വിളക്ക് തെളിയിക്കുന്നതിനെച്ചൊല്ലി തർക്കം; എം.പിയുടെ കൈയിലെ മെഴുകുതിരി തട്ടിത്തെറിപ്പിച്ച് എം.എൽ.എ
text_fieldsതിരുച്ചിറപ്പള്ളി: തമിഴ്നാട്ടിലെ തിരുച്ചിറപ്പള്ളിയിൽ സർക്കാർ പരിപാടിക്കിടെ വിളക്ക് തെളിയിക്കുന്നതിന്റെ ക്രമത്തെച്ചൊല്ലി കോൺഗ്രസ് രാജ്യസഭാംഗവും തമിഴക വെട്രി കഴകം എം.എൽ.എയും തമ്മിൽ തർക്കം. തിരുവെരുമ്പൂർ എം.എൽ.എ നവൽപ്പട്ട് എസ്. വിജിയും കോൺഗ്രസ് രാജ്യസഭാംഗം എം. ക്രിസ്റ്റഫർ തിലകും തമ്മിലാണ് തർക്കമുണ്ടായത്. ചടങ്ങിനിടെ എം.പിയുടെ കൈയിലുണ്ടായിരുന്ന മെഴുകുതിരി എം.എൽ.എ തട്ടിത്തെറിപ്പിക്കുന്നതിന്റെ ദൃശ്യങ്ങളും പുറത്തുവന്നു.
തിരുച്ചിറപ്പള്ളിയിൽ സംയോജിത ശിശുവികസന സേവന പദ്ധതിയുടെ ഭാഗമായി സംഘടിപ്പിച്ച വളകാപ്പ് പരിപാടിയിലായിരുന്നു സംഭവം. 240 ഗർഭിണികൾ പങ്കെടുത്ത ചടങ്ങിൽ ഹിന്ദു മതകാര്യ ചാരിറ്റബിൾ എൻഡോവ്മെന്റ്സ് മന്ത്രി എസ്. രമേശ്, ജില്ലാ കലക്ടർ പ്രതീക് ദയാൽ എന്നിവരും പങ്കെടുത്തിരുന്നു.
പരിപാടിയുടെ തുടക്കത്തിൽ മന്ത്രി എസ്. രമേശാണ് ആദ്യം നിലവിളക്ക് തെളിയിച്ചത്. തുടർന്ന് ജില്ലാ കലക്ടറും ടി.വി.കെയുടെ മണപ്പാറ എം.എൽ.എ ആർ. കതിരവനും മുസിരി എം.എൽ.എ വിഗ്നേഷും വിളക്ക് തെളിയിച്ചു. തുടർന്ന് മെഴുകുതിരി കോൺഗ്രസ് എം.പി ക്രിസ്റ്റഫർ തിലകിന് കൈമാറിയപ്പോഴാണ് തർക്കമുണ്ടായത്.
പ്രോട്ടോകോൾ പാലിച്ചില്ലെന്ന് ആരോപിച്ച് നവൽപ്പട്ട് വിജി എം.പിയുടെ കൈയിൽനിന്ന് മെഴുകുതിരി പിടിച്ചെടുത്ത് താഴെയിട്ടു. തനിക്ക് ആദ്യം വിളക്ക് തെളിയിക്കാനുള്ള അവസരം നൽകേണ്ടിയിരുന്നുവെന്ന് എം.എൽ.എ പറഞ്ഞു. സംഭവത്തെ തുടർന്ന് മന്ത്രി രമേശും മറ്റ് നേതാക്കളും ഇടപെട്ട് രംഗം ശാന്തമാക്കി. പിന്നീട് മന്ത്രിയുടെ ഇടപെടലിനെ തുടർന്ന് വിജി തന്നെ വിളക്ക് തെളിയിച്ചു.
പ്രോട്ടോകോൾ പാലിക്കുന്നതുമായി ബന്ധപ്പെട്ടാണ് എം.എൽ.എ ഇടപെട്ടതെന്നും ടി.വി.കെയും കോൺഗ്രസും തമ്മിലോ സഖ്യകക്ഷികൾ തമ്മിലോ തർക്കമില്ലെന്നും മന്ത്രി എസ്. രമേശ് പറഞ്ഞു.
അതേസമയം, സംഭവത്തിനെതിരെ ഡി.എം.കെ രാജ്യസഭാംഗം പി. വിൽസൺ വിമർശനവുമായി രംഗത്തെത്തി. ന്യൂനപക്ഷ വിഭാഗത്തിൽപ്പെട്ട ഒരു എം.പിക്ക് സർക്കാർ പരിപാടിയിൽ നൽകിയ ബഹുമാനം ഇതാണോയെന്ന് അദ്ദേഹം സമൂഹമാധ്യമ പോസ്റ്റിലൂടെ ചോദിച്ചു. എം.പിയെ വിളക്ക് തെളിയിക്കുന്നതിൽ നിന്ന് തടയാൻ എം.എൽ.എക്ക് ആരാണ് അധികാരം നൽകിയതെന്നും അദ്ദേഹം ചോദിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

