ട്വിഷ ശർമയുടെ മരണം: സുപ്രീം കോടതി ഇന്ന് സ്വമേധയാ കേസ് പരിഗണിക്കും
text_fieldsഭോപ്പാൽ: ഭർതൃഗൃഹത്തിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയ മുൻ നടിയും മോഡലുമായ ട്വിഷ ശർമയുടെ (33) വേർപാടിൽ നൊമ്പരമടക്കാനാവാതെ ജന്മനാട്. നീണ്ട 12 ദിവസത്തെ നിയമപോരാട്ടങ്ങൾക്കും അനിശ്ചിതത്വങ്ങൾക്കുമൊടുവിൽ ഡൽഹി എയിംസ് സംഘത്തിന്റെ രണ്ടാമത്തെ പോസ്റ്റ്‌മോർട്ടം നടപടികളും പൂർത്തിയാക്കിയാണ് ഭൗതികശരീരം ഞായറാഴ്ച വൈകുന്നേരം ഭോപ്പാലിലെ ഭദ്ഭദ വിശ്റാം ഘട്ടിൽ സംസ്കരിച്ചത്. മരണാന്തര ചടങ്ങിൽ ട്വിഷയുടെ സഹോദരൻ മേജർ ഹർഷിത് ശർമ ചിതക്ക് തീ കൊളുത്തി.
തങ്ങളുടെ മകൾക്ക് നീതി ലഭിക്കുമെന്ന പൂർണ്ണ വിശ്വാസമുണ്ടെന്നും വിഷയത്തിൽ സ്വമേധയാ ഇടപെട്ട സുപ്രീം കോടതിയോട് ഹൃദയം നിറഞ്ഞ നന്ദിയുണ്ടെന്നും ട്വിഷയുടെ പിതാവ് നവ്നിധി ശർമ മാധ്യമങ്ങളോട് പറഞ്ഞു. മരണത്തിൽ സുപ്രീം കോടതി സ്വമേധയാ കേസെടുത്തിട്ടുണ്ട്. കേസ് ഡയറിയിലെ ക്രമക്കേടുകൾ, ലോക്കൽ പൊലീസിന്റെ അന്വേഷണത്തിലെ ഗുരുതരമായ വീഴ്ചകൾ, കേസ് അട്ടിമറിക്കാനുള്ള സ്വാധീനശ്രമങ്ങൾ എന്നിവയെക്കുറിച്ചുള്ള മാധ്യമ റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിലാണ് കോടതിയുടെ അടിയന്തര ഇടപെടൽ.
ചീഫ് ജസ്റ്റിസ് സൂര്യ കാന്ത് അധ്യക്ഷനായ, ജസ്റ്റിസ് ജോയ്മാല്യ ബാഗ്ചി, ജസ്റ്റിസ് വിപുൽ എം. പഞ്ച്വോലി എന്നിവരടങ്ങിയ മൂന്നംഗ ബെഞ്ച് കേസ് പരിഗണിക്കും. നീതിന്യായ വ്യവസ്ഥിതിയിൽ പൊതുജനങ്ങൾക്ക് വിശ്വാസം വർധിപ്പിക്കാൻ ഈ കേസ് ഒരു മാതൃകയാകുമെന്ന് കുടുംബം പ്രത്യാശ പ്രകടിപ്പിച്ചു.
നോയിഡ സ്വദേശിനിയായ ട്വിഷ ശർമ 2025 ഡിസംബറിലാണ് ഭോപ്പാൽ സ്വദേശിയായ അഭിഭാഷകൻ സമർത്ഥ് സിങ്ങിനെ വിവാഹം കഴിക്കുന്നത്. എന്നാൽ വിവാഹം കഴിഞ്ഞ് അഞ്ച് മാസം തികയും മുമ്പ് കഴിഞ്ഞ മെയ് 12നാണ് കതാരാ ഹിൽസിലെ ഭർതൃഗൃഹത്തിൽ ട്വിഷയെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തുന്നത്. ട്വിഷയുടേത് ആത്മഹത്യയല്ലെന്നും ഭർത്താവ് സമർത്ഥ് സിങ്ങും അമ്മയും റിട്ടയേർഡ് ജില്ലാ ജഡ്ജിയുമായ ഗിരിബാല സിങ്ങും ചേർന്ന് സ്ത്രീധനത്തിനായി ക്രൂരമായ മാനസിക-ശാരീരിക ഉപദ്രവങ്ങൾക്ക് ഇരയാക്കി കൊലപ്പെടുത്തിയതാണെന്നും പെൺകുട്ടിയുടെ കുടുംബം ആരോപിച്ചിരുന്നു.
