സുരക്ഷാ വലയം ഭേദിച്ച് വിജയ് ആരാധകർ; തമിഴക വെട്രി കഴകത്തിന്റെ രണ്ടാം സംസ്ഥാന സമ്മേളനത്തിൽ പങ്കെടുത്തത് ജനലക്ഷങ്ങൾ
text_fieldsമധുര: തമിഴ് സൂപ്പർ സ്റ്റാർ വിജയ് നയിക്കുന്ന തമിഴക വെട്രി കഴകത്തിന്റെ രണ്ടാം സംസ്ഥാന സമ്മേളനത്തിന് വൻ ജനാവലി. രണ്ടാം സംസ്ഥാന സമ്മേളനത്തിലേക്ക് പതിനായിരങ്ങൾ ഒഴുകിയെത്തി. ഭൂരിഭാഗവും വിജയ് ആരാധകരായ യുവജനങ്ങളായിരുന്നു. പാർട്ടി സ്വാഗതഗാനത്തിന്റെ അകമ്പടിയോടെയാണ് വിജയ് വേദിയിലെത്തിയത്. ‘മക്കളിൻ അൻപരൈ’ എന്ന് തുടങ്ങുന്ന ഈ ഗാനം ആലപിച്ചതും വിജയ് ആണ്. വിജയിയുടെ മാതാപിതാക്കളായ സംവിധായകൻ ചന്ദ്രശേഖറും ശോഭയും വേദിയിലുണ്ടായിരുന്നു.
സമ്മേളനത്തിൽ പങ്കെടുക്കാനെത്തിയ നിരവധി ആരാധകരാണ് സുരക്ഷാവലയം ഭേദിച്ച് വിജയ്‌യെ അടുത്തുകാണാൻ വേദിയോടുചേർന്നുള്ള റാമ്പിലേക്ക് എടുത്തുചാടിയത്. സുരക്ഷാ ഗാർഡുകൾ ഏറെ പണിപ്പെട്ട് വിജയ് ആരാധകരെ നിയന്ത്രിക്കാൻ ശ്രമിക്കുന്ന ദൃശ്യം സമൂഹ്യ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മധുര-തൂത്തുക്കുടി ദേശീയപാതയിൽ പ്രത്യേകം ഒരുക്കിയ മൈതാനത്താണ് ടി.വി.കെയുടെ രണ്ടാം സംസ്ഥാന സമ്മേളനം നടന്നത്. വേദിയിലേക്ക് വിജയ് വന്നത് പ്രത്യേകം തയ്യാറാക്കിയ റാമ്പിലൂടെയാണ്. ഈ റാമ്പിലേക്കാണ് ആരാധകർ ഓടിക്കയറിയത്. വിജയ് റാമ്പിലൂടെ വരുന്നതും ആരധകർ സമ്മാനിച്ച മാലകളും പൂച്ചെണ്ടുകളും ആരാധകരുടെ ഇടയിലേക്കു തന്നെ എറിഞ്ഞു കൊടുക്കുന്നതും വീഡിയോയിൽ ഉണ്ട്. സുരക്ഷാ ഗാർഡുകൾ ഏറെ പണിപ്പെട്ടാണ് വിജയ് ആരാധകരെ നിയന്ത്രിച്ചത്.
അടുത്ത വർഷം നടക്കുന്ന നിയമസഭ തെരഞ്ഞെടുപ്പിൽ തമിഴക രാഷ്ട്രീയ ചരിത്രം തിരുത്തിയെഴുതുമെന്ന് തമിഴക വെട്രി കഴകം(ടി.വി.കെ) അധ്യക്ഷൻ വിജയ് സമ്മേളനത്തിൽ സംസാരിക്കവെ പറഞ്ഞു. 1967ൽ അണ്ണാദുരൈയും 1977ൽ എം.ജി.ആറും സംസ്ഥാന ഭരണത്തിലേറിയതുപോലെ 2026ൽ തന്റെ നേതൃത്വത്തിലുള്ള സർക്കാർ അധികാരത്തിലെത്തുമെന്നും അദ്ദേഹം പറഞ്ഞു. ടി.വി.കെയുടെ പ്രത്യയശാസ്ത്രപരമായ ശത്രു ബി.ജെ.പിയും മുഖ്യ രാഷ്ട്രീയ എതിരാളി ഡി.എം.കെയുമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

