വനിതാ സ്ഥാനാർഥിക്കെതിരായ അധിക്ഷേപ പരാമർശം; സ്റ്റാലിനെതിരെ പരാതിയുമായി ടി.വി.കെ വനിതാ വിഭാഗം
text_fieldsചെന്നൈ: തമിഴ്നാട് മുൻ മുഖ്യമന്ത്രിയും ഡി.എം.കെ അധ്യക്ഷനുമായ എം.കെ. സ്റ്റാലിനെതിരെ തമിഴക വെട്രി കഴകം (ടി.വി.കെ) വനിതാ വിഭാഗം പൊലീസിൽ പരാതി നൽകി. തിരുച്ചിറപ്പള്ളി നഗരത്തിലെ അഞ്ച് പൊലീസ് സ്റ്റേഷനുകളിലാണ് പരാതി സമർപ്പിച്ചത്. ശ്രീരംഗം, തില്ലൈ നഗർ, സർക്കാർ ആശുപത്രി പൊലീസ് സ്റ്റേഷൻ എന്നിവിടങ്ങളിലും പരാതികൾ ലഭിച്ചതായി പൊലീസ് അറിയിച്ചു.
ധാരാപുരം നിയമസഭാ മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ടി.വി.കെ സ്ഥാനാർഥി പി. സത്യബാമയെ കുറിച്ച് സ്റ്റാലിൻ അപകീർത്തികരവും അപമാനകരവുമായ പരാമർശങ്ങൾ നടത്തിയെന്നാണ് പരാതിയിലെ ആരോപണം. പരാതികൾ ലഭിച്ചതിന് പിന്നാലെ ബന്ധപ്പെട്ട പൊലീസ് സ്റ്റേഷനുകളിൽ പരാ രേഖപ്പെടുത്തിയതായും പൊലീസ് വ്യക്തമാക്കി.
സംഭവത്തിൽ ഡി.എം.കെ അധ്യക്ഷൻ എം.കെ. സ്റ്റാലിനെതിരെ ടി.വി.കെ അധ്യക്ഷൻ വിജയ്‌യും രൂക്ഷ വിമർശനവുമായി രംഗത്തെത്തിയിരുന്നു. ധാരാപുരം ഉപതെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ പേരിൽ നടന്ന പൊതുയോഗത്തിൽ സ്റ്റാലിൻ സത്യബാമയെ പരിഹസിക്കുകയും മര്യാദയില്ലാത്ത രീതിയിൽ സംസാരിക്കുകയും ചെയ്തെന്നാണ് വിജയ് ആരോപിച്ചത്.
സ്റ്റാലിന്റെ പ്രസംഗം ഡി.എം.കെ സ്ത്രീകളോട് പുലർത്തുന്ന സമീപനമാണ് വ്യക്തമാക്കുന്നതെന്നും വിജയ് കുറ്റപ്പെടുത്തി. സ്ത്രീകളെ കുറിച്ച് അപമാനകരമായി സംസാരിക്കുന്നത് ഡി.എം.കെ നേതൃത്വത്തിന്റെ പതിവാണെന്നും, വേദിയിൽ സ്ത്രീകൾ സമീപത്തുണ്ടായിരുന്നിട്ടും ഇത്തരം പരാമർശങ്ങൾ നടത്തിയെന്നും അദ്ദേഹം ആരോപിച്ചു.
സ്ത്രീകളെ അപമാനിക്കുന്ന തരത്തിലുള്ള പരാമർശങ്ങൾ നടത്തുന്ന ഈ ശക്തികൾക്ക് ധാരാപുരത്തെ ജനങ്ങളും തമിഴ്നാട്ടിലെ ജനങ്ങളും ഉചിതമായ മറുപടി നൽകും എന്നായിരുന്നു വിജയിയുടെ പ്രതികരണം.
അതേസമയം, തമിഴ്നാട് മന്ത്രി ആദവ് അർജുനയും സ്റ്റാലിനെതിരെ രംഗത്തെത്തി. സ്റ്റാലിന്റെ പരാമർശങ്ങളെ എല്ലാ സ്ത്രീകളും അപലപിക്കുകയാണെന്നും, ടി.വി.കെ സ്ഥാനാർഥിയോട് അദ്ദേഹം ഉടൻ മാപ്പ് പറയണമെന്നും അർജുന ആവശ്യപ്പെട്ടു. വിഷയത്തിൽ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷനിലും പരാതി നൽകിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ധാരാപുരത്ത് ടി.വി.കെയുടെ പി. സത്യബാമ ഡി.എം.കെയുടെ സുഗന്യ, എ.ഐ.എ.ഡി.എം.കെയുടെ ബാനുമതി, സി.പി.ഐയുടെ ലക്ഷ്മണൻ, നാം തമിഴർ കക്ഷിയുടെ കാർത്തിക എന്നിവർക്കെതിരെയാണ് മത്സരിക്കുന്നത്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

