മധ‍്യപ്രദേശിൽ കാറിലേക്ക് ട്രക്ക് ഇടിച്ച് കയറി രണ്ട് മരണം
text_fieldsജബൽപൂർ: മധ്യപ്രദേശിലെ ജബൽപൂർ ജില്ലയിൽ ട്രക്ക് കാറിലേക്ക് ഇടിച്ചു കയറി രണ്ട് പേർക്ക് ദാരുണാന്ത‍്യം. ശനിയാഴ്ച വൈകുന്നേരമാണ് സംഭവം. ജബൽപൂരിൽ നിന്നും 30 കിലോമീറ്റർ അകലെയുള്ള ബറേല ടൗണിലെ ശാരദാ ക്ഷേത്രത്തിന് സമീപമാണ് അപകടം നടന്നത്. അമിതവേഗതയിലെത്തിയ ഡമ്പർ ട്രക്ക് കാർ ഇടിച്ച് തെറിപ്പിക്കുകയും തുടർന്ന് കാറുമായി 500 മീറ്ററോളം മുന്നോട്ട് പോകുകയും ചെയ്തു. ഇതിനിടയിലാണ് കാറിന് തീപിടിച്ച് രണ്ട് പേർ മരിച്ചത്.
അപകടത്തിന് ശേഷവും ട്രക്ക് നിർത്താതെ കാറിനെയും വലിച്ചുകൊണ്ട് അര കിലോമീറ്ററോളം മുന്നോട്ട് പോവുകയായിരുന്നു. ഉടൻ നാട്ടുകാർ സംഭവസ്ഥലത്തെത്തിയെങ്കിലും തീ ആളിപടർന്നതിനാൽ കാറിനുള്ളിലുള്ളവരെ രക്ഷിക്കാനായില്ല. സംഭവസ്ഥലത്ത് തന്നെ രണ്ട് പേരും മരിച്ചതായി പൊലീസ് അറിയിച്ചു. പിന്നാലെ പൊലീസും ഫയർഫോഴ്സ് സംഘവും സ്ഥലത്തെത്തി തീ അണച്ച് മൃതദേഹങ്ങൾ പുറത്തെടുക്കുകയായിരുന്നു. മൃതദേഹങ്ങൾ പൂർണ്ണമായും കത്തിയതിനാൽ മരിച്ചവരെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. `മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടം പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്. ഇവരെ തിരിച്ചറിയാനുള്ള ശ്രമങ്ങൾ നടന്നുവരികയാണ്' പൊലീസ് ഉദ്യോഗസ്ഥർ വ്യക്തമാക്കി.
തീപിടുത്തത്തിൽ കാർ പൂർണ്ണമായും കത്തിയിട്ടുണ്ട്. വാഹനത്തിന്റെ ഉടമയെ കണ്ടെത്താനായി അന്വേഷണസംഘം കാർ പരിശോധിച്ചുവരികയാണ്. പ്രാഥമിക കണ്ടെത്തലുകൾ പ്രകാരം അപകടത്തിന് പിന്നാലെ ട്രക്ക് ഡ്രൈവർ ഓടി രക്ഷപ്പെട്ടതായാണ് പ്രാഥമിക വിവരം. ഇയാൾക്കായി പൊലീസ് തിരച്ചിൽ ആരംഭിച്ചിട്ടുണ്ട്. `ട്രക്ക് തിരിച്ചറിഞ്ഞു ഡ്രൈവറെ കണ്ടെത്താനായി പ്രത്യേക സംഘങ്ങളെ നിയോഗിച്ചിട്ടുണ്ട്. കൂടുതൽ അന്വേഷണം പുരോഗമിക്കുകയാണ്' ഉദ്യോഗസ്ഥൻ കൂട്ടിച്ചേർത്തു. അപകടത്തിന് പിന്നാലെ സ്ഥലത്ത് ജനങ്ങൾ തടിച്ചുകൂടിയതിനാൽ ഹൈവേയിൽ ഗതാഗതം നിശ്ചലമായിരുന്നു. പിന്നീട് പൊലീസ് എത്തി അപകടത്തിൽപ്പെട്ട വാഹനങ്ങൾ റോഡിൽ നിന്ന് മാറ്റിയ ശേഷമാണ് ഗതാഗതം പുനഃസ്ഥാപിച്ചത്. വിശദമായ അന്വേഷണത്തിന് ശേഷം മാത്രമേ അപകടത്തിന്റെ കൃത്യമായ കാരണം വ്യക്തമാകൂ എന്ന് പൊലീസ് അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

