Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightമുന്നറിയിപ്പുകൾ...

മുന്നറിയിപ്പുകൾ അവഗണിച്ചു; ജബൽപൂർ ബോട്ട് ദുരന്തം മനുഷ്യനിർമിതം? ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്

text_fields
bookmark_border
മുന്നറിയിപ്പുകൾ അവഗണിച്ചു; ജബൽപൂർ ബോട്ട് ദുരന്തം മനുഷ്യനിർമിതം? ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്
cancel

ഭോപ്പാൽ: 13 പേരുടെ ജീവനെടുത്ത മധ്യപ്രദേശിലെ ബർഗി ഡാം ക്രൂയിസ് ബോട്ട് ദുരന്തം അധികൃതരുടെ അനാസ്ഥ മൂലമെന്ന് സൂചന. അപകടത്തിൽപ്പെട്ട ബോട്ടിന്റെ എൻജിനുകൾ തകരാറിലാണെന്നും അവ അടിയന്തരമായി മാറ്റണമെന്നും ആവശ്യപ്പെട്ട് രണ്ട് മാസം മുമ്പേ ഉദ്യോഗസ്ഥർ നൽകിയ ഔദ്യോഗിക മുന്നറിയിപ്പ് അവഗണിക്കപ്പെട്ടതായി വ്യക്തമാക്കുന്ന രേഖകൾ പുറത്തുവന്നു.

മധ്യപ്രദേശ് ടൂറിസം ഡെവലപ്‌മെന്റ് കോർപ്പറേഷന് കീഴിലുള്ള മൈക്കൽ റിസോർട്ട് അധികൃതർ 2026 മാർച്ച് 1ന് അയച്ച കത്തിലാണ് അപകടാവസ്ഥയെക്കുറിച്ച് സൂചിപ്പിച്ചിരുന്നത്. ബർഗി ഡാമിൽ സർവീസ് നടത്തുന്ന 'മൈക്കൽ സുത', 'രേവ' എന്നീ രണ്ട് ബോട്ടുകൾക്കും ഏകദേശം 20 വർഷത്തോളം പഴക്കമുണ്ടെന്നും ഇവയുടെ എൻജിനുകൾ ആവർത്തിച്ച് തകരാറിലാകുന്നുണ്ടെന്നും കത്തിൽ പറയുന്നു.

പലതവണ അറ്റകുറ്റപ്പണികൾ നടത്തിയിട്ടും എൻജിനുകൾ ഇടക്കിടെ പണിമുടക്കുന്നു. എൻജിനുകൾ വളരെ പഴയതായതിനാൽ അവയുടെ സ്പെയർ പാർട്സുകൾ ഇനി വിപണിയിൽ ലഭ്യമല്ലെന്ന് അറ്റകുറ്റപ്പണി നടത്തുന്ന കമ്പനി തന്നെ അധികൃതരെ അറിയിച്ചിരുന്നു. കാറ്റോ തിരമാലയോ ഉള്ളപ്പോൾ ബോട്ട് നിയന്ത്രിക്കാൻ ബുദ്ധിമുട്ടാണെന്നും പലപ്പോഴും സ്പീഡ് ബോട്ടിന്റെ സഹായം തേടേണ്ടി വരുന്നുണ്ടെന്നും ഉദ്യോഗസ്ഥർ മുന്നറിയിപ്പ് നൽകിയിരുന്നു.

മുന്നറിയിപ്പ് അവഗണിച്ച് സർവീസ് തുടർന്ന 'മൈക്കൽ സുത' എന്ന ബോട്ടാണ് ഏപ്രിൽ 30ന് അപകടത്തിൽപ്പെട്ടത്. പെട്ടെന്നുണ്ടായ ചുഴലിക്കാറ്റിൽപ്പെട്ട് ബോട്ട് മറിയുകയായിരുന്നു. തമിഴ്‌നാട്ടിൽ നിന്നും ഡൽഹിയിൽ നിന്നും എത്തിയ സഞ്ചാരികൾ ഉൾപ്പെടെ 13 പേരാണ് ദുരന്തത്തിൽ മരിച്ചത്.

അപകടസമയത്ത് ബോട്ട് നിയന്ത്രിക്കാൻ ജീവനക്കാർ പ്രയാസപ്പെട്ടതായും ലൈഫ് ജാക്കറ്റുകൾ വിതരണം ചെയ്യുന്നതിൽ ആശയക്കുഴപ്പമുണ്ടായതായും അതിജീവിച്ചവർ ആരോപിച്ചു. കാലാവസ്ഥാ വ്യതിയാനമാണ് അപകടകാരണമെന്നാണ് സർക്കാർ ആദ്യം പറഞ്ഞിരുന്നതെങ്കിലും, സാങ്കേതിക തകരാറുകൾ മുമ്പേ അറിഞ്ഞിട്ടും അധികൃതർ ബോട്ട് വെള്ളത്തിലിറക്കിയത് വലിയ കുറ്റമാണെന്ന് ഇതോടെ വ്യക്തമായിരിക്കുകയാണ്. നിലവിൽ മധ്യപ്രദേശിലെ സമാനമായ എല്ലാ ക്രൂയിസ് സർവീസുകളും സർക്കാർ നിർത്തിവെച്ചിരിക്കുകയാണ്. അപകടത്തെക്കുറിച്ച് ഉന്നതതല അന്വേഷണത്തിനും ഉത്തരവിട്ടിട്ടുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Madhya PradeshJudicial Probenegligenceboat tragedy
News Summary - Two months before Narmada cruise tragedy, MP government got a warning
Next Story