മണിപ്പൂരിൽ വീണ്ടും വെടിവെപ്പ്; രണ്ടുപേർ കൊല്ലപ്പെട്ടു, രണ്ടുപേർക്ക് പരിക്ക്
text_fieldsഇംഫാൽ: മണിപ്പൂരിൽ വീണ്ടും അക്രമം പൊട്ടി പുറപ്പെട്ടതിനെ തുടർന്നുണ്ടായ വെടിവെപ്പിൽ രണ്ടുപേർ കൊല്ലപ്പെട്ടു. സേനാപതി ജില്ലയിലെ കലൻജാങ് ഗ്രാമത്തിൽ ശനിയാഴ്ച ഉച്ചയോടെയുണ്ടായ ആക്രമണത്തിലാണ് രണ്ട് നാഗാ പൗരന്മാർ കൊല്ലപ്പെട്ടത്. രണ്ടുപേർക്ക് പരിക്കേറ്റു. അജ്ഞാതരായ ആയുധധാരികളാണ് ആക്രമണം നടത്തിയതെന്ന് പൊലീസ് പറയുന്നു.
കലൻജാങ് ഗ്രാമത്തലവന്റെ വീട്ടിനുള്ളിലായിരുന്ന നാഗാ പൗരന്മാർക്കുനേരെയാണ് വെടിവെപ്പ് നടന്നതെന്ന് പൊലീസ് പറയുന്നു. സേനാപതി ജില്ലയിലെ റോക്കി, കുമാർ എന്നിവരാണ് കൊല്ലപ്പെട്ടത്. പരിക്കേറ്റവരെ ചികിത്സക്കായി സമീപത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കൊല്ലപ്പെട്ടവരുടെ മൃതദേഹങ്ങൾ സേനാപതി ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. സംഭവസ്ഥലത്ത് പൊലീസ് സംഘം എത്തി അന്വേഷണം ആരംഭിച്ചു. കുക്കി ഗോത്രത്തിൽപ്പെട്ടവരാണ് ആക്രമണം നടത്തിയതെന്ന് പ്രാദേശിക വൃത്തങ്ങൾ റിപ്പോർട്ട് ചെയ്തു. സംഭവത്തിൽ മണിപ്പൂർ മുഖ്യമന്ത്രി യുംനാം ഖേംചന്ദ് സിങ് അപലപിച്ചു.
കലൻജാങ് ആക്രമണത്തിന് രണ്ട് ദിവസം മുമ്പ് കാംജോങ് ജില്ലയിലെ പിലോങ് ഗ്രാമത്തിൽ നാലുപേർ കൊല്ലപ്പെട്ടിരുന്നു. ഇന്ത്യ -മ്യാൻമർ അതിർത്തിക്ക് സമീപം നടന്ന വെടിവെപ്പിൽ നാല് താങ്ഖുൽ നാഗാ വിഭാഗത്തിൽപ്പെട്ടവർ കൊല്ലപ്പെട്ടതായി അധികൃതർ അറിയിച്ചു. ഇതോടെ രണ്ട് ദിവസത്തിനിടെ ആറ് നാഗാ പൗരന്മാരാണ് വ്യത്യസ്ത ആക്രമണങ്ങളിൽ കൊല്ലപ്പെട്ടത്.
അതേസമയം, യുണൈറ്റഡ് നാഗാ കൗൺസിൽ മണിപ്പൂരിലെ ദേശീയപാതകളിലെ നാല് മാസത്തോളമായി തുടരുന്ന സാമ്പത്തിക ഉപരോധം താൽക്കാലികമായി പിൻവലിക്കാൻ തീരുമാനിച്ചിരുന്നു. കേന്ദ്ര സംസ്ഥാന സർക്കാരുകളുമായി ഗുവാഹത്തിയിൽ നടന്ന ത്രികക്ഷി ചർച്ചകൾക്ക് പിന്നാലെയായിരുന്നു തീരുമാനം. സെപ്റ്റംബർ 26 വൈകിട്ട് ആറുമുതൽ ഉപരോധം താൽക്കാലികമായി നിർത്തിവെക്കുമെന്ന് യു.എൻ.സി അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

