രണ്ട് വിമാന ദുരന്തങ്ങൾ, രക്ഷപ്പെട്ട രണ്ടുപേരുടെയും സീറ്റ് നമ്പർ 11എ!; അത്ഭുത സാമ്യം പങ്കുവെച്ച് ദുരന്തം അതിജീവിച്ചയാൾ
text_fieldsന്യൂഡൽഹി: രാജ്യത്തെ നടുക്കിയ അഹ്മദാബാദ് വിമാനദുരന്തത്തിൽ 241 പേർക്കാണ് ജീവൻ നഷ്ടമായത്. ദുരന്തത്തിൽ നിന്ന് ബ്രിട്ടീഷ് പൗരത്വമുള്ള വിശ്വാസ് കുമാർ രമേഷ് എന്ന 40കാരൻ മാത്രമാണ് അത്ഭുതകരമായി രക്ഷപ്പെട്ടത്.
27 വർഷം മുമ്പ് 146 യാത്രക്കാരുമായി പുറപ്പെട്ട തായ് വിമാനം തകർന്നു വീണപ്പോഴും സമാന രീതിയിൽ ചില യാത്രക്കാർ രക്ഷപ്പെടുകയുണ്ടായി. അതിലൊരാളാണ് തായ് നടനും ഗായകനുമായ റുവാങ്സാക് ലൊയ്ചുസാക്. അപകടംനടക്കുമ്പോൾ 20 വയസായിരുന്നു അദ്ദേഹത്തിന്. 1998 ഡിസംബർ ഒന്നിനായിരുന്നു തായ് എയർവേസിന്റെ ടി.ജി 261 വിമാനം അപകടത്തിൽപെട്ടത്. അന്ന് റുവാങ്സാക് ഇരുന്ന സീറ്റും വിശ്വാസ്കുമാർ ഇരുന്ന സീറ്റും തമ്മിലുള്ള സാമ്യമാണ് ഇപ്പോൾ ചർച്ചയാകുന്നത്. രണ്ടുപേരും ഇരുന്നത് 11എ എന്ന നമ്പറിലുള്ള സീറ്റിലാണ്. ബാങ്കോക്കിൽ നിന്ന് പറന്നുയർന്ന വിമാനം ലാൻഡിങ്ങിനിടെ വായുവിൽ നിലച്ചു തകർന്നുവീഴുകയായിരുന്നു. വിമാനത്തിലുണ്ടായിരുന്ന 146 പേരിൽ 101 പേർ മരിച്ചു. രക്ഷപ്പെട്ടവരിൽ ഒരാളായിരുന്നു അദ്ദേഹം.
വിശ്വാസ് കുമാർ രക്ഷപ്പെട്ട വാർത്ത അറിഞ്ഞപ്പോൾ, തന്റെയും അദ്ദേഹത്തിന്റെയും സീറ്റ് നമ്പറുകളിലെ സാമ്യം കണ്ട് അമ്പരന്ന് പോയെന്ന് റുവാങ്സാക് ഫേസ്ബുക്കിൽ കുറിച്ചു. പക്ഷേ ഇത് യാദൃശ്ചികം മാത്രമായിരുന്നു, കാരണം തായ് എയർവേയ്‌സ് അപകടത്തിൽ നിരവധി പേർ രക്ഷപ്പെട്ടു. എന്നാൽ എയർ ഇന്ത്യ അപകടത്തിൽ ഒരാൾ മാത്രമേ രക്ഷപ്പെട്ടുള്ളൂ. കൂടാതെ, രണ്ട് വിമാനങ്ങളും വ്യത്യസ്തമായിരുന്നു. തായ് എയർവേയ്‌സ് ഫ്ലൈറ്റ് ഒരു എയർബസ് എ310 ആയിരുന്നു. അതേസമയം എയർ ഇന്ത്യ ഫ്ലൈറ്റ് എ.ഐ-171 ഒരു ബോയിങ് 787-8 വിമാനവും. 11എയുടെ രൂപകൽപന, ലേഔട്ട്, സീറ്റ് പൊസിഷനിങ് എന്നിവ രണ്ട് വിമാനങ്ങളിലും വ്യത്യസ്തമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

