സിദ്ധരാമയ്യക്കു നേരെ മുട്ടയേറും സാമുദായിക സംഘർഷ ശ്രമവും; രണ്ടു ഹിന്ദുത്വപ്രവർത്തകരെ നാടുകടത്തുന്നു
text_fieldsബംഗളൂരു: പ്രതിപക്ഷനേതാവും മുൻ മുഖ്യമന്ത്രിയുമായ സിദ്ധരാമയ്യക്കുനേരെ മുട്ടയെറിഞ്ഞ കേസിലെ പ്രതിയുൾപ്പെടെ രണ്ടു ഹിന്ദുത്വ സംഘടനാ പ്രവർത്തകരെ നാടുകടത്താനുള്ള നീക്കവുമായി കുടക് ജില്ല ഭരണകൂടം.ഹിന്ദു ജാഗരൺ ഫോറം പ്രവർത്തകനും മടിക്കേരി മുനിസിപ്പൽ കൗൺസിൽ അംഗവുമായ കാവൻ കാവേരപ്പ, ബജ്‌റംഗ്‌ദൾ നേതാവ് വിനയ് കുമാർ എന്നിവർക്കെതിരെയാണ് നടപടി.
സാമുദായിക സംഘർഷം ഉണ്ടാക്കിയെന്നതടക്കമുള്ള കേസുകളിലെ പ്രതികളാണിവർ. 2022 ആഗസ്റ്റിൽ മടിക്കേരിയിൽ സന്ദർശനത്തിനെത്തിയപ്പോഴാണ് സിദ്ധരാമയ്യക്കെതിരെ കാവേരപ്പ മുട്ടയെറിഞ്ഞത്.നാടുകടത്താതിരിക്കാൻ കാരണമുണ്ടെങ്കിൽ അത് നേരിട്ടെത്തി ബോധിപ്പിക്കണമെന്ന് അസിസ്റ്റന്‍റ് കമീഷണർ യതീഷ് ഉല്ലാഹ് ഇവർക്ക് നോട്ടീസ് നൽകി. കുടക് ജില്ല പൊലീസ് മേധാവിയുടെ അഭ്യർഥനയെത്തുടർന്നാണ് നടപടികൾ.
മടിക്കേരി ടൗൺ പൊലീസിൽ കാവേരപ്പയുടെ പേരിൽ രജിസ്റ്റർചെയ്ത രണ്ടു കേസുകളിൽ ഒന്നിൽ കോടതി കുറ്റമുക്തനാക്കിയിരുന്നു. മറ്റൊരു കേസിൽ വിചാരണനടപടികൾ പുരോഗമിക്കുകയാണ്. സാമുദായിക സംഘർഷമുണ്ടാക്കിയെന്ന പേരിൽ അഞ്ചു കേസുകളാണ് വിനയ്‌യുടെ പേരിലുള്ളത്.
ഇതിൽ മൂന്നു കേസുകളിൽ കുറ്റമുക്തനാക്കപ്പെട്ടു. ശേഷിക്കുന്ന രണ്ടു കേസുകളിൽ വിചാരണനടപടികൾ പുരോഗമിക്കുകയാണ്. അതേസമയം, നാടുകടത്താനുള്ള നീക്കത്തിൽ പ്രതിഷേധവുമായി കുടക് ജില്ല ജാഗരൺ ഫോറം രംഗത്തുവന്നു. ജില്ല ഭരണകൂടത്തിന്‍റെ നീക്കത്തെ മറ്റു സംഘടനകളുമായി ചേർന്ന് എതിർക്കുമെന്ന് ഫോറം ജില്ല കോഓഡിനേറ്റർ കുക്കേര അജിത് പറഞ്ഞു.