രണ്ട് അമുസ്ലിംകളെ ഉൾപ്പെടുത്തിയില്ല; വഖഫ് ബോർഡ് പ്രവർത്തനം തടഞ്ഞതിന് സ്റ്റേ
text_fieldsന്യൂഡൽഹി: രണ്ട് അമുസ്ലിംകളെ ഉൾപ്പെടുത്താത്തതിന് തമിഴ്നാട് വഖഫ് ബോർഡിന്റെ പ്രവർത്തനം തടഞ്ഞ മദ്രാസ് ഹൈകോടതി ഉത്തരവ് സുപ്രീംകോടതി സ്റ്റേ ചെയ്തു. ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസുമാരായ ജോയ്മല്യ ബാഗ്ചി, വിപുൽ പഞ്ചോലി എന്നിവരടങ്ങുന്ന ബെഞ്ചാണ് ഹൈകോടതി ഉത്തരവ് സ്റ്റേ ചെയ്തത്. രണ്ട് അമുസ്ലിംകളെയും ബാർ കൗൺസിൽ അംഗത്തെയും പ്രഫഷനലായ ഒരാളെയും ബോർഡിൽ ഉൾപ്പെടുത്തണമെന്ന വ്യവസ്ഥ പാലിച്ചില്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഹൈകോടതി നടപടി.
പതിനൊന്ന് അംഗങ്ങളിൽ എട്ടുപേരെ നിയമിച്ചെന്നും, മൂന്നുപേരെ മാത്രമാണ് നിയമിക്കാൻ ശേഷിക്കുന്നതെന്നും, ബോർഡിന്റെ പ്രവർത്തനം നിർത്തിവെപ്പിക്കാൻ അത് മതിയായ കാരണമല്ലെന്നുമാണ് വഖഫ് ബോർഡിനുവേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ പി. വിൽസൺ ബോധിപ്പിച്ചത്. ബാർ കൗൺസിൽ തെരഞ്ഞെടുപ്പ് നടക്കുന്നതിനാലാണ് നോമിനിയെ നിയമിക്കാൻ വൈകുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
മൂന്നുപേരുടെ നിയമന കാര്യം അടുത്ത വാദത്തിൽ ബോധിപ്പിക്കണമെന്ന് കോടതി ആവശ്യപ്പെട്ടു. വഖഫ് ബോർഡ് രൂപവത്കരണം നിയമാനുസൃതം നടത്തിയില്ലെന്ന് പ്രഥമദൃഷ്ട്യാ ബോധ്യപ്പെട്ടതിനെ തുടർന്നാണ് ബോർഡിന്റെ പ്രവർത്തനം ഹൈകോടതി തടഞ്ഞത്. ഇത് ചോദ്യംചെയ്താണ് തമിഴ്നാട് വഖഫ് ബോർഡ് സുപ്രീംകോടതിയെ സമീപിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

