ടി.വി.കെ പ്രാദേശിക നേതാവ് ജീവനൊടുക്കി; മരണത്തിനുത്തരവാദി ഡി.എം.കെ എന്ന് 50കാരന്‍റെ ആത്മഹത്യാക്കുറിപ്പ്
text_fieldsചെന്നൈ: കരൂരിലെ ദുരന്തത്തിലും തുടർന്നുള്ള വാർത്തകളിലും പാർട്ടിക്കെതിരായ ആരോപണങ്ങളിലും മനനൊന്ത് കടുത്ത വിജയ് ആരാധകനും തമിഴക വെട്രി കഴകം (ടി.വി.കെ) പ്രവർത്തകനുമായ 50കാരൻ ജീവനൊടുക്കി. വിഴുപ്പുറം ബ്രാഞ്ച് സെക്രട്ടറി വി. അയ്യപ്പൻ എന്നയാളാണ് ജീവനൊടുക്കിയത്.
ദിവസവേതനക്കാരനായ അയ്യപ്പൻ വിജയ് ആരാധകകൂട്ടായ്മയുടെ ഭാരവാഹി ആയിരുന്നു. ഇദ്ദേഹമെഴുതിയ ആത്മഹത്യാക്കുറിപ്പ് കണ്ടെടുത്തു. ഡി.എം.കെയും ഡി.എം.കെ മന്ത്രി സെന്തിൽ ബാലാജിയുമാണ് തന്‍റെ മരണത്തിന് ഉത്തരവാദികളെന്ന് ആത്മഹത്യാക്കുറിപ്പിൽ പറയുന്നു. ബാലാജിയുടെ സമ്മർദം കാരണം കരൂരിലെ പരിപാടിക്ക് സുരക്ഷയൊരുക്കിയില്ലെന്ന് അയ്യപ്പൻ കുറിപ്പിൽ ആരോപിക്കുന്നു.
നേരത്തെ, കരൂർ ദുരന്തവുമായി ബന്ധപ്പെട്ട് ദുരൂഹതകളുണ്ടെന്നും ഡി.എം.കെ സർക്കാറാണ് സംഭവത്തിന് ഉത്തരവാദിയെന്നും അന്വേഷണം സി.ബി.ഐക്ക് കൈമാറണമെന്നും ആവശ്യപ്പെട്ട് ടി.വി.കെ മധുര ഹൈകോടതിയിൽ ഹരജി സമർപ്പിച്ചിട്ടുണ്ട്. വിജയ്‌യുടെ പ്രചാരണ വാഹനം മനഃപൂർവം വൈകിയെത്തിയതായ ആരോപണം ശരിയല്ല. വാഹനം വളരെ വേഗത്തിൽ ഓടിച്ചാൽ അപകടത്തിന് കാരണമാകുമായിരുന്നു. ജനക്കൂട്ടത്തിനിടയിൽ ആംബുലൻസുകൾ എത്തിയതും ദുരൂഹമാണ്. സുരക്ഷക്കായി 500 പൊലീസുകാരെ വിന്യസിച്ചുവെന്ന് പറയുന്നത് തെറ്റാണെന്നും ടി.വി.കെ ആരോപിക്കുന്നു.
അതേസമയം, കരൂരിൽ തിക്കിലും തിരക്കിലും 41 പേർ മരിച്ച സംഭവത്തിൽ ആദ്യ അറസ്റ്റ് രേഖപ്പെടുത്തി. ടി.വി.കെ കരൂർ വെസ്റ്റ് ജില്ല സെക്രട്ടറി മതിയഴകനെയാണ് അറസ്റ്റ് ചെയ്തത്. പരിപാടിക്ക് അനുമതി തേടി പൊലീസിൽ അപേക്ഷ നൽകിയത് ഇയാളായിരുന്നു. ദിണ്ഡിക്കലിന് സമീപം ഒളിവിൽ കഴിയുന്നതിനിടെയായിരുന്നു മതിയഴകന്റെ അറസ്റ്റ്. മനപ്പൂർവമല്ലാത്ത നരഹത്യ ഉൾപ്പെടെ അഞ്ചു വകുപ്പുകൾ പ്രകാരമാണ് ഇയാൾക്കെതിരെ കേസെടുത്തിരിക്കുന്നത്. ടി.വി.കെ ജനറൽ സെക്രട്ടറി ആനന്ദിനെയും അന്വേഷണ സംഘം ഉടൻ അറസ്റ്റ് ചെയ്തേക്കും.
കരൂർ ദുരന്തത്തിൽ പൊലീസിന്‍റെ എഫ്.ഐ.ആറിൽ ഗുരുതര ആരോപണങ്ങളാണുള്ളത്. വേദിയിലേക്ക് എത്തുന്നത് വിജയ് മനഃപൂര്‍വം വൈകിച്ചെന്ന് എഫ്.ഐ.ആറിൽ കുറ്റപ്പെടുത്തുന്നു. നിബന്ധനകള്‍ പാലിക്കാതെ സ്വീകരണ പരിപാടികള്‍ നടത്തിയെന്നും ആവശ്യത്തിന് വെള്ളമോ മെഡിക്കല്‍ സൗകര്യങ്ങളോ ഉണ്ടായിരുന്നില്ലെന്നും എഫ്.ഐ.ആറിലുണ്ട്. ‘വിജയ് നാല് മണിക്കൂര്‍ മനപ്പൂര്‍വ്വം വൈകിപ്പിച്ചു. ഇതാണ് ആളുകള്‍ തടിച്ചു കൂടാന്‍ കാരണമായത്. മണിക്കൂറുകള്‍ കാത്തിരുന്ന ആളുകള്‍ തളര്‍ന്ന് വീഴുകയായിരുന്നു. പൊലീസ് പലതവണ മുന്നറിയിപ്പ് നല്‍കിയിട്ടും സംഘാടകര്‍ ഒന്നും ചെയ്തില്ല’ -എഫ്.ഐ.ആറില്‍ പറയുന്നു.
വിജയ് കടുത്ത മാനസിക സംഘർഷത്തിലെന്ന്
തന്‍റെ റാലിയിൽ 41 പേർ മരിച്ച സംഭവത്തോടെ നടൻ വിജയ് കടുത്ത മാനസിക സംഘർഷത്തിലാണെന്ന തരത്തിൽ റിപ്പോർട്ടുകളുണ്ട്. പണയൂരിലെ വീട്ടിൽ നിന്ന് ടി.വി.കെയുടെ രണ്ടാമത്തെ ഓഫീസ് പ്രവർത്തിക്കുന്ന പട്ടണംപക്കത്തെ വീട്ടിലേക്ക് നടൻ ചൊവ്വാഴ്ച രാവിലെ താമസം മാറിയിട്ടുണ്ട്. വിജയ് അസുഖബാധിതനാണെന്നും രോഗം ഉടൻ ഭേദമാവട്ടെ എന്നും ബി.ജെ.പി നേതാവ് അമർ പ്രസാദ് ആശംസിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

