Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightസോനം വാങ്ചുകിന്റെ...

സോനം വാങ്ചുകിന്റെ ചിത്രം വരച്ചു; രണ്ട് വിദ്യാർഥികൾ അറസ്റ്റിൽ

text_fields
bookmark_border
സോനം വാങ്ചുകിന്റെ ചിത്രം വരച്ചു; രണ്ട് വിദ്യാർഥികൾ അറസ്റ്റിൽ
cancel
camera_alt

സോനം വാങ്ചുകിന്റെ ചുമർചിത്രം 

ഗുവാഹത്തി: പ്രമുഖ പരിസ്ഥിതി-സാമൂഹിക പ്രവർത്തകൻ സോനം വാങ്ചുകിന്റെ ചിത്രം അനുമതിയില്ലാതെ സർക്കാർ മതിലിൽ വരച്ച രണ്ട് യുവാക്കളെ ഗുവാഹത്തി പൊലീസ് അറസ്റ്റ് ചെയ്തു. ഗുവാഹത്തി ഈസ്റ്റിൽ പട്രോളിംഗിനിടെയാണ് ഇരുവരും പിടിയിലായത്. പൊതുമുതൽ നശിപ്പിച്ചെന്ന കുറ്റമാണ് ഇവർക്കെതിരെ ചുമത്തിയിരിക്കുന്നത്. അസമിലെ ഗവൺമെന്റ് കോളേജ് ഓഫ് ആർട്ട് ആൻഡ് ക്രാഫ്റ്റിലെ വിദ്യാർഥികളാണ് ഇരുവരുമെന്ന് പൊലീസ് അറിയിച്ചു. ജ്യോതി ബിഷ്ണു ഓഡിറ്റോറിയത്തിലേക്ക് പോകുന്ന റോഡിലെ സർക്കാർ മതിലിൽ ചിത്രം വരയ്ക്കുന്നതിനിടയിലാണ് ഇവർ പിടിയിലായത്.

കഴിഞ്ഞ ദിവസം നഗരത്തിലെ ഫ്ലൈഓവർ തൂണിൽ സോനം വാങ്ചുകിന്റെ വലിയൊരു ചിത്രവും അതിനോടൊപ്പം "സേവ് സോനം വാങ്ചുക്" എന്ന വാചകവും പ്രത്യക്ഷപ്പെട്ടിരുന്നു. ഇത് വലിയതോതിൽ ജനശ്രദ്ധ ആകർഷിച്ചതിനെത്തുടർന്ന് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിരുന്നു. ഇതിന് പിന്നാലെയാണ് രണ്ടാമത്തെ സംഭവത്തിൽ രണ്ട് വിദ്യാർത്ഥികൾ പിടിയിലാകുന്നത്. പിടിയിലായ യുവാക്കൾക്ക് രാഷ്ട്രീയ പാർട്ടികളുമായോ മറ്റ് സംഘടനകളുമായോ ബന്ധമില്ലെന്നും സ്വതന്ത്രമായാണ് ചിത്രം വരച്ചതെന്നും ഡെപ്യൂട്ടി പോലീസ് കമ്മീഷണർ ഹിരണ്യ കുമാർ പറഞ്ഞു. സർക്കാർ അനുമതിയില്ലാതെ പൊതുമുതൽ വികൃതമാക്കില്ലെന്ന മുന്നറിയിപ്പ് നൽകി ഇവരെ പിന്നീട് ജാമ്യത്തിൽ വിട്ടയക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പരീക്ഷാ ചോദ്യപേപ്പർ ചോർച്ചയ്ക്കെതിരെ ജന്തർ മന്തറിൽ കഴിഞ്ഞ 20 ദിവസമായി അനിശ്ചിതകാല നിരാഹാര സമരത്തിലായിരുന്ന സോനം വാങ്ചുകിനെ ആരോഗ്യനില വഷളായതിനെ തുടർന്ന് ഡൽഹി പൊലീസ് സഫ്ദർജംഗ് ആശുപത്രിയിലേക്ക് മാറ്റിയ സാഹചര്യത്തിലാണ് ഗുവാഹത്തിയിലെ സംഭവം.

പൊതുമുതലുകൾ അനുമതിയില്ലാതെ വികൃതമാക്കുന്നതിനെതിരെ അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ നേരത്തെ തന്നെ കർശന നിർദ്ദേശം നൽകിയിരുന്നു. ഗുവാഹത്തിയിലെ ഫ്ലൈഓവറുകളിലും മറ്റ് പൊതു ഇടങ്ങളിലും അനുമതിയില്ലാത്ത ചിത്രങ്ങൾ വരയ്ക്കാൻ അനുവദിക്കരുതെന്ന് അദ്ദേഹം ജില്ലാ കളക്ടർമാർക്കും എസ്.പിമാർക്കും നിർദ്ദേശം നൽകിയിട്ടുണ്ട്. നഗരം വൃത്തിയായി സൂക്ഷിക്കുന്നതിന്റെ ഭാഗമായി പൊതുമതിലുകളിലോ ഇലക്ട്രിക് പോസ്റ്റുകളിലോ അനുമതിയില്ലാതെ പോസ്റ്റർ ഒട്ടിക്കുകയോ എഴുതുകയോ ചെയ്യുന്നവർക്ക് 5,000 രൂപ പിഴ ചുമത്തുമെന്ന് ഗുവാഹത്തി മുനിസിപ്പൽ കോർപ്പറേഷനും മുന്നറിയിപ്പ് നൽകി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:asamGuwahatiSonam WangchukCockroach Janata Party
News Summary - Two students arrested for drawing a picture of Sonam Vanchuk
Next Story