Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_right‘സങ്കി മന്ത്രി’യെന്ന്...

‘സങ്കി മന്ത്രി’യെന്ന് ഉദയനിധി, ‘ബാത്ത്റൂം മന്ത്രി​’യെന്ന് ടി.വി​.കെ; തമിഴ്നാട് നിയമസഭയിൽ വാക്പോര്, അഴിമതി ഫയലുകൾ പുറത്തുവിടാൻ വെല്ലുവിളി

text_fields
bookmark_border
Udhayanidhi Stalin TVK Vijay
cancel

ചെന്നൈ: തമിഴ്നാട് നിയമസഭയിൽ ഭരണപക്ഷമായ ടി.വി.കെയും പ്രതിപക്ഷമായ ഡി.എം.കെയും തമ്മിൽ വാക്പോര്. ടി.വി.കെ നേതാവും മന്ത്രിയുമായ സി.ടി.ആർ. നിർമൽ കുമാറിനെ പ്രതിപക്ഷ നേതാവ് ഉദയനിധി സ്റ്റാലിൻ ‘സങ്കി മന്ത്രി’ എന്ന് വിളിച്ചതാണ് സഭയിൽ സംഘർഷത്തിന് കാരണമായത്. ഇതിന് മറുപടിയായി നിർമൽ കുമാർ ഉദയനിധിയെ ‘ബാത്ത്റൂം മന്ത്രി’ എന്ന് പരിഹസിച്ചു. ഉദയനിധിയുടെ അറസ്റ്റ് സംബന്ധിച്ച വിവാദത്തെ സൂചിപ്പിച്ചായിരുന്നു ഈ പരാമർശം.

അതേസമയം, മുൻ ഡി.എം.കെ സർക്കാരുമായി ബന്ധപ്പെട്ട അഴിമതി ഫയലുകൾ പരസ്യമാക്കാൻ ഉദയനിധി മുഖ്യമന്ത്രി സി. ജോസഫ് വിജയിയെ വെല്ലുവിളിച്ചു. മുൻ ഡി.എം.കെ സർക്കാരുമായി ബന്ധപ്പെട്ട അഴിമതി ആരോപണങ്ങളുടെ തെളിവുകൾ തന്റെ പക്കലുണ്ടെന്ന മുഖ്യമന്ത്രിയുടെ പരാമർശത്തിന് മറുപടിയായായിരുന്നു ഉദയനിധി സ്റ്റാലിന്റെ വെല്ലുവിളി. വെള്ളിയാഴ്ച നടന്ന സഭാ നടപടികൾക്കിടെയായിരുന്നു ഏറ്റുമുട്ടൽ.

പരസ്പര ആരോപണങ്ങൾ ശക്തമായതോടെ ഡി.എം.കെ, ടി.വി.കെ അംഗങ്ങൾ മുദ്രാവാക്യം വിളിക്കുകയും സഭാ നടപടികൾ തടസപ്പെടുകയും ചെയ്തു. പിന്നീട് നടപടികൾ പുനരാരംഭിച്ചു. നിയമസഭ ഒരു സൂപ്പർ സിംഗർ പരിപാടി ആയി മാറിയോ എന്ന് ഉദയനിധി വിമർശിച്ചു. മുൻ സർക്കാരിന്റെ ഫയലുകളെക്കുറിച്ചുള്ള മുഖ്യമന്ത്രിയുടെ പരാമർശത്തെ വിമർശിക്കുകയും ചെയ്തു. ‘നമ്മൾ നിയമസഭയിലേക്കാണോ സൂപ്പർ സിംഗർ പരിപാടിയിലേക്കാണോ വന്നതെന്ന് എനിക്കറിയില്ല’ ഉദയനിധി പറഞ്ഞു.

മുൻ ഡി.എം.കെ സർക്കാറിന്റെ കാലത്തെ റോഡ് നിർമാണവുമായി ബന്ധപ്പെട്ട ക്രമക്കേടുകളെക്കുറിച്ചുള്ള ചർച്ചക്കിടെയാണ് മുഖ്യമന്ത്രി വിജയ് ചില അഴിമതി ഫയലുകൾ തന്റെ മേശയിലുണ്ടെന്ന് പറഞ്ഞത്.

