‘അവളാണ് ആസൂത്രണം ചെയ്തത്’, ‘അവനാണ് നിർബന്ധിച്ചത്’; പുണെ കൊലക്കേസിൽ പരസ്പരം പഴിചാരി പ്രതിശ്രുത വധുവും കാമുകനും
text_fieldsപുണെ: മഹാരാഷ്ട്രയിലെ ലോഹഗഡ് കോട്ടയിൽ പ്രതിശ്രുത വധുവും കാമുകനും ചേർന്ന് റിയൽ എസ്റ്റേറ്റ് വ്യവസായി കേതൻ അഗർവാളിനെ കൊലപ്പെടുത്തിയ സംഭവത്തിൽ നിർണ്ണായക വഴിത്തിരിവ്. ചോദ്യം ചെയ്യലിൽ പ്രധാന പ്രതികളായ സിയ ഗോയലും ചേതൻ ബാബുലാൽ ചൗധരിയും പേരും കുറ്റം പരസ്പരം മറ്റൊരാളുടെ തലയിൽ കെട്ടിവെക്കാൻ ശ്രമിക്കുന്നതായി പൊലീസ്.
താൻ സിയയുമായി ഒളിച്ചോടാൻ മാത്രമാണ് ആഗ്രഹിച്ചതെന്നും കൊലപാതകത്തിന് നിർബന്ധിച്ചത് സിയയാണെന്നുമാണ് ചേതൻ പൊലീസിനോട് പറഞ്ഞത്. എന്നാൽ സിയ ഇത് നിഷേധിക്കുകയും കൊലപാതകം ചേതന്റെ ആശയമായിരുന്നുവെന്നും, ജൂൺ 14ന് കേതനെ കൊലപ്പെടുത്താൻ നടത്തിയ ആദ്യ ശ്രമം പരാജയപ്പെട്ടപ്പോൾ ചേതൻ തന്റെ മുന്നിൽ വെച്ച് കരഞ്ഞതായും സിയ അവകാശപ്പെട്ടു. എന്നാൽ, ലഭിച്ച തെളിവുകൾ പ്രകാരം ഈ കൊലപാതകത്തിന്റെ സൂത്രധാര സിയ തന്നെയാണെന്നാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ നിഗമനം.
കൊലപാതകം, ക്രിമിനൽ ഗൂഢാലോചന എന്നീ കുറ്റങ്ങളാണ് ഇവർക്കെതിരെ ചുമത്തിയിരിക്കുന്നത്. ഇരുവരും ആദ്യം ഒളിച്ചോടി വിവാഹം കഴിക്കാൻ പദ്ധതിയിട്ടിരുന്നെങ്കിലും, കുടുംബത്തിന്റെ സാമൂഹിക പ്രതിച്ഛായയെ കരുതി സിയ പിന്നീട് അതിൽ നിന്ന് പിന്മാറുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
കഴിഞ്ഞ വർഷം ഒരു ദീപാവലി പാർട്ടിയിൽ വെച്ചാണ് സിയയും ചേതനും പരിചയപ്പെടുന്നത്. പിന്നീട് ഇവർ അടുപ്പത്തിലായി. ഫെബ്രുവരിയിലായിരുന്നു കേതനുമായി സിയയുടെ വിവാഹ നിശ്ചയം കഴിഞ്ഞത്. വിവാഹം വേണ്ടെന്ന് സിയ പലതവണ കേതനോട് പറഞ്ഞിരുന്നെങ്കിലും അദ്ദേഹം സമ്മതിച്ചില്ലെന്ന് പൊലീസ് പറയുന്നു. തുടർന്ന് കേതനുമായുള്ള വിവാഹനിശ്ചയം അവസാനിപ്പിക്കാൻ ഇവർ പല വഴികളും ഇവർ ആലോചിച്ചിക്കുകയായിരുന്നു.
മെയ് 31ന് സിയയും കേതനും ലോഹഗഡ് കോട്ട സന്ദർശിച്ചിരുന്നു. അന്ന് കോട്ടയുടെ അരികിൽ ഇരുന്ന കേതനെ തള്ളിയിടാൻ സിയ പദ്ധതിയിട്ടിരുന്നതായി പൊലീസ് സംശയിക്കുന്നുണ്ട്. ജൂൺ 14ന് ഇവർ നടത്തിയ മറ്റൊരു കൊലപാതക ശ്രമവും പരാജയപ്പെട്ടിരുന്നു. അന്ന് സിയ കേതനെ തള്ളിയിടാൻ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടപ്പോൾ പാമ്പിനെ കണ്ടെന്ന് പറഞ്ഞ് ബഹളമുണ്ടാക്കി സംഭവം അപകടമാണെന്ന് വരുത്തിത്തീർക്കുകയായിരുന്നു.
അതേസമയം തന്റെ മകൾ കുറ്റക്കാരിയാണെങ്കിൽ അവൾക്ക് ഏറ്റവും കടുത്ത ശിക്ഷ നൽകണമെന്ന് സിയയുടെ അമ്മ പൂജ ഗോയൽ പറഞ്ഞു. ‘കേതനെ എവിടെ നിന്നാണോ തള്ളിയിട്ടത്, അവിടെ നിന്ന് തന്നെ എന്റെ മകളെയും തള്ളിയിടണം. തെറ്റ് ആര് ചെയ്താലും അവർ ശിക്ഷിക്കപ്പെടണം,’ പൂജ ഗോയൽ മാധ്യമങ്ങളോട് പറഞ്ഞു. സിയയുടെ പിതാവ് പ്രവീൺ ഗോയലും സമാനമായ നിലപാടാണ് സ്വീകരിച്ചത്. തങ്ങൾക്ക് ചേതനെക്കുറിച്ച് യാതൊരു അറിവുമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ജൂൺ 29 വരെ ഇരുവരും പൊലീസ് കസ്റ്റഡിയിലായിരിക്കും.
ട്രെക്കിങ്ങിനിടെ സെൽഫി എടുക്കുന്നതിനിടെ കൊക്കയിലേക്ക് വീണാണ് കേതൻ മരിച്ചതെന്നാണ് പൊലീസും കുടുംബാംഗങ്ങളും ആദ്യം കരുതിയത്. പിന്നീട് ബന്ധുക്കളുടെ സംശയത്തെ തുടർന്ന് പൊലീസ് നടത്തിയ വിശദമായ അന്വേഷണത്തിലാണ് കൊലപാതകം തെളിഞ്ഞത്. മൂന്ന് മണിക്കൂർ നീണ്ട തിരച്ചിലിന് ശേഷമാണ് കേതന്റെ മൃതദേഹം മലയിടുക്കിൽ നിന്ന് കണ്ടെടുത്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

