Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മണിപ്പൂർ കലാപം: രണ്ട് കുക്കി-സോ വനിതകൾ വെടിയേറ്റു മരിച്ചു; മൃതദേഹങ്ങൾ സംസ്കരിക്കാതെ പ്രതിഷേധിക്കാൻ ആഹ്വാനം

text_fields
bookmark_border
മണിപ്പൂർ കലാപം: രണ്ട് കുക്കി-സോ വനിതകൾ വെടിയേറ്റു മരിച്ചു; മൃതദേഹങ്ങൾ സംസ്കരിക്കാതെ പ്രതിഷേധിക്കാൻ ആഹ്വാനം
cancel

ഗുവാഹത്തി: മണിപ്പൂരിലെ വംശീയ കലാപം രൂക്ഷമാകുന്നു. തമെങ്‌ലോങ് ജില്ലയിലെ ലെയ്‌സങ്ഫായി ഗ്രാമത്തിൽ ചൊവ്വാഴ്ച ഉച്ചയോടെയുണ്ടായ വെടിവെപ്പിൽ രണ്ട് കുക്കി-സോ വിഭാഗത്തിൽപ്പെട്ട വനിതകൾ കൊല്ലപ്പെട്ടു. അക്രമികൾ ഗ്രാമത്തിലെ നിരവധി ഫാം ഹൗസുകൾക്ക് തീയിടുകയും ചെയ്തു. സംഘർഷം പുകയുന്ന മണിപ്പൂരിൽ ജനങ്ങളുടെ സുരക്ഷയെക്കുറിച്ചുള്ള കടുത്ത ആശങ്കകളാണ് ഈ സംഭവം വീണ്ടും ഉയർത്തുന്നത്.

നഴ്സിങ് പഠനം പൂർത്തിയാക്കിയ 28 കാരിയായ കിംജൽഹായ് സിങ്സൺ, 76 കാരിയായ ഫാൽനെയിചോങ് സിറ്റ്‌ലൗ എന്നിവരാണ് കൊല്ലപ്പെട്ടത്. വിറക് ശേഖരിക്കുന്നതിനായി കൃഷിയിടത്തിൽ പോയപ്പോഴാണ് വിധവയായ ഫാൽനെയിചോങ് അക്രമികളുടെ വെടിയേറ്റു വീണത്. തമെങ്‌ലോങിലെ ഗ്രാമങ്ങളിൽ ദമ്പതികൾ ഉൾപ്പെടെ നാല് കുക്കി-സോ നിവാസികൾ കൊല്ലപ്പെട്ട് രണ്ട് ദിവസങ്ങൾക്ക് ശേഷമാണ് ഈ ആക്രമണം നടക്കുന്നത്.

കൊലപാതകത്തെ ശക്തമായി അപലപിച്ച കുക്കി പീപ്പിൾസ് അലയൻസ് (കെ.പി.എ) എം.എൽ.എ കിംനിയോ ഹാങ്ഷിങ്, ഇത് അങ്ങേയറ്റം മൃഗീയവും ആസൂത്രിതവുമായ അക്രമമാണെന്ന് വിശേഷിപ്പിച്ചു. നിരപരാധികളായ സാധാരണക്കാർക്ക് നേരെയുള്ള ഗുരുതരമായ കടന്നുകയറ്റമാണ് പുതിയ അക്രമമെന്നും ഇനിയും എത്ര നിരപരാധികളുടെ ജീവൻ പൊലിഞ്ഞാലാണ് തടയൽ നടപടികളും സുരക്ഷാ മുൻകരുതലുകളും അധികാരികൾ സ്വീകരിക്കുക എന്നും അവർ ചോദിച്ചു.

അതേസമയം, സായുധ സംഘങ്ങളുടെ ആക്രമണത്തിൽ കൊല്ലപ്പെടുന്ന കുക്കി-സോ വിഭാഗക്കാരുടെ മൃതദേഹങ്ങൾ സംസ്കരിക്കരുതെന്ന് സിവിൽ സൊസൈറ്റി സംഘടനകൾക്ക് കുക്കി-സോ കൗൺസിൽ നിർദേശം നൽകി. അക്രമങ്ങൾ തടയുന്നതിലും നീതി ഉറപ്പാക്കുന്നതിലും സർക്കാർ പരാജയപ്പെട്ടതിൽ പ്രതിഷേധിച്ച്, കൊല്ലപ്പെട്ടവരുടെ മൃതദേഹങ്ങൾ അടുത്തുള്ള കോൾഡ് സ്റ്റോറേജുകളിൽ സൂക്ഷിച്ചു വെച്ച് പ്രതിഷേധിക്കാനാണ് കൗൺസിലിന്റെ ആഹ്വാനം. ‘അക്രമങ്ങൾക്ക് ശേഷമുള്ള വെറുമൊരു അനുശോചനം ഭരണമല്ല. മൗനം പാലിക്കുന്നത് നിഷ്പക്ഷതയുമല്ല, നിഷ്ക്രിയത്വം സമാധാനത്തിന് വഴിതുറക്കില്ല. ഇനിയും ജീവനുകൾ പൊലിയുന്നതിന് മുമ്പ് കേന്ദ്ര-സംസ്ഥാന സർക്കാരുകൾ അടിയന്തരമായി ഇടപെടണം,’ കൗൺസിൽ ആവശ്യപ്പെട്ടു.

മണിപ്പൂരിൽ വംശീയ അക്രമങ്ങൾ പൊട്ടിപ്പുറപ്പെട്ടത് മുതൽ ഇതുവരെ 306 പേരെങ്കിലും കൊല്ലപ്പെടുകയും 49 പേരെ കാണാതാവുകയും ചെയ്തതായി കഴിഞ്ഞ ആഴ്ച സംസ്ഥാന സർക്കാർ നിയമസഭയെ അറിയിച്ചിരുന്നു. ഇതിന് പുറമേ, ഈ വർഷം ഫെബ്രുവരി മുതൽ നാഗാ-കുക്കി-സോ വിഭാഗങ്ങൾക്കിടയിൽ ആരംഭിച്ച പുതിയ തർക്കങ്ങളിലും അക്രമങ്ങളിലുമായി ഇരുവിഭാഗത്തുമായി 40-ഓളം ആളുകൾക്കാണ് ജീവൻ നഷ്ടമായത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Two more Kuki-Zo women killed, farmhouses torched in Manipur
Next Story