സഹാറൻപൂർ പള്ളി പൊളിച്ചതിന് പിന്നാലെ യു.പിയിൽ രണ്ട് മസ്ജിദുകൾക്ക് കൂടി ഭീഷണി; നടപടിക്കെതിരെ പ്രതിഷേധം ശക്തം
text_fieldsസഹാറൻപൂർ പള്ളി
ലഖ്‌നൗ: സഹാറൻപൂർ കലക്ടറേറ്റ് വളപ്പിലെ പതിറ്റാണ്ടുകൾ പഴക്കമുള്ള പള്ളി അനധികൃത നിർമാണമെന്ന് ആരോപിച്ച് ബുൾഡോസർ ഉപയോഗിച്ച് പൊളിച്ചുനീക്കിയതിന് പിന്നാലെ, പടിഞ്ഞാറൻ ഉത്തർപ്രദേശിലെ രണ്ട് മസ്ജിദുകൾ കൂടി ഭരണകൂട നിരീക്ഷണത്തിൽ. മൊറാദാബാദിലെ മുസ്തഫ മസ്ജിദിനും സംഭലിലെ ബാബാ ബഹാഉദ്ദീൻ ഷാ മസ്ജിദിനുമെതിരെയാണ് ഹിന്ദുത്വ സംഘടനകളുടെ പരാതികളെത്തുടർന്ന് അധികൃതർ അന്വേഷണം ആരംഭിച്ചിരിക്കുന്നത്.
സംഭൽ ചൗധരി സരായിലെ ബാബാ ബഹാഉദ്ദീൻ ഷാ മസ്ജിദിൽ കനത്ത പോലീസ് കാവലിൽ പുരാവസ്തു ഗവേഷണ വകുപ്പ് (എ.എസ്.ഐ) സംഘം ചൊവ്വാഴ്ച നേരിട്ടെത്തി പരിശോധന നടത്തി. ശ്രീ കൽക്കി സേന ദേശീയ കൺവീനർ സുഭാഷ് ചന്ദ്ര ത്യാഗി നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് സബ് ഡിവിഷണൽ മജിസ്‌ട്രേറ്റിന്റെ നിർദ്ദേശപ്രകാരം എ.എസ്.ഐ നടപടി. എ.എസ്.ഐ സംരക്ഷിത സ്മാരകമായ സംഭൽ ജാമാ മസ്ജിദിന്റെ ഭൂമിയിലാണ് ഈ പള്ളി നിർമിച്ചിരിക്കുന്നത് എന്നാണ് പരാതിക്കാരന്റെ ആരോപണം. റവന്യൂ രേഖകളും ഭൂമിയുടെ ഉടമസ്ഥാവകാശവും പരിശോധിച്ചുവരികയാണെന്ന് അധികൃതർ വ്യക്തമാക്കി.
അതേസമയം, മൊറാദാബാദ് പാക്ബാര മേഖലയിൽ 300 ചതുരശ്ര മീറ്റർ സ്ഥലത്ത് സ്ഥിതിചെയ്യുന്ന 40 വർഷത്തോളം പഴക്കമുള്ള മുസ്തഫ മസ്ജിദിന് മൊറാദാബാദ് വികസന അതോറിറ്റി (എം.ഡി.എ) നോട്ടീസ് അയച്ചു. അംഗീകൃത കെട്ടിട നിർമാണ പ്ലാനില്ലാതെയാണ് പള്ളി പണിതതെന്ന പരാതിയിലാണ് നിർമാണ രേഖകൾ ഹാജരാക്കാൻ ആവശ്യപ്പെട്ടിരിക്കുന്നത്. എന്നാൽ, പള്ളി പൂർണമായും തങ്ങളുടെ സ്വകാര്യ ഭൂമിയിലാണ് 35-40 വർഷം മുൻപ് പിതാവ് ഫരീദ് ജബ്ബാർ പണിതുയർത്തിയതെന്നും തികച്ചും നിയമപരമായാണ് പ്രവർത്തിക്കുന്നതെന്നും പള്ളി നടത്തിപ്പുകാരൻ സീഷാൻ ഫരീദ് വ്യക്തമാക്കി.
തുടർച്ചയായി മുസ്‌ലിം ആരാധനാലയങ്ങളെ ലക്ഷ്യമിട്ട് ഭരണകൂടം നീങ്ങുന്നതിനെതിരെ കടുത്ത രാഷ്ട്രീയ പ്രതിഷേധമാണ് ഉയരുന്നത്. പരാതികൾ ലഭിക്കുമ്പോൾ നിയമപരമായ നടപടിക്രമങ്ങൾ പാലിക്കാതെ ഉദ്യോഗസ്ഥർ വിധി പ്രസ്താവിക്കുകയാണെന്ന് സമാജ്‌വാദി പാർട്ടി സംഭൽ എം.പി സിയാഉർ റഹ്മാൻ ബർഖ് കുറ്റപ്പെടുത്തി. ഉദ്യോഗസ്ഥർ നിയമത്തിന്റെ പരിധിക്കുള്ളിൽ നിന്നുകൊണ്ട് പ്രവർത്തിക്കണമെന്നും, ആരാധനാലയങ്ങൾക്കെതിരായ പക്ഷപാതപരമായ നീക്കങ്ങൾക്കെതിരെ കോടതിയെ സമീപിച്ച് ശക്തമായ നിയമപോരാട്ടം നടത്തുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

