ടിവികെ എം.എൽ.എമാർക്കെതിരായ ആരോപണങ്ങൾ വിവാദത്തിൽ; അടിയന്തര യോഗം വിളിച്ച് വിജയ്
text_fieldsമുഖ്യമന്ത്രി വിജയ്
ചെന്നൈ: തിരുച്ചിറപ്പള്ളി ജില്ലയിലെ തുരയൂർ മണ്ഡലത്തിലെ എം.എൽ.എയും തമിഴ്നാട് നിയമസഭാ ഉപസഭാപതിയുമായ രവിശങ്കറിനെതിരായ മർദന ആരോപണവും കള്ളക്കുറിച്ചി മണ്ഡലത്തിലെ ടിവികെ എം.എൽ.എ അരുൾ വിഘ്നേഷിനെതിരായ ആരോപണങ്ങളും ചർച്ച ചെയ്യാൻ ടിവികെ എം.എൽ.എമാരെയെല്ലാം ചെന്നൈയിലേക്ക് വിളിപ്പിച്ച് മുഖ്യമന്ത്രി സി ജോസഫ് വിജയ്. നവംബർ 11ന് രാവിലെ 11ന് പനയൂരിലെ പാർട്ടി ആസ്ഥാനത്താണ് യോഗം. വിജയ്‌ക്കൊപ്പം പാർട്ടി ജനറൽ സെക്രട്ടറി എൻ. ആനന്ദും മുതിർന്ന നേതാക്കളും യോഗത്തിൽ പങ്കെടുക്കും.
തിരുച്ചിറപ്പള്ളി ജില്ലയിലെ കുടിവെള്ളക്ഷാമവും മാലിന്യപ്രശ്നങ്ങളും അറിയിക്കാനെത്തിയ കാർത്തിക് കുമാർ എന്നയാളെ രവിശങ്കർ മർദിച്ചെന്നാണ് ആരോപണം. സംഭവത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെ വിവാദം ശക്തമായി. എന്നാൽ, പിന്നീട് രവിശങ്കറിനൊപ്പം പ്രത്യക്ഷപ്പെട്ട വീഡിയോയിൽ കാർത്തിക് മർദനമുണ്ടായിട്ടില്ലെന്ന് പറയുന്നുണ്ട്. ഈ വീഡിയോ നിർബന്ധിച്ച് ചിത്രീകരിപ്പിച്ചതാണെന്നും കുടുംബത്തെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയെന്നും പിന്നീട് പുറത്തുവിട്ട മറ്റൊരു വീഡിയോയിൽ കാർത്തിക് ആരോപിച്ചു. പൊലീസ് ഉദ്യോഗസ്ഥനും തന്നെ ഭീഷണിപ്പെടുത്തിയെന്നും ഇയാൾ ആരോപിച്ചിട്ടുണ്ട്. സംഭവത്തിൽ വിവിധ രാഷ്ട്രീയ കക്ഷികൾ വിജയ് സർക്കാറിനെതിരെ വിമർശനവുമായി രംഗത്തെത്തി.
കള്ളക്കുറിച്ചി മണ്ഡലത്തിലെ ടിവികെ എം.എൽ.എ അരുൾ വിഘ്നേഷിനെതിരായ ആരോപണങ്ങളും യോഗത്തിൽ ചർച്ചയാകും. ജില്ലാ കലക്ടർ പദ്മജക്ക് അശ്ലീല സന്ദേശങ്ങൾ അയച്ചെന്നും അവരെ ശല്യം ചെയ്തെന്നും ഡി.എം.കെ നേതാവ് കനിമൊഴി രാജാത്തി കരുണാനിധി ആരോപിച്ചിരുന്നു. ഇതേത്തുടർന്ന് കലക്ടർക്ക് വ്യക്തിഗത സുരക്ഷ ഏർപ്പെടുത്തേണ്ടിവന്നുവെന്നും കനിമൊഴി പറഞ്ഞു. ഇരുവിഷയങ്ങളിലും പാർട്ടിക്കുള്ളിൽ അന്വേഷണം നടത്തി നടപടികൾ സ്വീകരിക്കുന്നതിനെക്കുറിച്ച് യോഗം ചർച്ചചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്.

