സ്ത്രീധന പീഡനവും ആത്മഹത്യാ പ്രേരണയും:ട്വിഷ ശർമയുടെ മരണത്തിൽ ഭർത്താവിനും മുൻ ജഡ്ജിയായ ഭർതൃമാതാവിനുമെതിരെ സി.ബി.ഐ കുറ്റപത്രം
text_fieldsഭോപ്പാൽ: മുൻ മോഡലും നടിയുമായ ട്വിഷ ശർമയുടെ മരണത്തിൽ ഭർത്താവിനും മുൻ ജഡ്ജിയായ ഭർതൃമാതാവിനുമെതിരെ സി.ബി.ഐ കുറ്റപത്രം സമർപ്പിച്ചു. സ്ത്രീധന പീഡനം, ഗാർഹിക പീഡനം, ആത്മഹത്യാ പ്രേരണ തുടങ്ങിയ ഗുരുതരമായ കുറ്റങ്ങളാണ് മുൻ ജഡ്ജി ഗിരിബാല സിങ്ങിനും ട്വിഷയുടെ ഭർത്താവ് സമർത്ഥ് സിങ്ങിനുമെതിരെ ചുമത്തിയിരിക്കുന്നത്. 636 പേജുള്ള കുറ്റപത്രമാണ് സി.ബി.ഐ കോടതിയിൽ സമർപ്പിച്ചിരിക്കുന്നത്.
മുൻ മിസ് പൂനെയും നടിയുമായ നോയിഡ സ്വദേശിനി ട്വിഷ ശർമ്മയെ വിവാഹം കഴിഞ്ഞ് ആറ് മാസം തികയുന്നതിന് മുമ്പാണ് ഭോപ്പാലിലെ ഭർത്തൃഗൃഹത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. വിവാഹശേഷം കടുത്ത മാനസികവും ശാരീരികവുമായ പീഡനങ്ങളാണ് ട്വിഷ നേരിടേണ്ടി വന്നിരുന്നതെന്ന് കുടുംബം ആരോപിച്ചിരുന്നു. പ്രതികൾ തങ്ങളുടെ സ്വാധീനവും അധികാരവും ഉപയോഗിച്ച് കേസിൽ തെളിവുകൾ നശിപ്പിക്കാൻ ശ്രമിച്ചതായും അവർ പരാതിപ്പെട്ടു.
എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തതിനെത്തുടർന്ന് ഒളിവിൽ പോയ സമർത്ഥ് സിങ്ങിനെ മെയ് 22-ന് ജബൽപൂരിൽ നിന്നാണ് പിടികൂടിയത്. തുടർന്ന് സുപ്രീം കോടതി സ്വമേധയാ ഇടപെടുകയും മധ്യപ്രദേശ് സർക്കാർ സി.ബി.ഐ അന്വേഷണത്തിന് ശുപാർശ ചെയ്യുകയും ചെയ്തതോടെയാണ് കേസിന്റെ അന്വേഷണച്ചുമതല സി.ബി.ഐ ഏറ്റെടുത്തത്. സമർത്ഥിന്റെ മൊബൈൽ ഫോൺ ഉപയോഗവും ഡിജിറ്റൽ തെളിവുകളും സംഭവസമയത്തെ മറ്റ് സാഹചര്യങ്ങളും ഏജൻസി വിശദമായി വിശകലനം ചെയ്തു.
പോസ്റ്റ്‌മോർട്ടം റിപ്പോർട്ടാണ് കേസിൽ നിർണായക വഴിത്തിരിവായി മാറിയത്. തൂങ്ങിമരണത്തിന് പുറമേ ട്വിഷയുടെ ശരീരത്തിൽ മറ്റ് ആറ് പരിക്കുകൾ കൂടി ഉണ്ടായിരുന്നതായി മധ്യപ്രദേശ് ഹൈകോടതിയിൽ സമർപ്പിച്ച രേഖകളിൽ ചൂണ്ടിക്കാട്ടിയിരുന്നു. ഈ പരിക്കുകളുടെ ഉറവിടം കണ്ടെത്തുന്നത് അന്വേഷണത്തിൽ നിർണ്ണായകമായി. കുടുംബത്തിന്റെ പ്രത്യേക ആവശ്യപ്രകാരം രണ്ടാമതൊരു പോസ്റ്റ്‌മോർട്ടം കൂടി നടത്തുകയും, മെഡിക്കൽ-ഫോറൻസിക് പരിശോധനകൾ കർശനമാക്കുകയും ചെയ്തിരുന്നു.
ഭാരതീയ ന്യായ സംഹിതയിലെ സ്ത്രീധന മരണവുമായി ബന്ധപ്പെട്ട സെക്ഷൻ 80(2), ഗാർഹിക പീഡനവുമായി ബന്ധപ്പെട്ട സെക്ഷൻ 85, പൊതുവായ ഉദ്ദേശ്യത്തോടെയുള്ള കുറ്റകൃത്യങ്ങൾക്ക് ബാധകമായ സെക്ഷൻ 3(5), സ്ത്രീധന നിരോധന നിയമത്തിലെ സെക്ഷൻ 3, 4 എന്നിവക്ക് പുറമെ, ആത്മഹത്യാ പ്രേരണാക്കുറ്റം ചുമത്തുന്ന സെക്ഷൻ 108 കൂടി ഉൾപ്പെടുത്തിയാണ് സി.ബി.ഐ കുറ്റപത്രം തയാറാക്കിയിരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

