി. ദില്ലിയിൽ നിന്നാണ് മയക്കുമരുന്ന് ഉണ്ടാക്കാനുള്ള രാസപദാര്‍ഥങ്ങളും മറ്റ് ഉപകരണങ്ങളും എത്തിച്ച് കൊണ്ടിരുന്നത്. ജോലിയിൽ നിന്ന് അവധിയെടുത്തായിരുന്നു മയക്കുമരുന്ന് നിര്‍മാണം.
കഴിഞ്ഞ രണ്ടര മാസത്തിനിടെ അഞ്ചു കിലോഗ്രാം മയക്കുമരുന്നാണ് ഇവര്‍ നിര്‍മിച്ചത്. ഇതിൽ 4.22 കിലോ മയക്കുമരുന്നും വിറ്റതായി എൻ.സി.ബി അധികൃതര്‍ പറഞ്ഞു. ഫ്ലാറ്റിൽ അവശേഷിച്ചിരുന്ന 780 ഗ്രാമം മയക്കുമരുന്നും ആധുനിക നിര്‍മാണ ഉപകരണങ്ങളുമാണ് പിടിച്ചെടുത്തത്.
പിടിച്ചെടുത്ത മയക്കുമരുന്നിന് 2.34 കോടി വിലവരുമെന്നും എൻ.സി.ബി അറിയിച്ചു. നിലവിൽ അഞ്ചു കിലോ മയക്കുമരുന്നിന് മാര്‍ക്കറ്റിൽ 15 കോടിയോളമാണ് വിലവരുന്നത്. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

