കർണാടകയിൽ പഞ്ചസാര ഫാക്ടറിയിൽ ബോയിലർ പൊട്ടിത്തെറിച്ചു; രണ്ട് മരണം
text_fieldsബെലഗാവി: കർണാടകയിലെ ബെലഗാവി ജില്ലയിലെ പഞ്ചസാര ഫാക്ടറിയിൽ ബോയിലർ പൊട്ടിത്തെറിച്ച് രണ്ട് തൊഴിലാളികൾ മരിച്ചു. എട്ട് പേർക്ക് പരിക്കേറ്റിട്ടുണ്ടെന്നാണ് പൊലീസ് അറിയിച്ചത്. മരകുമ്പി ഗ്രാമത്തിലെ ഇനാംദാർ പഞ്ചസാര ഫാക്ടറിയിലാണ് പൊട്ടിത്തെറി നടന്നത്. ഉച്ചക്ക് രണ്ട് മണിയോടെയായിരുന്നു സംഭവം.
അപകടത്തിൽ പരിക്കേറ്റ നാല് പേരുടെ നില ഗുരുതരമാണെന്ന് ബെലഗാവി റൂറൽ ജില്ല സൂപ്രണ്ട് കെ. രാമരാജൻ പറഞ്ഞു. പരിക്കേറ്റ എല്ലാവരെയും ചികിത്സക്കായി ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. പരിക്കേറ്റ ഒരു തൊഴിലാളിയെ ബെയ്ൽഹോങ്കൽ ആശുപത്രിയിലേക്കും ബാക്കിയുള്ളവരെ ബെലഗാവിയിലെ ആശുപത്രികളിലേക്കുമാണ് കൊണ്ടുപോയത്. പൊട്ടിത്തെറിയുടെ കാരണം അധികൃതർ വിലയിരുത്തിയതിനാൽ കൂടുതൽ വിവരങ്ങൾക്കായി കാത്തിരിക്കുകയാണെന്ന് പൊലീസ് പറഞ്ഞു.
ബോയിലറിന്‍റെ വാൽവ് നന്നാക്കുന്നതിനിടെയാണ് പൊട്ടിത്തെറി ഉണ്ടായതെന്നാണ് വിവരം. അപകടത്തിന്റെ കൃത്യമായ കാരണം കണ്ടെത്താൻ അന്വേഷണം ആരംഭിച്ചതായി പൊലീസ് പറഞ്ഞു. എന്തെങ്കിലും സാങ്കേതിക പിഴവോ അശ്രദ്ധയോ ഉണ്ടായിട്ടുണ്ടോ എന്ന് പരിശോധിച്ചുവരികയാണെന്നും അന്വേഷണത്തിന്റെ കണ്ടെത്തലുകളുടെ അടിസ്ഥാനത്തിൽ തുടർനടപടികൾ സ്വീകരിക്കുമെന്നും പൊലീസ് അറിയിച്ചു. അതേസമയം മുൻകരുതൽ എന്ന നിലയിൽ ഫാക്ടറി പ്രവർത്തനങ്ങൾ നിർത്തിവെച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

