കശ്മീർ യുവാവിന്റെ വിവാഹം മുടക്കാൻ യുവതിയുടെ ‘ലൗജിഹാദ്’ നാടകം
text_fieldsമംഗളൂരു: ബംഗളൂരുവിൽ സോഫ്റ്റ്‌വെയർ എഞ്ചിനീയറായ ജമ്മു കശ്മീർ സ്വദേശിയായ യുവാവിന്റെ വിവാഹം മുടക്കാൻ കർണാടക യുവതിയുടെ ലൗജിഹാദ് നാടകം. ബംഗളൂരുവിൽ ടെക്കിയായി ജോലി ചെയ്യുന്ന 37കാരിയുടെ പരാതിയിൽ ശ്രീനഗർ ജകുറയിൽ നിന്ന് മൊജീഫ് അഷ്റഫ് ബെയ്ഗിനെ(32) കർണാടക പൊലീസ് അറസ്റ്റ് ചെയ്തു കൊണ്ടുവന്ന് നടത്തിയ അന്വേഷണത്തിലാണ് നാടകം പുറത്തായത്.
ഈ മാസം 22നാണ് യുവതി പൊലീസിൽ പരാതി നൽകിയത്. ഇസ്‍ലാം മതം സ്വീകരിക്കാൻ നിർബന്ധിച്ചു, ബലാത്സംഗം ചെയ്തു, വഞ്ചന കാട്ടി തുടങ്ങിയ കാര്യങ്ങളാണ് പരാതിയിൽ ഉന്നയിച്ചത്. യുവാവിന്റെ സഹോദരൻ വധഭീഷണി മുഴക്കുന്നതായും ആരോപിച്ചു. കർണാടക പൊലീസ് പ്രത്യേക സംഘം യുവാവിനെ ജമ്മുകശ്മീരിൽ ചെന്ന് അറസ്റ്റ് ചെയ്യുകയും ചെയ്തു.
ബെയ്ഗ് തന്നെ വിവാഹം കഴിക്കാമെന്ന് വാഗ്ദാനം നൽകുകയും തങ്ങൾ ശാരീരിക ബന്ധത്തിൽ ഏർപ്പെടുകയും ചെയ്തതായി യുവതി പരാതിയിൽ പറഞ്ഞിരുന്നു. മതപരമായ ആചാരങ്ങളൊന്നുമില്ലാതെ കോടതിയിൽ വെച്ച് വിവാഹം കഴിക്കുമെന്നായിരുന്നുവത്രെ വാഗ്ദാനം. എന്നാൽ, നേരത്തെ ഇഷ്ടത്തിലായിരുന്ന പരാതിക്കാരിയും യുവാവും രണ്ട് വർഷം മുമ്പ് വേർപിരിഞ്ഞതായി അന്വേഷണത്തിൽ പൊലീസ് കണ്ടെത്തി. അടുത്തിടെ, മറ്റൊരു പെൺകുട്ടിയുമായി യുവാവിന്റെ വിവാഹനിശ്ചയം നടത്തിയിരുന്നു. ഇത് മുടക്കാനാണ് യുവതി വ്യാജ ആരോപണം ഉന്നയിച്ചതെന്ന് പൊലീസ് പറഞ്ഞു.
യുവാവിനെതിരെയുള്ള ലൗ ജിഹാദ് കുറ്റങ്ങൾ ഒഴിവാക്കിയെങ്കിലും ബലാത്സംഗം, വഞ്ചന, ഭീഷണിപ്പെടുത്തൽ എന്നീ പരാതിയിൽ അന്വേഷണം തുടരുമെന്ന് പൊലീസ് അറിയിച്ചു.