തമിഴകത്ത് ഇനി ‘ദളപതി’ഭരണം; മുഖ്യമന്ത്രിയായി നാളെ സത്യപ്രതിജ്ഞ ചെയ്യും
text_fieldsചെന്നൈ: ദ്രാവിഡ രാഷ്ട്രീയത്തിന്റെ ദിശമാറ്റിമറിച്ച തമിഴക രാഷ്ട്രീയത്തിലെ പുത്തൻ തരംഗം വിജയ്‍യുടെ സത്യപ്രതിജ്ഞ ഞായറാഴ്ച. രാവിലെ പത്തിന് ചെന്നൈ ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ നടക്കുന്ന ചടങ്ങിൽ ഗവർണർ ആർ.എൻ രവി സത്യവാചകം ചൊല്ലിക്കൊടുക്കും. വിജയ്‍ക്കൊപ്പം ഒമ്പതംഗ മന്ത്രിസഭയും ചുമതലയേൽക്കുമെന്നാണ് വിവരം.
ആഴ്ചകൾ നീണ്ട അനിശ്ചിതത്വങ്ങൾക്കും രാഷ്ട്രീയ ചർച്ചകൾക്കുമാണ് ഇതോടെ വിരാമമാകുന്നത്. നിയമസഭാ തെരഞ്ഞെടുപ്പിൽ 108 സീറ്റുകൾ നേടി ഏറ്റവും വലിയ ഒറ്റകക്ഷിയായ തമിഴക വെട്രി കഴകം (ടി.വി.കെ), കോൺഗ്രസിന്റെയും വി.സി.കെയുടെയും പിന്തുണയോടെയാണ് സർക്കാർ രൂപവത്കരിക്കുന്നത്.
കേവല ഭൂരിപക്ഷത്തിന് 118 സീറ്റുകൾ ആവശ്യമായിരുന്ന സാഹചര്യത്തിൽ, സഖ്യകക്ഷികളുമായുള്ള അഞ്ചുദിവസം നീണ്ട ചർച്ചകൾക്കൊടുവിലാണ് ഭരണത്തിലേറാൻ വഴിതെളിഞ്ഞത്.
കഴിഞ്ഞ തിങ്കളാഴ്ച തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നപ്പോൾ ഡി.എം.കെ, എ.ഐ.എ.ഡി.എം.കെ മുന്നണികളെ ഞെട്ടിച്ചുകൊണ്ടാണ് വിജയ് വൻ മുന്നേറ്റം നടത്തിയത്. ആറു പതിറ്റാണ്ടുകാലം തമിഴ് രാഷ്ട്രീയം അടക്കിവാണ ദ്രാവിഡ കക്ഷികളുടെ ദ്വിമുഖ ഭരണത്തിനാണ് ഇതോടെ അന്ത്യമായത്. രണ്ട് വർഷം മുമ്പ് മാത്രം രൂപവത്കരിച്ച ടി.വി.കെ ആദ്യ അങ്കത്തിൽ തന്നെ അധികാരം പിടിച്ചത് രാഷ്ട്രീയ നിരീക്ഷകരെയും അമ്പരപ്പിച്ചു.
ബുധനാഴ്ച ഗവർണറെ കണ്ട് വിജയ് സർക്കാർ രൂപവത്കരിക്കാൻ അവകാശവാദം ഉന്നയിച്ചിരുന്നെങ്കിലും ഭൂരിപക്ഷം തെളിയിക്കാൻ കൂടുതൽ പിന്തുണ ആവശ്യമാണെന്ന് രാജ്ഭവൻ അറിയിച്ചിരുന്നു. തുടർന്ന് വി.സി.കെയും ഐ.യു.എം.എല്ലും പിന്തുണ പ്രഖ്യാപിച്ചതോടെയാണ് വിജയ്‍യുടെ അധികാരാരോഹണം സുഗമമായത്.
തമിഴ് സിനിമാ ലോകത്തെ സൂപ്പർ താരം എന്ന പരിവേഷത്തിൽ നിന്ന് ജനനായകനിലേക്കുള്ള വിജയ്‍യുടെ മാറ്റം തമിഴ് ജനത എപ്രകാരം സ്വീകരിക്കുമെന്നാണ് ഇനി ഉറ്റുനോക്കപ്പെടുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

