ഇന്ത്യ-പാക് അതിർത്തിയിൽ രണ്ട് പൊലീസ് ഉദ്യോഗസ്ഥർ വെടിയേറ്റ് മരിച്ച നിലയിൽ
text_fieldsചണ്ഡീഗഡ്: പഞ്ചാബിലെ ഗുരുദാസ്പൂർ ജില്ലയിലെ രണ്ട് പൊലീസ് ഉദ്യോഗസ്ഥരെ വെടിയേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. ഇന്ത്യ-പാകിസ്താൻ അതിർത്തിയിലെ സെൻസിറ്റീവ് സെക്ടറിൽ സ്ഥിതി ചെയ്യുന്ന ഡോറംഗ്ല ഔട്ട്‌പോസ്റ്റിൽ നിയമിക്കപ്പെട്ടിരുന്ന അസിസ്റ്റന്റ് സബ് ഇൻസ്‌പെക്ടറും സ്റ്റേഷൻ ഹൗസ് ഓഫിസറുമായ (എസ്.എച്ച്.ഒ) ഗുർനാം സിങ്, ഹോം ഗാർഡ് ഉദ്യോഗസ്ഥനായ അശോക് കുമാർ എന്നിവരാണ് മരിച്ചത്. സംഭവത്തിനു പിന്നാലെ അതിർത്തിയിൽ ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്.
ശനിയാഴ്ച രാത്രി ഒരു മണിയോടെയാണ് സംഭവം നടന്നതെന്ന് പൊലീസ് പറഞ്ഞു. വെടിയേറ്റ നിലയിൽ ഔട്ട്‌പോസ്റ്റിലെ ഒരു മുറിയിലാണ് രണ്ട് ഉദ്യോഗസ്ഥരെയും കണ്ടെത്തിയത്. ഡ്യൂട്ടിയിലിരിക്കെയുണ്ടായ രൂക്ഷമായ വാക്കുതർക്കത്തെ തുടർന്ന് പരസ്പരം വെടിയുതിർക്കുകയായിരുന്നുവെന്നാണ് റിപ്പോർട്ടുകൾ. എന്നാൽ സംഭവത്തിലേക്ക് നയിച്ച സാഹചര്യങ്ങൾ നിർണയിക്കാൻ അന്വേഷണം പുരോഗമിക്കുകയാണെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. ഉദ്യോഗസ്ഥരെ അജ്ഞാതർ വെടിവച്ചു കൊലപ്പെടുത്തിയതാണെന്നും റിപ്പോർട്ടുണ്ട്.
പഞ്ചാബ് പൊലീസ് അതിർത്തി സുരക്ഷ സേനയുമായി ഏകോപിപ്പിച്ചാണ് ഇവിടെ പ്രവർത്തിക്കുന്നത്. ഇന്ത്യ-പാക് അതിർത്തിയിൽ നിന്ന് ഏകദേശം രണ്ട് കിലോമീറ്റർ അകലെയാണ് ഔട്ട്‌പോസ്റ്റ് സ്ഥിതി ചെയ്യുന്നത്. രണ്ട് ഉദ്യോഗസ്ഥർക്ക് വെടിയേറ്റതായി രാവിലെ വിവരം ലഭിച്ചതായി ഗുരുദാസ്പൂർ എസ്.എസ്.പി ആദിത്യ അറിയിച്ചു. കുറ്റകൃത്യം നടന്ന സ്ഥലം പൊലീസ് വളഞ്ഞിട്ടുണ്ട്. സാങ്കേതിക, ഫോറൻസിക് സംഘങ്ങളും സ്ഥലത്തെത്തി പരിശോധന നടത്തുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

