കേദാർനാഥ് ട്രെക്കിങ് റൂട്ടിൽ മണ്ണിടിച്ചിൽ; രണ്ട് മരണം
text_fieldsരുദ്രപ്രയാഗ്: കേദാർനാഥ് ക്ഷേത്രത്തിലേക്കുള്ള ട്രെക്കിങ് റൂട്ടിൽ ഉണ്ടായ മണ്ണിടിച്ചിലിൽ രണ്ട് മരണം. മൂന്ന് പേർക്ക് പരിക്കേറ്റതായും പൊലീസ് അറിയിച്ചു. ജംഗിൾചാട്ടി ഘട്ടിന് സമീപം രാവിലെ 11.20 നാണ് മണ്ണിടിച്ചിലിൽ ഉണ്ടായത്. പൊലീസും എസ്.ഡി.ആർ.എഫ് ഉദ്യോഗസ്ഥരും നാട്ടുകാരും ചേർന്നാണ് മരിച്ചവരെയും പരിക്കേറ്റവരെയും മലയിടുക്കിൽ നിന്ന് പുറത്തെടുത്തത്.
രുദ്രപ്രയാഗ് ജില്ലയിലെ ജംഗിൾഛട്ടി ഘട്ടിന് സമീപമുള്ള കുന്നിൻ ചരിവിൽ വെച്ച് തീർഥാടകരുടെയും പല്ലക്ക്, പോർട്ടർ ഓപ്പറേറ്റർമാരുടെയും മുകളിലേക്ക് പാറകൾ വീഴുകയായിരുന്നു. സംഭവസ്ഥലത്ത് വെച്ചുതന്നെ രണ്ട് പേർ മരിച്ചു. ഒരു സ്ത്രീ ഉൾപ്പെടെയുള്ള മൂന്ന് പേർക്കാണ് പരിക്കേറ്റത്. സ്ത്രീക്ക് നിസാര പരിക്കുകൾ മാത്രമേ ഉണ്ടായിട്ടുള്ളൂ.
ഗുരുതരമായി പരിക്കേറ്റ മറ്റുരണ്ട് പേരെ ഗൗരികുണ്ടിലെ ഒരു ആരോഗ്യ കേന്ദ്രത്തിലേക്ക് മാറ്റിയതായി എസ്.പി പറഞ്ഞു. മരിച്ചവരെക്കുറിച്ച് അന്വേഷണം നടത്തുകയാണെന്നും പൊലീസ് സംരക്ഷണത്തിൽ തീർഥാടകരുടെ സഞ്ചാരം തുടരുകയാണെന്നും പൊലീസ് അറിയിച്ചു. പർവത പാതകളിലൂടെ സഞ്ചരിക്കുമ്പോൾ എല്ലാ യാത്രക്കാരും പ്രത്യേക ജാഗ്രത പാലിക്കണമെന്നും ഭരണകൂടം പുറപ്പെടുവിച്ച നിർദേശങ്ങൾ കർശനമായി പാലിക്കണമെന്നും പൊലീസ് അഭ്യർഥിച്ചു.
ഞായറാഴ്ച രാവിലെ കേദാർനാഥിന് സമീപം ഒരു ഹെലികോപ്റ്റർ തകർന്നുവീണ് രണ്ട് വയസ്സുള്ള കുട്ടിയും പൈലറ്റും ഉൾപ്പെടെ ഏഴ് പേർ മരിച്ചു. കേദാർനാഥിൽ നിന്ന് ഗുപ്തകാശിയിലേക്കുള്ള യാത്രാമധ്യേ പുലർച്ചെ 5:30 ഓടെ ഹെലികോപ്റ്റർ പറന്നുയർന്നതിന് തൊട്ടുപിന്നാലെയാണ് തകർന്നുവീണത്. മോശം കാലാവസ്ഥയെത്തുടർന്നാണ് ഗൗരികുണ്ഡിലെ വനങ്ങൾക്ക് മുകളിലാണ് അപകടം നടന്നതെന്ന് രുദ്രപ്രയാഗ് ജില്ലാ ദുരന്ത നിവാരണ ഓഫിസർ നന്ദൻ സിങ് രാജ്വാർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

