ഭൂമി തർക്കത്തെ തുടർന്ന് ദലിത് സഹോദരങ്ങളെ മർദിച്ച് കൊലപ്പെടുത്തി
text_fieldsഅഹമ്മദാബാദ്: ഗുജറാത്തിലെ സുരേന്ദ്രനഗർ ജില്ലയിൽ ഭൂമി തർക്കത്തെ തുടർന്ന് ഇരുപതോളം പേരടങ്ങുന്ന സംഘം രണ്ട് പേരെ കൊലപ്പെടുത്തി. കൊല്ലപ്പെട്ടവർ ദലിത് വിഭാഗത്തിൽ നിന്നുള്ള സഹോദരങ്ങളാണെന്നും ജില്ലയിലെ സമാധിയാല ഗ്രാമത്തിൽ താമസിക്കുന്നവരാണെന്നും സുരേന്ദ്രനഗർ പൊലീസ് സൂപ്രണ്ട് ഹരേഷ് ദൂദത്ത് പറഞ്ഞു.
ബുധനാഴ്ച വൈകുന്നേരമാണ് ഒരു സംഘമാളുകൾ മൂർച്ചയേറിയ ആയുധങ്ങൾ ഉപയോഗിച്ച് സഹോദരന്മാരായ അൽജി പർമറിനേയും, മനുഭായ് പർമറിനേയും ആക്രമിച്ചത്. ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ സഹോദരങ്ങളെ ജില്ല ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരിച്ചു.
അക്രമികൾ കതി-ദർബാർ സമുദായത്തിൽ നിന്നുള്ളവരാണ്. സഹോദരന്മാരെ സഹായിക്കാൻ ശ്രമിച്ച ദലിത് വിഭാഗത്തിൽപ്പെട്ട മറ്റുള്ളവരെ വടികളും ഇരുമ്പ് പൈപ്പുകളും ഉപയോഗിച്ച് മർദ്ദിച്ചതായും പൊലീസ് പറഞ്ഞു. അക്രമത്തിൽ രണ്ട് സ്ത്രീകളടക്കം ആറ് പേർക്ക് പരിക്കേറ്റു.

