ഇന്ത്യ വിടാൻ രണ്ടു ദിവസം മാത്രം; നടൻ ഇമ്രാൻ ഖാന്റെ ഹരജി നാളെ പരിഗണിക്കും
text_fieldsമുംബൈ: ഫോറിനേഴ്സ് റീജിയണൽ രജിസ്ട്രേഷൻ ഓഫീസ് പുറപ്പെടുവിച്ച 'ലീവ് ഇന്ത്യ' നോട്ടീസിനെതിരെ നടൻ ഇമ്രാൻ ഖാൻ സമർപ്പിച്ച ഹരജി ചൊവ്വാഴ്ചത്തേക്ക് മാറ്റി ബോംബെ ഹൈകോടതി. ചീഫ് ജസ്റ്റിസ് മഹേഷ് ചന്ദ്ര ത്രിപാഠി, അദ്വൈത് എം. സേത്ന എന്നിവരടങ്ങിയ ബെഞ്ചാണ് കേസ് കേൾക്കുക. സോളിസിറ്റർ ജനറൽ തുഷാർ മേത്തയുമായി സംസാരിച്ച ശേഷം ഇമ്രാൻ ഖാന് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ വെങ്കിടേഷ് ധോണ്ട് സമയം നീട്ടിനൽകണമെന്ന് ആവശ്യപ്പെട്ടതിനെ തുടർന്നാണ് വിചാരണ നാളത്തേക്ക് മാറ്റിയത്. എന്നാൽ എഫ്.ആർ.ആർ.ഒ നോട്ടീസ് പ്രകാരം രാജ്യത്തുനിന്ന് പുറത്തുപോകാൻ ഇമ്രാൻ ഖാന് ഇനി രണ്ട് ദിവസത്തെ സാവകാശം മാത്രമാണ് ശേഷിക്കുന്നത്.
ഒക്ടോബർ 10ന് മുംബൈയിൽ മുഖ്യ തെരഞ്ഞെടുപ്പ് കമീഷണർ ഗ്യാനേഷ് കുമാറിനെതിരെ നടന്ന പ്രതിഷേധത്തിൽ പങ്കെടുത്തതിനാണ് ഇമ്രാൻ ഖാന് എഫ്.ആർ.ആർ.ഒ ലീവ് ഇന്ത്യ നോട്ടീസ് അയച്ചത്. പ്രതിഷേധ സ്ഥലത്തുനിന്ന് അദ്ദേഹത്തെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ഇമിഗ്രേഷൻ ആൻഡ് ഫോറിനേഴ്സ് ആക്ട് 2025 ലംഘിച്ച് പ്രക്ഷോഭത്തിൽ പങ്കെടുത്തു എന്ന് ആരോപിച്ച് ഒക്ടോബർ 14നാണ് നോട്ടീസ് അയച്ചത്. തുടർന്ന് ഒക്ടോബർ 17ന് ഇമ്രാൻ ഖാന്റെ ഒ.സി.ഐ കാർഡ് റദ്ദാക്കുമെന്നും കാണിച്ച് കാരണം കാണിക്കൽ നോട്ടീസ് നൽകി. ബി.ജെ.പി നേതാവ് കിരിത് സോമയ്യ നൽകിയ പരാതിയുടെയും പൊലീസ് നൽകിയ തെളിവില്ലാത്ത എഫ്.ഐ.ആറിന്റെയും അടിസ്ഥാനത്തിലാണ് ഈ നടപടിയെന്ന് ഇമ്രാൻ ഖാന്റെ അഭിഭാഷകർ ചൂണ്ടിക്കാട്ടി.
രണ്ട് വയസ്സ് മുതൽ ഇന്ത്യയിൽ ജീവിക്കുന്ന വ്യക്തിയാണെന്നും തനിക്കെതിരെ മറ്റ് ക്രിമിനൽ പശ്ചാത്തലങ്ങൾ ഒന്നുമില്ലെന്നും ചൂണ്ടിക്കാട്ടിയാണ് ഇമ്രാൻ ഖാൻ ഹൈകോടതിയെ സമീപിച്ചത്. എഫ്.ആർ.ആർ.ഒയുടെ നടപടി ഭരണഘടനാ വിരുദ്ധവും അനിയന്ത്രിതവുമാണെന്ന് അദ്ദേഹം ഹരജിയിൽ വ്യക്തമാക്കി. നോട്ടീസ് പൂർണമായും റദ്ദാക്കണമെന്നും നാടുകടത്തൽ അടക്കമുള്ള കടുത്ത നടപടികളിൽ നിന്ന് തനിക്ക് ഇടക്കാല സംരക്ഷണം നൽകണമെന്നും അദ്ദേഹം കോടതിയോട് ആവശ്യപ്പെട്ടിട്ടുണ്ട്.

