'സ്റ്റാലിൻ സവർക്കർ 2.0'; ആർ.എസ്.എസ് യൂണിഫോമിലുള്ള എഐ ചിത്രവുമായി ഡി.എം.കെക്കെതിരെ ടി.വി.കെ
text_fieldsചെന്നൈ: ലോക്സഭാ മണ്ഡല പുനർനിർണ്ണയ ബില്ലിന് ഡിഎംകെ പിന്തുണ പ്രഖ്യാപിച്ചതിന് പിന്നാലെ, ഡി.എം.കെ നേതാവ് എം.കെ. സ്റ്റാലിനെ രൂക്ഷമായി വിമർശിച്ച് തമിഴക വെട്രി കഴകം. സ്റ്റാലിനെ 'രണ്ടാം സവർക്കർ' എന്ന് വിശേഷിപ്പിച്ച ടി.വി.കെ, ആർ.എസ്.എസ് യൂണിഫോം ധരിച്ച നിലയിലുള്ള സ്റ്റാലിന്റെ എ.ഐ ചിത്രം സമൂഹമാധ്യമമായ എക്സിൽ പങ്കുവെച്ചാണ് പരിഹാസവും വിമർശനവും കടുപ്പിച്ചത്. ദ്രാവിഡ രാഷ്ട്രീയത്തിന്റെ പാരമ്പര്യം അവകാശപ്പെടുന്ന ഡിഎംകെയുടെ പുതിയ നിലപാട് ആശയപരമായ അടിയറവാണെന്നാണ് ടി.വി.കെയുടെ പരോക്ഷ വിമർശനം.
എം.കെ. സ്റ്റാലിന്റെ അധ്യക്ഷതയിൽ ചേർന്ന നിർണ്ണായക യോഗത്തിലാണ് മണ്ഡല പുനർനിർണ്ണയ ബില്ലിനെ പിന്തുണയ്ക്കാൻ ഡി.എം.കെ തീരുമാനിച്ചത്. ലോക്സഭാ സീറ്റുകളുടെ എണ്ണത്തിൽ 50 ശതമാനം വർദ്ധനവ് വരുത്തുന്നതിനെ പാർട്ടി അംഗീകരിക്കുന്നതായി യോഗത്തിന് ശേഷം ഡി.എം.കെ എം.പി ഡി. രാജ മാധ്യമങ്ങളോട് വ്യക്തമാക്കി. തമിഴ്നാടിന്റെ പ്രാതിനിധ്യം നിലനിർത്തുന്നതിനായി സംസ്ഥാനത്തിന് 7.18 ശതമാനം സീറ്റ് അനുപാതം വേണമെന്നായിരുന്നു ഡി.എം.കെയുടെ ആവശ്യം. എന്നാൽ, സീറ്റുകളുടെ എണ്ണം 50 ശതമാനം ഉയർത്തുമ്പോൾ തമിഴ്നാടിന്റെ സീറ്റ് അനുപാതം 7.21 ശതമാനമായി വർദ്ധിക്കുമെന്നും, ഇത് സംസ്ഥാനത്തിന് ഗുണകരമാകുമെന്നുമാണ് ഡി. രാജയുടെ വിശദീകരണം.
പ്രതിപക്ഷ യോഗത്തിൽ വിള്ളലും വിട്ടുനിൽക്കലും
മണ്ഡല പുനർനിർണ്ണയ ബില്ലുമായി ബന്ധപ്പെട്ട വിഷയങ്ങൾ ചർച്ച ചെയ്യാൻ വിളിച്ചുചേർത്ത പ്രതിപക്ഷ യോഗത്തിൽ നിന്ന് ശരദ് പവാർ നയിക്കുന്ന എൻസിപി (എസ്പി) വിട്ടുനിന്നത് രാഷ്ട്രീയ വൃത്തങ്ങളിൽ ചർച്ചയായി. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുടെ വസതിയിൽ ചേർന്ന യോഗത്തിൽ ഇന്ത്യാ സഖ്യത്തിന് പുറത്തുള്ള പ്രതിപക്ഷ കക്ഷികളെയും പങ്കെടുപ്പിച്ചിരുന്നു. സമാജ്‌വാദി പാർട്ടി, സി.പി.എം, ആർ.എൽ.ഡി, സി.പി.ഐ, ആർ.എസ്പി, ആർ.ജെ.ഡി, തൃണമൂൽ കോൺഗ്രസ് എന്നിവയുടെ പ്രതിനിധികൾ യോഗത്തിൽ പങ്കെടുത്തു. ജാർഖണ്ഡ് മുക്തി മോർച്ച (ജെ.എം.എം) ഓൺലൈനായാണ് യോഗത്തിൽ ചേർന്നതെന്നാണ് വിവരം. ഡി.എം.കെ, ആം ആദ്മി പാർട്ടി, ബിജു ജനതാദൾ (ബിജെഡി) തുടങ്ങിയ പാർട്ടികൾക്കും യോഗത്തിലേക്ക് ക്ഷണമുണ്ടായിരുന്നു.
തമിഴ്നാട് രാഷ്ട്രീയത്തിലെ പുതിയ സമവാക്യങ്ങൾ
മണ്ഡല പുനർനിർണ്ണയ വിഷയത്തിൽ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾക്കിടയിലും പ്രതിപക്ഷ നിരയിലും വ്യത്യസ്ത നിലപാടുകൾ ഉയരുന്നത് ദേശീയ രാഷ്ട്രീയത്തിൽ പുതിയ ചർച്ചകൾക്ക് വഴിവെച്ചിട്ടുണ്ട്. സീറ്റ് വർദ്ധനവ് വടക്കൻ സംസ്ഥാനങ്ങൾക്ക് മേൽക്കൈ നൽകുമെന്ന ആശങ്ക ഒരു ഭാഗത്ത് ശക്തമായിരിക്കെ, കണക്കുകൾ നിരത്തി തമിഴ്നാടിന്റെ അനുപാതം കൂടുമെന്ന വാദമാണ് ഡി.എം.കെ മുന്നോട്ടുവെക്കുന്നത്. എന്നാൽ, ഈ നിലപാട് മാറ്റത്തെ രാഷ്ട്രീയ ആയുധമാക്കിയാണ് ടി.വി.കെ രംഗത്തുവന്നിരിക്കുന്നത്.
എ.ഐ ചിത്രം ഉൾപ്പെടെയുള്ള സമൂഹമാധ്യമ പ്രചാരണങ്ങളിലൂടെ ഡി.എം.കെയെ പ്രതിരോധത്തിലാക്കാൻ ടി.വി.കെ ശ്രമിക്കുമ്പോൾ, തെരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങൾക്കിടയിൽ തമിഴ്നാട്ടിലെ രാഷ്ട്രീയ പോരാട്ടം കൂടുതൽ മൂർച്ചയുള്ളതാകുകയാണ്. പ്രതിപക്ഷ ഐക്യത്തിലെ ഭിന്നതകളും ഓരോ പാർട്ടിയുടെയും തന്ത്രപരമായ നിലപാട് മാറ്റങ്ങളും വരും ദിവസങ്ങളിൽ കൂടുതൽ ചർച്ച ചെയ്യപ്പെടുമെന്നുറപ്പാണ്.

