കരൂർ ആൾക്കൂട്ട ദുരന്തം; ഇരകളുടെ കുടുംബാംഗങ്ങൾക്ക് മുന്നിൽ വിങ്ങിപ്പൊട്ടി മാപ്പുചോദിച്ച് വിജയ്
text_fieldsപ്രവർത്തകരെ അഭിസംബോധന ചെയ്യുന്ന ടി.വി.കെ അധ്യക്ഷൻ വിജയ് (ഫയൽ ചിത്രം)
ചെന്നൈ: കരൂരിൽ റാലിക്കിടെ തിക്കിലും തിരക്കിലുംപെട്ട് മരിച്ച 41 പേരുടെ കുടുംബങ്ങളുമായി കൂടിക്കാഴ്ച നടത്തി നടനും തമിഴക വെട്രിക്കഴകം അദ്ധ്യക്ഷനുമായ വിജയ്. ചെന്നൈക്ക് സമീപം മാമല്ലപുരം (മഹാബലിപുരം) പൂഞ്ചേരിയിലുള്ള സ്വകാര്യ കേന്ദ്രത്തിൽ വെച്ചായിരുന്നു കൂടിക്കാഴ്ച.
ഞായറാഴ്ചയോടെ പാർട്ടി ജില്ല ഭാരവാഹികളുടെ നേതൃത്വത്തിൽ കുടുംബാംഗങ്ങളെ കരൂരിൽ നിന്ന് മാമല്ലപുരത്തേക്ക് എത്തിച്ചിരുന്നു. തുടർന്ന് തിങ്കളാഴ്ച രാവിലെയോടെയാണ് വിജയ് കുടുംബാംഗങ്ങളുമായി കൂടിക്കാഴ്ച നടത്തിയത്. മാധ്യമങ്ങളടക്കമുള്ളവർക്ക് പരിപാടിയിൽ നിയന്ത്രണമേർപ്പെടുത്തിയിരുന്നു.
വിജയ് ഓരോ കുടുംബങ്ങളെയും പ്രത്യേകമായി കണ്ട് അനുശോചനമറിയിച്ചതായി കൂടിക്കാഴ്ചക്ക് പിന്നാലെ ഇരകളുടെ ബന്ധുക്കൾ പറഞ്ഞു. വീടുകളിൽ കുടുംബങ്ങളെ സന്ദർശിക്കാനാവാത്തതിൽ വിങ്ങിപ്പൊട്ടി കരഞ്ഞുകൊണ്ട് മാപ്പുചോദിച്ച വിജയ് കഴിയുന്ന എല്ലാ സഹായങ്ങളും വാഗ്ദാനം ചെയ്തു. മൂന്നുമണിക്കൂറോളം കൂടിക്കാഴ്ച നീണ്ടു.
കരൂരിൽ എത്തുന്നതിലുള്ള നിയന്ത്രണവും സുരക്ഷാ കാരണങ്ങളുമാണ് കുടുംബാംഗങ്ങളെ മാമല്ലപുരത്ത് എത്തിച്ച് കൂടിക്കാഴ്ച നടത്താൻ കാരണമെന്ന് ടി.വി.കെ നേതൃത്വം വ്യക്തമാക്കി. സെപ്റ്റംബർ 27നു രാത്രി ഏഴരയോടെ ദുരന്തമുണ്ടായ ഉടൻ വിജയ് ചെന്നൈയിലേക്ക് മടങ്ങിയത് വിവാദമായിരുന്നു.
അതേസമയം, വിജയ് കരൂരിൽ വരാതെ റിസോർട്ടിലേക്ക് വിളിപ്പിച്ചതിൽ ചില കുടുംബങ്ങൾ അതൃപ്തി പ്രകടിപ്പിച്ചു. വിജയ് പ്രഖ്യാപിച്ച 20 ലക്ഷം രൂപ മരിച്ചവരുടെ കുടുംബങ്ങളുടെ ബാങ്ക് അക്കൗണ്ടിലേക്ക് മാറ്റിയിരുന്നു.
ഇതിനിടെ, തമിഴ്നാട്ടിലെ കരൂരിൽ തമിഴക വെട്രി കഴകം നേതാവ് നടൻ വിജയിയുടെ റാലിയിലെ തിരക്കും കൂട്ട മരണവും സംബന്ധിച്ച അന്വേഷണം സി.ബി.ഐ ഏറ്റെടുത്തു. സംസ്ഥാന പൊലീസ് രജിസ്റ്റർ ചെയ്ത എഫ്.ഐ.ആറിന് പകരം പുതിയ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തു. സംഭവ സ്ഥലം സന്ദർശിച്ച് ഇരകളുടെയും കുടുംബത്തിന്റെയും മൊഴിയെടുപ്പ് തുടങ്ങിയതായും സി.ബി.ഐ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

