കരൂർ ദുരന്തം: വിജയ് ഡൽഹിയിലേക്ക് പുറപ്പെട്ടു, സി.ബി.ഐക്ക് മുന്നിൽ ഹാജരാകും
text_fieldsവിജയ്
ചെന്നൈ: 41 പേരുടെ മരണത്തിനിടയാക്കിയ കരൂർ ദുരന്തവുമായി ബന്ധപ്പെട്ട് തമിഴക വെട്രി കഴകം (ടി.വി.കെ) അധ്യക്ഷനും നടനുമായ വിജയ് ഇന്ന് സി.ബി.ഐക്ക് മുന്നിൽ ഹാജരാകും. പാർട്ടിയിലെ മറ്റ് പ്രധാന നേതാക്കൾക്കും പഴ്സനൽ സ്റ്റാഫിനുമൊപ്പം വിജയ് ഡൽഹിയിലേക്ക് പുറപ്പെടുന്നതിന്‍റെ ദൃശ്യങ്ങൾ പുറത്തുവന്നു. കഴിഞ്ഞ സെപ്റ്റംബർ 27നാണ് വിജയ് പങ്കെടുത്ത പ്രചാരണ റാലിക്കിടെ തിക്കിലും തിരക്കിലും പെട്ട് ആളുകൾക്ക് ജീവൻനഷ്ടമായത്..
സംഭവത്തെക്കുറിച്ചുള്ള അന്വേഷണത്തിന് മദ്രാസ് ഹൈകോടതി പ്രത്യേക അന്വേഷണ സംഘത്തെ (SIT) നിയമിച്ചിരുന്നു. എന്നാൽ പിന്നീട് സുപ്രീംകോടതി അന്വേഷണം സി.ബി.ഐക്ക് കൈമാറുകയും, വിരമിച്ച സുപ്രീംകോടതി ജഡ്ജിയുടെ നേതൃത്വത്തിലുള്ള പാനൽ ഇത് നിരീക്ഷിക്കണമെന്ന് നിർദേശിക്കുകയും ചെയ്തു. കൂടുതൽ സ്വതന്ത്രവും വിശ്വസനീയവുമായ അന്വേഷണം വേണമെന്ന വാദം അംഗീകരിച്ച കോടതി, തമിഴ്‌നാട് സർക്കാർ നേരത്തെ നിയമിച്ച ഏകാംഗ കമീഷനെ റദ്ദാക്കി. വിജയ്‍യുടെ പാർട്ടിയായ ടി.വി.കെ തന്നെയായിരുന്നു സ്വതന്ത്ര അന്വേഷണം ആവശ്യപ്പെട്ട് രംഗത്തെത്തിയത്.
വിജയ് വേദിയിലെത്താൻ അമിതമായി വൈകിയതാണ് ജനക്കൂട്ടത്തെ നിയന്ത്രണാതീതമാക്കിയതെന്നും ഇതാണ് ദുരന്തത്തിന് കാരണമായതെന്നുമാണ് തമിഴ്‌നാട് പൊലീസ് ആരോപിച്ചത്. കുടിവെള്ളം, ഭക്ഷണം, ശൗചാലയം തുടങ്ങിയ പ്രാഥമിക സൗകര്യങ്ങളുടെ കുറവും ജനങ്ങളെ അക്രമാസക്തരാക്കിയെന്ന് പൊലീസ് ചൂണ്ടിക്കാട്ടി. എന്നാൽ ആരോപണങ്ങൾ നിഷേധിച്ച വിജയ്, പൊലീസ് ചുമത്തിയ കുറ്റങ്ങൾ ഡി.എം.കെയുടെ ഗൂഢാലോചനയാണെന്ന് ആരോപിച്ചു. പൊലീസിന്റെ ഭാഗത്തുനിന്നുണ്ടായ വീഴ്ചയാണ് ദുരന്തത്തിന് കാരണമെന്നും വിജയ് തിരിച്ചടിച്ചു.
വിജയ് സി.ബി.ഐക്ക് മുന്നിൽ ഹാജരാകുന്നത് അദ്ദേഹത്തിന്റെ ഏറ്റവും പുതിയ ചിത്രമായ 'ജനനായകൻ' സിനിമയെ ചൊല്ലിയുള്ള വിവാദങ്ങൾക്കിടയിലാണ്. പൊങ്കലിന് മുന്നോടിയായി റിലീസ് ചെയ്യാനിരുന്ന ചിത്രത്തിന്റെ സെൻസർ സർട്ടിഫിക്കറ്റ് വൈകുന്നത് മൂലം റിലീസ് നീണ്ടുപോവുകയാണ്. സിനിമയുടെ റിലീസ് ജനുവരി 21 വരെ മദ്രാസ് ഹൈകോടതി തടഞ്ഞിരിക്കുകയാണ്. വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി കേന്ദ്ര ഏജൻസികളെ ഉപയോഗിച്ച് വിജയ്‍യെ സമ്മർദ്ദത്തിലാക്കാനാണ് ബി.ജെ.പി ശ്രമിക്കുന്നതെന്ന് കോൺഗ്രസ് അടക്കമുള്ള പ്രതിപക്ഷ കക്ഷികൾ ആരോപിക്കുന്നു.
ഡി.എം.കെയെ തന്റെ രാഷ്ട്രീയ ശത്രു എന്നും ബി.ജെ.പിയെ ആശയപരമായ ശത്രു എന്നുമാണ് വിജയ് വിശേഷിപ്പിക്കുന്നത്. വരാനിരിക്കുന്ന തിരഞ്ഞെടുപ്പ് ഡി.എം.കെയും ടി.വി.കെയും തമ്മിലുള്ള നേരിട്ടുള്ള പോരാട്ടമാണെന്ന് അദ്ദേഹം ഉറപ്പിച്ചു പറയുന്നു. എന്നാൽ, ഡി.എം.കെ വിരുദ്ധ വോട്ടുകൾ ഭിന്നിപ്പിക്കാനും തെരഞ്ഞെടുപ്പിന് ശേഷമുള്ള രാഷ്ട്രീയ സമവാക്യങ്ങളിൽ വിജയ്‍യെ ഒപ്പം നിർത്താനും ബി.ജെ.പി ശ്രമിക്കുന്നുണ്ടെന്ന് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നു. സി.ബി.ഐ അന്വേഷണം പാർട്ടിക്ക് മേൽ രാഷ്ട്രീയ സമ്മർദ്ദം ചെലുത്തുന്നുണ്ടോ എന്ന ചോദ്യത്തിന്, നിലവിൽ കുഴപ്പങ്ങളൊന്നുമില്ലെന്നും സമ്മർദമുണ്ടായാൽ കോടതിയെ സമീപിക്കുമെന്നുമാണ് വിജയ് പ്രതികരിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

