ദോഡയിൽ ഭീകരരുമായുള്ള ഏറ്റുമുട്ടലിൽ രണ്ട് സൈനികർക്ക് പരിക്ക്
text_fieldsദോഡ: ജമ്മു കശ്മീരിലെ ദോഡ ജില്ലയിൽ ഭീകരരുമായുണ്ടായ ഏറ്റുമുട്ടലിൽ രണ്ട് സൈനികർക്ക് പരിക്ക്. ദോഡയിലെ സർക്കാർ ആശുപത്രിയിൽ പ്രാഥമിക ചികിത്സ നൽകിയ സൈനികരെ ഹെലികോപ്റ്ററിൽ സൈനിക ആശുപത്രിയിലേക്ക് മാറ്റി.
പുലർച്ചെ രണ്ട് മണിയോടെയാണ് കസ്തിഗറിലെ ജദൻബട്ട ഗ്രാമത്തിൽ ഭീകരരുമായി ഏറ്റുമുട്ടൽ ആരംഭിച്ചത്. തിരച്ചിൽ നടത്തിയ സുരക്ഷാ സേനാംഗങ്ങൾക്ക് നേരെ ഭീകരർ വെടിയുതിർക്കുകയായിരുന്നുവെന്ന് ജമ്മു കശ്മീർ പൊലീസ് പറഞ്ഞു. കഴിഞ്ഞ ദിവസം ദോഡയിൽ ഭീകരരുടെ ആക്രമണത്തിൽ നാല് സൈനികർക്ക് വീരമൃത്യു വരിച്ചതിന് പിന്നാലെയാണ് സുരക്ഷാസേന വ്യാപക തിരച്ചിൽ ആരംഭിച്ചത്.
ജൂലൈ 16നാണ് ദോഡയിൽ ഭീകരരുമായുള്ള ഏറ്റുമുട്ടലിൽ നാല് സൈനികർക്ക് വീരമൃത്യു വരിച്ചത്. സൈനിക ഓഫിസർ ഉൾപ്പെടെയുള്ളവരാണ് മരിച്ചത്. വെടിവെപ്പിൽ ജമ്മു കശ്മീർ പൊലീസിലെ ഉദ്യോഗസ്ഥനും പരിക്കേറ്റിരുന്നു.
ഭീകരരെ കണ്ടെത്താനായി ദോഡ നഗരത്തിൽ നിന്ന് 55 കിലോമീറ്റർ അകലെ പൊലീസിലെ പ്രത്യേക വിഭാഗവും സൈന്യവും നടത്തിയ സംയുക്ത ഓപറേഷനിടെയാണ് വെടിവെപ്പ് ഉണ്ടായത്. പാകിസ്താന്റെ പിന്തുണയുള്ള ജെയ്ഷെ മുഹമ്മദിന്റെ നിഴൽ സംഘമായ ‘കശ്മീർ ടൈഗേഴ്സ്’ ആണ് ആക്രമണത്തിന് പിന്നിലെന്ന് സൈന്യം വ്യക്തമാക്കി.
അതേസമയം, ജമ്മു കശ്മീരിൽ 32 മാസത്തിനിടെ വീരമൃത്യു വരിച്ചത് 48 സൈനികരെന്നാണ് കണക്കുകൾ. ദോഡ ജില്ലയിൽ ഭീകരരുമായുള്ള ഏറ്റുമുട്ടലിൽ മേജർ അടക്കം നാലു സൈനികർ വീരമൃത്യു വരിച്ചതിന് പിന്നാലെയാണ് റിപ്പോർട്ട് പുറത്തുവന്നത്.

