ഓണാവധിക്ക് കർണാടകയിൽനിന്ന് കേരളത്തിലേക്ക് രണ്ട് പ്രത്യേക ട്രെയിൻ
text_fieldsബംഗളൂരു: ഓണാവധിക്കാലത്ത് മൈസൂരുവിൽനിന്നും ബംഗളൂരുവിൽനിന്നും കേരളത്തിലേക്കുള്ള യാത്രാത്തിരക്ക് കണക്കിലെടുത്ത് ബുധനാഴ്ച രണ്ട് സ്‍പെഷൽ ട്രെയിൻ ഓടിക്കാൻ തീരുമാനം.
യശ്വന്തപുര - കൊല്ലം- യശ്വന്തപുര (06501/06502), മൈസൂരു - തിരുവനന്തപുരം സെന്‍ട്രല്‍ - മൈസൂരു (06201/06202) എന്നീ സ്‌പെഷല്‍ ട്രെയിനുകളാണ് ദക്ഷിണ പശ്ചിമ റെയിൽവെ പ്രഖ്യാപിച്ചത്. യശ്വന്തപുര - കൊല്ലം എക്‌സ്പ്രസ് (06501) പാലക്കാട്, തൃശുർ വഴിയും മൈസൂരു - തിരുവനന്തപുരം സെന്‍ട്രല്‍ എക്‌സ്പ്രസ് (06201) സേലം, മധുരൈ,നാഗർകോവിൽ വഴിയുമാണ് പോവുക. അതിനാൽ ഫലത്തിൽ കേരളത്തിലേക്ക് ഓണാവധിക്ക് ഒരു സ്‍പെഷൽ ട്രെയിനിന്റെ സൗകര്യമേ യാത്രക്കാർക്ക് ലഭിക്കൂ. മൈസൂരു - തിരുവനന്തപുരം സ്‍പെഷൽ തിരുവനന്തപുരത്തുകാർക്കും തമിഴ്നാട്ടിലെ മറ്റു സ്റ്റേഷനുകളിലേക്കുള്ള യാത്രക്കാർക്കുമാണ് ഉപകാരപ്പെടുക. അതേസമയം, മലബാർ മേഖലയിലേക്ക് പ്രത്യേക ട്രെയിൻ ഇല്ല.
ഓണക്കാല തിരക്ക് മുതലെടുത്ത് സ്വകാര്യ ബസുകൾ തീവെട്ടിക്കൊള്ളയാണ് നടത്തുന്നത്. 3999 രൂപ വരെയാണ് സ്വകാര്യ ബസുകൾ കേരളത്തിലേക്കുള്ള യാത്രക്ക് ഈടാക്കുന്നത്.
യശ്വന്തപുര - കൊല്ലം എക്‌സ്പ്രസ് (06501) യശ്വന്തപുരയില്‍ നിന്ന് ബുധനാഴ്ച ഉച്ചയ്ക്ക് ഒന്നിന് പുറപ്പെട്ട് പിറ്റേദിവസം രാവിലെ 4.30-ന് കൊല്ലത്തെത്തും. തിരിച്ച് വ്യാഴാഴ്ച രാവിലെ 6.10-ന് കൊല്ലത്ത് നിന്ന് പുറപ്പെട്ട് രാത്രി 10ന് യശ്വന്തപുരയിലെത്തും. കെ.ആര്‍ പുരം, സേലം, ഈറോഡ് ജങ്ഷന്‍, തിരുപ്പൂര്‍, കോയമ്പത്തൂര്‍ ജംഗ്ഷന്‍, പാലക്കാട്, തൃശൂര്‍, ആലുവ, എറണാകുളം ടൗണ്‍, കോട്ടയം, തിരുവല്ല, ചെങ്ങന്നൂര്‍ എന്നിവിടങ്ങളില്‍ സ്‌റ്റോപ്പുണ്ടാകും.
മൈസൂരു - തിരുവനന്തപുരം സെന്‍ട്രല്‍ എക്‌സ്പ്രസ് (06201) ബുധനാഴ്ച ഉച്ചയ്ക്ക് 12.15-ന് മൈസൂരുവില്‍ നിന്ന് പുറപ്പെട്ട് പിറ്റേദിവസം രാവിലെ 7.30-ന് തിരുവനന്തപുരം സെന്‍ട്രലിലെത്തും. തിരിച്ച് വ്യാഴാഴ്ച ഉച്ചയ്ക്ക് 12.45-ന് തിരുവനന്തപുരത്ത് നിന്ന് പുറപ്പെട്ട് പിറ്റേദിവസം രാവിലെ 11.45-ന് മൈസൂരുവിലെത്തും. മാണ്ഡ്യ, കെങ്കേരി, കെ.എസ്.ആര്‍ ബംഗളൂരു, കന്റോണ്‍മെന്റ്, ഹൊസൂര്‍, ധര്‍മപുരി, സേലം, നാമക്കല്‍, കരൂര്‍, ഡിന്‍ഡിഗല്‍, മധുരൈ, കോവില്‍പട്ടി, തിരുനെല്‍വേലി, നാഗര്‍കോവില്‍ ടൗണ്‍ എന്നിവിടങ്ങളില്‍ സ്‌റ്റോപ്പുണ്ടാകും.
അതേസമയം, കെ.എസ്.ആർ ബംഗളൂരു- എറണാകുളംസൂപ്പർ ഫാസ്റ്റ് എക്സ്പ്രസിൽ സെപ്തംബർ 13 വരെ ഒരു ജനറൽ സെക്കൻഡ് ക്ലാസ് കോച്ചുകൂടി അനുവദിച്ചിട്ടുണ്ട്. കൊച്ചുവേളി- ബൈയപ്പനഹളി എസ്.എം.വി.ടി ഹംസഫർ എക്സ്പ്രസിൽ വ്യാഴം, ശനി ദിവസങ്ങളിൽ ഒരു ത്രീ ടയർ എ.സി കോച്ചും അധികം അനുവദിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

