റെയിൽവേ സ്റ്റേഷനിൽ പാക് പതാക, ചുവരിൽ 'ഹിന്ദുസ്ഥാൻ മൂർദാബാദ്' എഴുതാനും പദ്ധതിയിട്ടു; രണ്ട് ഹിന്ദുത്വ സംഘടനാ പ്രവർത്തകർ അറസ്റ്റിൽ
text_fieldsകൊൽക്കത്ത: പശ്ചിമ ബംഗാളിലെ റെയിൽവേ സ്റ്റേഷനിൽ പാകിസ്താൻ പതാക സ്ഥാപിച്ച് വിദ്വേഷം വളർത്താൻ നീക്കം നടത്തിയ രണ്ട് സംഘ്പരിവാർ അനുകൂലികൾ അറസ്റ്റിൽ. ഹിന്ദുത്വ സംഘടനയായ സനാതനി ഏകതാ മഞ്ചിന്‍റെ പ്രവർത്തകരായ ചന്ദൻ മലകർ (30), പ്രോഗ്യാജിത് മൊണ്ടൽ (45) എന്നിവരാണ് പിടിയിലായത്.
നോർത്ത് 24 പർഗാനാസ് ജില്ലയിലെ അകയ്പൂർ റെയിൽവേ സ്റ്റേഷന് സമീപമുള്ള ശുചിമുറിയിലാണ് പാകിസ്താൻ പതാക സ്ഥാപിച്ചത്. സംഭവത്തിൽ കേസെടുത്ത് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ പിടികൂടിയത്.
പ്രദേശത്ത് വർഗീയ കലാപം സൃഷ്ടിക്കാനായിരുന്നു ശ്രമമെന്ന് പ്രതികൾ ചോദ്യം ചെയ്യലിൽ സമ്മതിച്ചു. ചുവരിൽ 'ഹിന്ദുസ്ഥാൻ മൂർദാബാദ്, പാകിസ്ഥാൻ സിന്ദാബാദ്' എന്ന് എഴുതാനും പദ്ധതിയിട്ടിരുന്നതായി ഇവർ പറഞ്ഞു. സനാതനി ഏകതാ മഞ്ച് അംഗങ്ങളായ ഇരുവരും 'ഒരു രാഷ്ട്രീയ പാർട്ടിയുടെ' സജീവ പ്രവർത്തകരാണെന്നാണ് പൊലീസ് അറിയിച്ചത്. ഏത് പാർട്ടിയാണെന്ന് പേരെടുത്ത് പറയാൻ പൊലീസ് തയാറായില്ല.
വർഗീയ വിദ്വേഷം സൃഷ്ടിക്കാനുള്ള ഏതൊരു നീക്കത്തെയും തടയുമെന്ന് ബംഗാൾ പൊലീസ് സമൂഹമാധ്യമങ്ങളിലൂടെ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