മൂന്ന് വകുപ്പുകൾ ഈ ഫയലുകൾ പരിശോധിച്ചിട്ടുണ്ടെന്നും അവയിൽ തെളിവുകളുണ്ടെന്നും വിജയ് നിയമസഭയിൽ വ്യക്തമാക്കി. എന്നാൽ ‘ഇവ പുറത്തെടുക്കാൻ നിർബന്ധിക്കരുത്’ എന്നായിരുന്നു മുഖ്യമന്ത്രിയുടെ മുന്നറിയിപ്പ്. ഉചിതമായ സമയത്ത് ഫയലുകൾ പുറത്തുവിട്ടാൽ കാര്യങ്ങൾ വ്യക്തമായി പുറത്തുവരുമെന്നും അദ്ദേഹം പറഞ്ഞു​. ഇതിന് മറുപടിയായാണ് ഉദയനിധി വെള്ളിയാഴ്ച നിയമസഭയിൽ മുഖ്യമന്ത്രിയെ വെല്ലുവിളിച്ചത്. തെളിവുണ്ടെങ്കിൽ ഫയലുകൾ പുറത്തുവിടണമെന്നും ആരോപണം ശരിയാണെങ്കിൽ ബന്ധപ്പെട്ടവർക്കെതിരെ നടപടിയെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഫയലുകൾ പുറത്തുവിടാൻ മുഖ്യമന്ത്രി ഒരു ജ്യോതിഷിയുടെ നിർദേശത്തിനായി കാത്തിരിക്കുകയാണോയെന്നും ഉദയനിധി പരിഹസിച്ചു.

നിയമസഭയിൽ നടത്തിയ പ്രസംഗത്തിനിടെ വിജയുടെ മുൻ പരാമർശങ്ങളെ പരിഹസിച്ച ഉദയനിധി, ‘ഫയലുകൾ പുറത്തെടുക്കൂ; സിനിമാ പഞ്ച് ഡയലോഗുകൾ പറയരുത്’ എന്ന തരത്തിലും വിമർശനം ഉന്നയിച്ചു. അഴിമതി സംബന്ധിച്ച് തെളിവുകൾ കൈവശമുണ്ടെങ്കിൽ സർക്കാർ നിയമപരമായ നടപടി സ്വീകരിക്കണം. ആരോപണങ്ങൾ രാഷ്ട്രീയ പ്രസംഗങ്ങളായി മാത്രം ഒതുക്കാതെ അവയുടെ രേഖകൾ പുറത്തുകൊണ്ടുവരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

നിയമസഭാ നടപടികൾക്ക് ലൈവ് കവറേജ് അനുവദിക്കാത്തതും ഉദയനിധി ചോദ്യം ചെയ്തു. നിയമസഭ തത്സമയം സംപ്രേഷണം ചെയ്യാൻ സർക്കാർ എന്തുകൊണ്ട് ധൈര്യം കാണിക്കുന്നില്ല എന്ന് മന്ത്രി ആധവ് അർജുനയെ പരാമർശിച്ച് ഉദയനിധി ചോദിച്ചു. ആളുകൾ ഇപ്പോൾ സീരിയലുകൾ കാണുന്നില്ലെന്നും നിയമസഭാ നടപടികൾ കാണുന്നുണ്ടെന്നുമുള്ള മന്ത്രി ബുസി ആനന്ദിന്റെ പരാമർശവും അദ്ദേഹം പരാമർശിച്ചു. നിയമസഭയിൽ നടക്കുന്ന ചർച്ചകൾ ജനങ്ങൾക്ക് നേരിട്ട് കാണാൻ കഴിയാത്ത സാഹചര്യത്തിൽ തിരഞ്ഞെടുത്ത വീഡിയോ ക്ലിപ്പുകൾ മാത്രം സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നതിനെക്കുറിച്ചും അദ്ദേഹം ആശങ്ക ഉന്നയിച്ചു. സ്പീക്കർ സഭാ രേഖയിൽനിന്ന് നീക്കം ചെയ്ത വാക്കുപോലും പിന്നീട് സോഷ്യൽ മീഡിയയിലെ ക്ലിപ്പുകളിൽ പ്രചരിക്കുന്നുണ്ടെന്നും ഇത്തരം വീഡിയോകളുടെ പ്രചാരണം എങ്ങനെ നിയന്ത്രിക്കുമെന്നുമായിരുന്നു ഉദയനിധിയുടെ ചോദ്യം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Tamil NaduUdhayanidhi Stalindmkctr nirmal kumarTVK Vijay
News Summary - TVK Ministers Bathroom Jab at Udhayanidhi After Sanghi Remark
Next Story