കേസിൽ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യുന്നതിലുണ്ടായ അസ്വാഭാവികമായ താമസം, ആദ്യ പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിലെ അപാകതകൾ, വീടിന്റെ സി.സി.ടി.വി ദൃശ്യങ്ങൾ കൈകാര്യം ചെയ്തതിലെ ദുരൂഹതകൾ എന്നിവ ലോക്കൽ പൊലീസിന്റെ വിശ്വാസ്യതയെ പ്രതിക്കൂട്ടിലാക്കി.
പ്രാദേശിക പൊലീസ് നടത്തിയ ആദ്യ അന്വേഷണത്തിൽ വീഴ്ചയുണ്ടായെന്നും ട്വിഷയുടെ ശരീരത്തിലുണ്ടായിരുന്ന പരിക്കുകൾ അവഗണിച്ചുവെന്നും ചൂണ്ടിക്കാട്ടി കുടുംബം മധ്യപ്രദേശ് ഹൈകോടതിയെ സമീപിക്കുകയായിരുന്നു. ഒന്നാം പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിലെ പോരായ്മകൾ പരിശോധിച്ച കോടതി, എയിംസിലെ പ്രത്യേക സംഘത്തെക്കൊണ്ട് രണ്ടാമത് പോസ്റ്റ്‌മോർട്ടം നടത്താൻ ഉത്തരവിട്ടു. നടപടികൾ പൂർണ്ണമായും വിഡിയോയിൽ പകർത്താനും കോടതി നിർദേശിച്ചിരുന്നു.
ഇതേത്തുടർന്ന് ഡൽഹി എയിംസിൽ നിന്നുള്ള പ്രത്യേക മെഡിക്കൽ സംഘം ഭോപ്പാൽ എയിംസിൽ വെച്ച് മൂന്ന് മണിക്കൂറിലധികം നീണ്ട ശാസ്ത്രീയമായ പരിശോധനകൾ നടത്തി. വിശദമായ രാസപരിശോധനാ ഫലങ്ങൾ ലഭിച്ചതിന് ശേഷം മാത്രമേ അന്തിമ റിപ്പോർട്ട് തയാറാക്കുകയുള്ളൂ എന്ന് എയിംസ് ഫോറൻസിക് മേധാവി ഡോ. സുധീർ ഗുപ്ത വ്യക്തമാക്കി.
പ്രതികൾ ഉയർന്ന സ്വാധീനമുള്ളവരായതിനാൽ കേസ് അട്ടിമറിക്കാൻ സാധ്യതയുണ്ടെന്ന കുടുംബത്തിന്റെ ആവർത്തിച്ചുള്ള പരാതിയെത്തുടർന്ന് അന്വേഷണം കേന്ദ്ര അന്വേഷണ ഏജൻസിയായ സി.ബി.ഐക്ക് വിടാൻ മധ്യപ്രദേശ് സർക്കാർ കേന്ദ്രത്തോട് ഔദ്യോഗികമായി അഭ്യർത്ഥിച്ചിട്ടുണ്ട്.
സംഭവത്തിന് പിന്നാലെ ഒളിവില്‍ പോയ ട്വിഷയുടെ ഭർത്താവ് സമർഥ് സിങ്ങിനെ ജബൽപൂരിൽ നിന്ന് പൊലീസ് ഇതിനകം അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇയാളെ നിലവിൽ ഏഴു ദിവസത്തെ പൊലീസ് കസ്റ്റഡിയിൽ വിട്ടിരിക്കുകയാണ്. മുൻ ജില്ലാ ജഡ്ജിയായ ഭർതൃമാതാവ് ഗിരിബാല സിങ്ങിനെതിരെയും എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത് അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

