ദുരന്തബാധിതരെ തിരിഞ്ഞുനോക്കാതെ ടി.വി.കെ
text_fieldsചെന്നൈ: കരൂർ ആൾക്കൂട്ട ദുരന്തം നടന്ന് രണ്ടുദിവസം കഴിഞ്ഞിട്ടും നടനും തമിഴക വെട്രി കഴകം(ടി.വി.കെ) അധ്യക്ഷനുമായ വിജയ് യും മറ്റു സഹ ഭാരവാഹികളും ദുരന്തബാധിതരെ കാണാനോ ആശ്വസിപ്പിക്കാനോ വരാത്തതിൽ പ്രതിഷേധമുയരുന്നു. തന്റെ കൺമുന്നിൽ സ്ത്രീകളടക്കമുള്ള ആരാധകർ വീഴുന്നതും ഇവരെ ആംബുലൻസുകളിൽ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതറിഞ്ഞിട്ടും വിജയ് പെട്ടെന്ന് സംഭവസ്ഥലത്തുനിന്ന് തിരുച്ചി വിമാനത്താവളത്തിലെത്തി ചാർട്ടേഡ് വിമാനത്തിൽ ചെന്നൈയിലെ വസതിയിലേക്ക് പോവുകയായിരുന്നു.
അതിനിടെ ദുരന്തവുമായി ബന്ധപ്പെട്ട് പൊലീസ് രജിസ്റ്റർ ചെയ്ത കേസിലെ പ്രതികളായ ടി.വി.കെ ജനറൽ സെക്രട്ടറി പുസി ആനന്ദ്, കരൂർ വെസ്റ്റ് ജില്ല സെക്രട്ടറി വി.പി. മതിയഴകൻ എന്നിവർ ഒളിവിൽ പോയതായും റിപ്പോർട്ടുണ്ട്. ഇവരുടെ മൊബൈൽ ഫോണുകളും സ്വിച്ച് ഓഫാണ്. വിജയ് യെ പ്രതിപ്പട്ടികയിലുൾപ്പെടുത്തിയിട്ടില്ല.
മിക്ക രാഷ്ട്രീയ കക്ഷികളുടെയും നേതാക്കൾ മരിച്ചവരുടെ വീടുകൾ സന്ദർശിക്കുകയും ആശുപത്രികളിൽ ചികിത്സയിൽ കഴിയുന്നവരെ ആശ്വസിപ്പിക്കുകയും ചെയ്തു. എന്നാൽ, വിജയ് ഉൾപ്പെടെയുള്ള ടി.വി.കെ നേതാക്കൾ പ്രസ്താവനകളിറക്കുക മാത്രമാണ് ചെയ്തത്. വിജയ് ചെന്നൈയിലേക്ക് മടങ്ങുമ്പോൾ ഡി.എം.കെ അധ്യക്ഷനും മുഖ്യമന്ത്രിയുമായ എം.കെ. സ്റ്റാലിൻ പ്രത്യേക വിമാനത്തിൽ കരൂരിലെത്തുകയായിരുന്നു.
ശനിയാഴ്ച രാത്രി 12 മണിയോടെ ചെന്നൈ നീലാങ്കരയിലെ വസതിയിലെത്തിയ വിജയ് ആരെയും കാണാൻ തയാറായില്ല. സഹ ഭാരവാഹികളും അഭിഭാഷകരും ഉൾപ്പെടെയുള്ളവരുമായി വിഡിയോ കോൺഫറൻസിലൂടെയാണ് സംസാരിച്ചത്. വിജയ് യുടെ വസതിക്ക് സുരക്ഷ വർധിപ്പിച്ചിട്ടുണ്ട്. മരിച്ചവരുടെ കുടുംബങ്ങൾക്ക് 20 ലക്ഷം രൂപയും പരിക്കേറ്റവർക്ക് രണ്ടുലക്ഷം രൂപയും വിജയ് പ്രഖ്യാപിച്ചെങ്കിലും പണം കൈമാറിയിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

